രചന : എം ബി ശ്രീകുമാർ ✍

തീവണ്ടിയിൽ
എതിർവശത്തെ സീറ്റിൽ
ഒറ്റക്കിരിക്കുന്ന
പെൺകുട്ടിയുടെ മുഖത്ത് ….
അവളുടെ കണ്ണുകളിൽ നിന്ന്
രണ്ട് നദികൾ ഒഴുകുന്നു.
തുടകളിൽ തട്ടി തെറിച്ച്
കടലിലേക്ക്….

കയ്യിൽ നിവർത്തിപ്പിടിച്ച
പത്രത്തിൽ നിന്നും
വാർത്തകളുടെ
കൈകൾ നീണ്ട് നിവർന്ന്
അവളുടെ മുഖത്ത് തഴുകുന്നുണ്ടായിരുന്നു.
തീവണ്ടിക്ക് മുന്നേ പറക്കുന്ന
ചിത്രശലഭങ്ങൾ…

അവൾ പറയുന്നു
എനിക്കിന്ന് മുഖമില്ല.
മുഖമില്ലാത്ത ഒരു പെൺകുട്ടി

ഒരു നെടുവീർപ്പിൻ്റെ
ചെവിയടച്ച തീവണ്ടി ശബ്ദത്തിൽ
ഉണർന്ന്,മുഖം വീണ്ടെടുക്കുമ്പോൾ
അവളുടെ കണ്ണുകളിലെ നദികൾ വറ്റിപ്പോയിരുന്നു.
അവൾ തിരിച്ചറിഞ്ഞു,
ഇതാണെൻ്റെ മുഖം.

എം ബി ശ്രീകുമാർ

By ivayana