രചന : ജസീന നാലകത്ത് ✍
അർബുദം തൊണ്ടയിൽ വളരുന്നതറിയാതെ
പല നാളുകൾ എന്നമ്മ തള്ളി നീക്കി
തടിയുള്ള ഭക്ഷണം പതിയെ ഒഴിവാക്കി
പലതായ പാനീയങ്ങളിലഭയം തേടുന്നു
മാറാതെ വേദന പിന്തുടർന്നപ്പോൾ
കണ്ടെത്തിയൊടുവിലാ നടുക്കുന്ന രോഗം
മൂന്നാം ഘട്ടമെത്തിയ രോഗത്തെ തുരത്താൻ
നെട്ടോട്ടമോടുന്നു നിരന്തരം മക്കൾ ഞങ്ങൾ
രോഗിയാണെന്നമ്മയെന്നറിഞ്ഞതും
തളരുന്നു എൻ മാനസം നിത്യവും
വീടിന്റെ വിളക്കായൊരമ്മയും തളർന്നാൽ
ഇരുൾ പടരുന്നുയെൻ ചിന്തയിൽപ്പോലും
അടുക്കളയിലേറെ ചെലവിട്ട ദിനങ്ങൾ മാറി
രോഗിയായ് മുറിയിൽ ഒതുങ്ങിക്കൂടി
മറ്റാർക്കും കൊടുക്കാത്ത അടുക്കള ഭരണം
അമ്മയെ മാറ്റി ഞാനേറ്റെടുത്തു
പൊന്നായ് പരിപാലിച്ചൊരടുക്കളയിലിന്ന്
പാത്രങ്ങളൊക്കെ അമ്മയെ തിരയുന്നു
പതിവിന്നെതിരായ് പുതിയതായെത്തിയ ഞാൻ
അറിയാതെ പലതിനും വെപ്രാളപ്പെടുന്നു
അമ്മയെ തൊട്ടറിഞ്ഞ വീടിന്നടുക്കള
പുതുമുഖം കണ്ടെന്നെ അമ്പരന്നു നോക്കുന്നു
സ്ഥലം മാറ്റി വെക്കുന്ന കലങ്ങളൊക്കെ
അപരിചിതയെ നോക്കി പുച്ഛിച്ചു ചിരിക്കുന്നു
മസാലക്കൂട്ടുകൾ പരതുന്നത് കണ്ടെന്നെ
കുപ്പിയും ഡബ്ബയും പരിഹസിക്കുന്നു
ഉള്ളിയും മുളകും ഇഞ്ചിയുമെല്ലാം
കുട്ടയിലിരുന്ന് കൊഞ്ഞനം കുത്തുന്നു
ചായ്പ്പിലെത്തിയ പുത്തൻ അതിഥിയെക്കണ്ട്
വിറക് കൊള്ളികളും ഊറിച്ചിരിക്കുന്നു
തൂണിലും തുരുമ്പിലും അമ്മ തൻ സാന്നിദ്ധ്യം
നിറഞ്ഞൊരാ കാലം ഓർമ്മയാകുന്നുവോ?
പാചകമൊരിഷ്ട കലയാണെനിക്കെങ്കിലും
പാവമെന്നമ്മയായിരുന്നതിൻ നേത്രി
വീട് മുഴുവനും നോക്കി നടത്തിയാലും
അമ്മ തൻ രോഗം ഭേദമാവട്ടെ വേഗം
കാണുവാൻ കൊതിയുണ്ട് മകളെന്ന നിലയിൽ
പെറ്റമ്മയുടെ വദനത്തിൽ വറ്റാത്ത പുഞ്ചിരി
ആരോഗ്യവതിയായെന്നമ്മ മടങ്ങി വരാൻ
കാത്തിരിക്കുന്നു പ്രാർത്ഥനയോടെയെന്നും
ഒത്തിരി ദുരിതം സഹിച്ചോരമ്മയ്ക്ക്
ഇത്തിരിപ്പോലും കരുത്തില്ല ദൈവമേയിനി
സഹനത്തിൻ പര്യായമായെന്നമ്മയിൽ നിന്നും
കദനങ്ങൾ മാറ്റി ശാന്തിയേകണേ ദൈവമേ…