രചന : നെവിൻ രാജൻ ✍

പശ്ചിമഘട്ടത്താഴ്വാരങ്ങളിലെ
കടപുഴുകിവീഴാക്കരിമ്പനക്കൂട്ടം.
കാരിരുമ്പിൻ മുഷ്ടി;
വെട്ടുവാൾ ചുരമിറങ്ങി ചൂഴ്ന്നെറിയും
ചുവന്നചെങ്കിരണങ്ങൾ,
തുറിച്ചകണ്ണുകൾ;
പരിഷ്ക്കാരത്തിന്റെ വികാര
വിക്ഷോഭങ്ങൾ പേർത്തുതുന്നി
നിലത്തടിച്ചും നേർക്കടിച്ചും
ചിന്നിച്ചിതറുന്ന മാംസക്കഷ്ണങ്ങൾ.

അകത്തളങ്ങളിൽ
ഉടുമുറിമുണ്ടുടുത്തു
കരിപുരണ്ടീറനണിഞ്ഞു
വിറങ്ങലിച്ചു നിലവിളിച്ചു
പെറ്റമ്മതൻ നരച്ചതലയോടുകൾ.

ഹേ ചന്ദ്രയാൻ,
നിന്റെ ലക്ഷ്യം പിഴച്ചതേതു-
ദിശയിലേക്കെന്നറിയാതെ
പകച്ചു ചക്രവാളങ്ങൾ.

കാലത്തിന്റെ കുപ്പത്തൊട്ടിലിൽ
രഥചക്രങ്ങൾ പെറുക്കി
പുതുയുഗങ്ങളെച്ചമക്കുന്നു
തെരുവുനായിക്കൾ.

ശവക്കുഴികൾ തോണ്ടി,
വിജയഭേരിമുഴക്കി
ടാങ്കറുകൾ ‘ക്ഷ’വരയ്ക്കുന്നു
ശ്രീകോവിലുകൾക്കുമുമ്പിൽ.

വിശ്വാസപ്രമാണങ്ങൾക്കു
പോറലേൽക്കാതെ,
മേളത്തിമിർപ്പിൽ
മനുഷ്യത്വം ഞെരിച്ചുടച്ചു
ചുഴലിവികസനത്തിന്റെ
കെ.റെയിൽ മാമാങ്കം.

ഇവിടെ, കരയുന്ന കണ്ണുകളെ
തിരയുമ്പോൾ സൂക്ഷിക്കുക;
ഒളിച്ചുകടത്തുന്ന ഒരു മാരകായുധം
നിന്റെ നെഞ്ചിലേക്കുള്ളതു്
അതിൽ ബാക്കിയുണ്ടാകും.

നെവിൻ രാജൻ

By ivayana