രചന : അനിൽ ചേർത്തല ✍

പ്രണയ വിശുദ്ധിയുടെ
ഹൃദയപർവ്വം തേടി ഒരു
ആകാശപ്പറവ ചിറകലച്ചു.
ചിലങ്കമണികൾ ചിതറിക്കിടന്ന വഴിത്താരകളിൽ
മുറിഞ്ഞ നാദങ്ങളുടെ മനോഗതങ്ങളവൻ കേട്ടു.
കൊരുത്തു പോയ ഹൃദയം സ്വന്തമാക്കുന്ന സ്വാർത്ഥതയിൽ
മാംസം പറിഞ്ഞടർന്ന
വൃണപ്പാടുകൾ അവൻ കണ്ടു.
ഇഷ്ടപ്പെട്ടു കൊതിതീരും മുൻപുള്ള മടുപ്പിന്റെ മുരടിപ്പുകൾ.
രതിമേളത്തിന്റെ രൗദ്രതാളങ്ങളിൽ കേൾക്കാതെ പോയ ഹൃദയത്തുടികൾ.
‘നേതി നേതി ‘പ്രണയം ഇതല്ലെന്ന് പറഞ്ഞവൻ
നിയതിയുടെ നീണ്ടവഴികളിലേക്ക് ഊളിയിടുമ്പോൾ
വിടരാതെ പോയ ചിറകിന്റെ
മൗനധ്വനികളുമായി
പെരുമഴയിലും നനയാത്തൊരു തൂവൽ കിളി.
അവളുടെ അധരങ്ങൾ ചുംബനങ്ങൾ ചോദിച്ചതേയില്ല.
പക്ഷെ ഉരഗത്തിന്റെ ഉന്മാദങ്ങൾ ഇല്ലാത്ത
അവളുടെ വക്ഷസിൽ
പ്രണയത്തിന്റെ പൂക്കടമ്പുകൾ പൂത്തുലയുന്നുണ്ടായിരുന്നു .
വിരക്തിയില്ലാത്ത അവളുടെ കുസൃതികൾക്കുള്ളിൽ
ജന്മാന്തരത്തിന്റെ നിഴൽപ്പാടുകൾ.
അവൻ പറഞ്ഞു ‘ഞാനും നീയും തനിച്ചാണ്’
നമുക്കിനിയും ഒന്നായി മാറാം
അവൾ മൗനം മുറിച്ചു,
പ്രിയനേ,
ഒന്നാകുമ്പോഴല്ല
‘ഞാനും നീയും’ അലിഞ്ഞില്ലാതാകുമ്പോഴാണ് പ്രണയം ഉണ്ടാകുന്നത്.
ഉപാധികളില്ലാത്ത കനവിന്റെ കയ്യേറ്റമാണത്
പരിധികൾ ഉടഞ്ഞ ഉണർവിന്റെ പയോധി ആണത്
ഉൾക്കണ്ണിന്റെ സൗന്ദര്യ ലഹരിയിൽ
ഉപമ അന്യമായ ഉടലിന്റെ ഉൾക്കടലാണത്
അതാണ് പ്രണയം..
അത് മാത്രമാണ് പ്രണയം..

അനിൽ ചേർത്തല

By ivayana