രചന : സജി കണ്ണമംഗലം ✍

ടാഗിപ്പറക്കുന്ന വാക്കടുക്കേ
നീയുണ്ടോ കാവ്യാനുഭൂതിയാണ്ടു…?
ലൈയ്ക്കുകൾ കണ്ടൂ കമന്റുകണ്ടൂ
ഇക്കിളിപൂണ്ടു മുറയ്ക്കെഴുതി…!

മാരിക്കാർ കണ്ടേ വിരിക്ക പീലി
അക്ഷരക്കുഞ്ഞിനെപ്പേറ്റുനോവാൽ
വേദനിച്ചോമനിച്ചേകവേണ്ടൂ
വേർതിരിച്ചാദരിച്ചേകവേണ്ടൂ

ആയിരം വാക്കുകൾ വാറ്റിവാറ്റീ
ആയതിൽ നിന്നുള്ള സത്തെടുക്കൂ
ആയിരം നോവുകൾ നീറ്റിനീറ്റീ
ആയതിൽ നിന്നുള്ള ചാറെടുക്കൂ

മാനവും മേഘവും പൂനിലാവും
ജീവിതക്കാഴ്ചതൻ നേരെഴുത്തും
മോഹവും ഭംഗവും പാഴ്കിനാവും
വേദനിക്കുന്നവർക്കായ് ചുരത്തൂ

മാനവീയത്തിലെ സ്നേഹശബ്ദം,
മായികാലോകവും കല്പനയും
മാഞ്ഞുപോകില്ല നീ കാവ്യകന്യേ
മാനസം തന്നിലലിഞ്ഞുചേർന്നാൽ…!

സജി കണ്ണമംഗലം

By ivayana