രചന : അനിൽകുമാർ സി പി ✍

ഹൈദരാബാദിൽ നിന്നുള്ള ഒരു വാർത്തയാണു കുറച്ചുദിവസമായി ഉള്ളിൽ.
അൻപതു കടന്നാൽ പിന്നെ വാർദ്ധക്യത്തിന്റെ പടിക്കലെത്തി എന്നുതന്നെയാണ്. ഇനി, ബാല്യമില്ല, കൗമാരമില്ല, യൗവ്വനവും അവസാനിച്ചിരിക്കുന്നു! ഇനിയുള്ളതു ജീവിതത്തിന്റെ തീച്ചൂളയിലൂടുള്ള യാത്രയിലെ ചില പൊള്ളലുകളുടെ ഓർമശേഷിപ്പുകൾ മാത്രമാണ്. അതുകൊണ്ടാവും ആ വാർത്ത വായിച്ചുതീർന്നപ്പോൾ എന്റെ കണ്ണുകൾക്കു കാഴ്ച നഷ്ടമായത്. ആ നിമിഷം, എന്റെ അകക്കണ്ണിൽ തെന്നിമറഞ്ഞത്, അച്ഛന്റെ രൂപവും, ഭാര്യയുടെ അമ്മയായല്ല സ്വന്തം അമ്മയെപ്പോലെ ഞാൻ സ്നേഹിച്ച അമ്പിളിയുടെ അമ്മയുടെ രൂപവും ആണ്. രണ്ടുപേരും രോഗം തളർത്തിയവരായിരുന്നു. പരസഹായം ആവശ്യമുള്ളവരായിരുന്നു. രോഗത്താൽ നിസ്സഹായരും ആയിരുന്നു.

ആമുഖം നീണ്ടുപോയപ്പോൾ, വാർത്ത എന്തെന്നു പറയാൻ വിട്ടുപോയി. വാർത്ത ഇതായിരുന്നു, വാർദ്ധക്യത്തിൽ അമ്മയെ നോക്കാൻ വിദേശത്തു ജോലി ചെയ്യുന്ന മകൻ ഒരു ഹോംനഴ്സിനെ വച്ചു. അവൾ മോഷണം നടത്താൻ ആ വൃദ്ധയുടെ കണ്ണിൽ മരുന്ന് എന്ന പേരിൽ ഹാർപ്പിക് ഒഴിച്ച് കാഴ്ച നശിപ്പിച്ചു.

നോക്കൂ, ആ വൃദ്ധയിലേക്കുള്ള നമ്മുടെ ദൂരത്തെക്കുറിച്ച് ഒന്ന് ഓർത്തുനോക്കൂ. അല്പവും സംശയിക്കണ്ട, ഒട്ടും അകലത്തല്ല നമ്മൾ. കേരളത്തിൽ ഇപ്പോൾ വയോജനങ്ങൾ ആകെ ജനസംഖ്യയുടെ 16.5% ആണ്. അധികം വൈകാതെ അത് 20% ആകും. 2020ലെ കണക്കുപ്രകാരം കേരളത്തിൽ 43 ലക്ഷം പേർ വയോജനങ്ങൾ ആണ്. ഇനി കാര്യത്തിലേക്കു വരാം. വയോജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതല്ല ഇവിടെ പ്രശ്നം, മറിച്ച് ഇവരുടെ സംരക്ഷണമാണ്. രോഗങ്ങൾ ഒന്നും ഇല്ലെങ്കിൽപോലും വൃദ്ധരായ മാതാപിതാക്കൾ മാത്രമുള്ള വീടുകൾ എത്രമാത്രം സുരക്ഷിതമാണ്?

മക്കൾ വിദേശത്തു പഠിക്കാൻ പോകുന്നതും ജോലി കിട്ടി പോകുന്നതും ഇക്കാലത്തു വളരെ സാധാരണമാണ്. അങ്ങനെ വരുമ്പോൾ വലിയ വീടുകളിൽ ഒന്നോ രണ്ടോ പേർ മാത്രമായി ചുരുങ്ങുന്നു. അവരെ നോക്കാൻ ഏജെൻസി വഴി ആളെ നിർത്തുന്നു. ചിലർ കുറച്ചുകാലം കൂടുതൽ നിൽക്കും, ചിലർ മാസം മാസം മാറും. മിക്കപ്പോഴും ഇത്തരക്കാരുടെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് യാതൊരു ധാരണയും ഉണ്ടാവില്ല. അപകടം ഉണ്ടാകുമ്പോഴാകും അത്തരം കാര്യങ്ങൾ പുറത്തു വരിക. ഇതിന് ഒരു പരിഹാരമേ ഉള്ളൂ. അത് വയോജനങ്ങൾക്ക് എല്ലാ സൗകര്യവും കിട്ടുന്ന, അവർ സുരക്ഷിതരായ ‘ഓൾഡ് ഏജ് ഹോമുകൾ’ ആണ്.

നമ്മൾ നിത്യവും പുരോഗതിയെക്കുറിച്ചു വാതോരാതെ സംസാരിക്കാറുണ്ട്. എന്നാൽ എത്ര ഓൾഡ് ഏജ് ഹോമുകൾ ഉണ്ട് എന്നു ചോദിച്ചാൽ വളരെക്കുറച്ച് എന്നാണ് ഉത്തരം. ഉള്ള സ്ഥാപനങ്ങളിൽത്തന്നെ നല്ല നിലയിൽ പ്രവർത്തിക്കുന്നവ കുറവ്. ചിലത് പൊതുജനങ്ങളിൽ നിന്നും സംഭാവന സ്വീകരിച്ചു നടത്തുന്നവയാണ്. അവയുടെ അന്തരീക്ഷം മികച്ചതാണെന്നു പറയാനാകില്ല. പിന്നെ കുറച്ചെണ്ണം ഗവൺമെന്റ് നേരിട്ടു നടത്തുന്നവയും. എന്നാൽ ഇത്തരത്തിൽ അല്ലാതെ, പാശ്ചാത്യ നാടുകളിൽ നിലവിലുള്ളതുപോലെയുള്ള ഓൾഡ് ഏജ് ഹോമുകൾ (റിട്ടയർമെന്റ് ഹോമുകൾ) നമ്മുടെ നാട്ടിലും ആരംഭിക്കേണ്ട സമയമായിക്കഴിഞ്ഞു. വിരലിലെണ്ണാവുന്ന ചില സ്വകാര്യ സ്ഥാപനങ്ങൾ നമ്മുടെ ചില മെട്രോ നഗരങ്ങളിൽ ഉള്ളത് മറക്കുന്നില്ല. വിദേശത്തുള്ള മക്കൾക്ക് അവരുടെ അച്ഛനമ്മമാർ അപകടം ഒന്നുമില്ലാതെ ജീവിക്കുന്നു എന്ന അറിവു നൽകുന്ന സമാധാനം ചെറുതായിരിക്കില്ല. ഒറ്റയ്ക്കു ജീവിക്കുന്നതുവഴി ഉണ്ടാകാവുന്ന ഒട്ടേറെ സുരക്ഷാ പ്രശ്നങ്ങൾക്കു പരിഹാരവും ലഭിക്കും.

പക്ഷേ, നമ്മളിപ്പോഴും ഇത്തരം കാര്യങ്ങളിൽ തികഞ്ഞ കാപട്യമാണു പുലർത്തുന്നത്. അമ്മയെ വൃദ്ധസദനത്തിലാക്കി എന്ന് എങ്ങനെ മറ്റുള്ളവരോടു പറയും? ഏതൊരു പ്രശ്നത്തിലും എന്നപോലെ ഇവിടേയും ‘മറ്റുള്ളവർ’ എന്ന അവനവന്റെ ഉള്ളിലെ ചിന്തയാണു വില്ലൻ. മാത്രവുമല്ല, ഇത്തരത്തിൽ കുറേ സ്ഥാപനങ്ങൾ വന്നാൽ കുറേയേറെപ്പേർക്കു ജോലിയും ലഭിക്കും. അതുമായി ബന്ധപ്പെട്ടു ധാരാളം വികസന സാധ്യതകളുമുണ്ട്. അടഞ്ഞുകിടക്കുന്ന വീടുകൾ വാടകയ്ക്കെടുത്ത് ഇത്തരം ഹോമുകൾ നടത്താം. നാഷണൽ വേസ്റ്റായിക്കിടക്കുന്ന വീടുകളിൽ നിന്നും അതുവഴി വരുമാനം ഉണ്ടാക്കാം. കുറഞ്ഞത് അഞ്ചു പേർക്കെങ്കിലും തൊഴിലും കിട്ടും.
കൂട്ടത്തിൽ ഒരു സംഭവം കൂടി പറയട്ടെ, എന്റെ ഒരു സുഹൃത്ത്, നാട്ടിൽ അവളുടെ അച്ഛൻ മരിച്ചതോടെ വീട്ടിൽ അമ്മ ഒറ്റയ്ക്കായി.

അമ്മക്ക് ശാരീരിക വിഷമതകൾ കുറച്ചുണ്ട്. അടുത്ത ബന്ധുവിന്റെ കുടുംബത്തെ അമ്മയെ നോക്കാൻ ഏൽപ്പിച്ചു. മാസാമാസം നല്ലൊരു തുക, അത് ആവശ്യപ്പെടുന്നത്രയും, അയച്ചുകൊടുത്തുകൊണ്ടിരുന്നു. ഒരു നാലുമാസം കഴിഞ്ഞ് എന്തോ ഒരു സംശയം തോന്നി നാട്ടിലെ മറ്റൊരു ബന്ധുവിനെ അവിടേക്കു വെറുതേ പറഞ്ഞുവിട്ടു. ആ ഉൾവിളി നന്നായി എന്നാണവൾ പറഞ്ഞത്. അതുകൊണ്ടുമാത്രം അവരെ ജീവനോടെ കിട്ടി! മകൾ അടുത്ത ഫ്ലൈറ്റിൽ നാട്ടിലെത്തി, ഒന്നും നോക്കാതെ അമ്മയെ ഒരു നല്ല ഓൾഡ് ഏജ് സെന്ററിലേക്കു മാറ്റി. ഇപ്പോൾ ആ അമ്മ സന്തോഷത്തോടെ, അത്യാവശ്യം നല്ല ആരോഗ്യത്തോടെ കഴിയുന്നു. മകൾ നാട്ടിൽ വരുമ്പോൾ കിട്ടുന്ന ദിവസങ്ങളിൽ അവർ സ്വന്തം വീട്ടിൽ പാർക്കുന്നു. മകൾ മടങ്ങുമ്പോൾ അമ്മയും മടങ്ങുന്നു.

വാർദ്ധക്യം എന്നത് അനിശ്ചിതത്വത്തിന്റെ കാലമാണ്, നിരാശയിലേക്കുള്ള അകലം വളരെ കുറവാണ് ആ കാലഘട്ടത്തിൽ. നമ്മുടെ നല്ലകാലം ചിന്തിയ വിയർപ്പിന്റെ പാരിതോഷികമായി എണ്ണിയാലും തരക്കേടില്ല, അഭിമാനത്തോടെ ആ കാലഘട്ടം ജീവിക്കുക എന്നത് ഓരോ മനുഷ്യന്റേയും അവകാശമാണ്. ആരോഗ്യമുള്ള സംരക്ഷിത വാർദ്ധക്യകാലം ലഭിക്കട്ടെ നമുക്കെല്ലാവർക്കും.

അനിൽകുമാർ സി പി

By ivayana