പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വൈറ്റ്ഫീൽഡ് ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഭക്ഷ്യ നിർമാണ കമ്പനി ഉടമയുടെ പരാതിയിൽ പൊറോട്ടയെ ചപ്പാത്തി, റൊട്ടി വിഭാഗത്തിൽ അല്ല ഉൾപ്പെടുത്തിയിരിക്കുന്നതെന്നും 5% നിരക്കിൽ വരുന്ന റോട്ടി വിഭാഗത്തിൽ ഉൾപ്പെടുത്താതെ പൊറോട്ടയെ 18 ശതമാനം നികുതിയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിംഗ് വ്യക്തമാക്കി.
ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്നാണ് വാദിക്കുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉത്തരവുണ്ടായത്. ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡ്ലി, ദോശ ബാറ്റർ, പൊറോട്ട, തൈര്, പനീർ എന്നിവ തയ്യാറാക്കി വിതരണം ചെയ്യുന്ന കമ്പനിയാണ് ഐഡി ഫ്രെഷ്.
റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായും പാകം ചെയ്തതുമായ ഭക്ഷണമാണ്. അതേസമയം പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിന് മുമ്പ് വീണ്ടും ചൂടാക്കണം. അതിനാൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്നാണാ എആർആർ വ്യക്തമാക്കുന്നത്.
പൊറോട്ടയ്‌ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തില്‍ നിന്നുള്ളവര്‍ ‘ഫുഡ് ഫാസിസം’ എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. ഹോട്ടൽ ആഹാരം കഴിക്കുന്ന ശരാശരി മലയാളിയുടെ പ്രിയപ്പെട്ട ആഹാരമാണ് കേരള പൊറോട്ട. പൊറോട്ടയെ 18% ജിഎസ്ടിയിൽ ഉൾപ്പെടുത്തിയതിന് എതിരെ #HandsOffPorotta എന്ന ഹാഷ് ടാഗിൽ ഇപ്പോൾ ട്വിറ്ററിൽ പ്രതിഷേധം ശക്തമായി കൊണ്ടിരിക്കുകയാണ്.ഗോതമ്പിൽ നിന്നും ഉത്പാദിപ്പിക്കുന്ന മൈദ ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പൊറോട്ട.