എൻ.കെ അജിത്ത് ആനാരി✍

സമയം : അഞ്ചര
സ്ഥലം : പൊടിയാടി, നെടുമ്പ്രം പഞ്ചായത്ത്
സന്ദർഭം: മേപ്പടി സ്ഥലത്തെ ചിപ്പിബേക്കറിയുടെ തൊട്ടപ്പുറത്തെ ബേക്കറിയിൽ നിന്നും മുംബൈയ്ക്ക് കൊണ്ടുപോകാൻ ഇത്തിരി ഹൽവ്വാ വാങ്ങാനെത്തിയ നേരം
സംഭവം: വളരെ മാന്യമായി വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ( ഏകദേശം 28 വയസ് വരും, ജീൻസ്, ഷേർട്ട് വേഷധാരി) വളരെ അസ്വസ്ഥയായി നില്ക്കുന്നു, കറങ്ങുന്നു, കൈ കൂട്ടിത്തിരുമുന്നു., അവസ്സാനം ഗത്യന്തരമില്ലാതെന്നവണ്ണം ബേക്കറിയിൽ സാധനം വാങ്ങുകയായിരുന്ന എന്നോടായി വളരെ പരിതാപകരമായി ശബ്ദം താഴ്ത്തി ഒരു ചോദ്യം, ചേട്ടാ ഇവിടെ പൊതു ബാത്റൂം എവിടെയാ?
ഞാൻ ആ കുട്ടിയുടെ നിസ്സഹായത അവിടെമനസിലാക്കി നേരെ എതിർവശത്തേക്ക് ചൂണ്ടിപ്പറഞ്ഞു പഞ്ചായത്ത് ഓഫീസിലേക്ക് ചെല്ലൂ , അവിടെക്കാണാതിരിക്കില്ല..
അവിടെ അടച്ചിട്ടിരിക്കുന്നു,.

എന്നാൽ അതിന് താഴെയുള്ള A J ടെക്സ്റ്റൈൽസിൽ ഒന്നു തിരക്കൂ, കാണാതിരിക്കില്ല,
അവിടെയുമില്ലെന്ന് അവർ പറഞ്ഞു,
ഞാനും വിഷണ്ണനായി, ഒരു യുവതി, അവളുടെ ജൈവപരമായ ഒരു പ്രശ്നത്തിന് ഒരു വഴിയും കാണാഞ്ഞിട്ടാണെല്ലോ പുരഷനായിട്ടും എന്നോട് ആ ചോദ്യം ചോദിച്ചത്. നിസ്സഹായനായ ഞാൻ,
ഉടനെ ബേക്കറിയിൽ നിന്ന സ്ത്രീയോടായി ഞാൻ ചോദിച്ചു നിങ്ങടെ കടയിൽ ഇല്ലേ?
ഇല്ല; അവർ പറഞ്ഞു,
ഇതിനിടയിൽ ആ കുട്ടി പുറത്തിറങ്ങി,

ഞാൻ കടക്കാരനോടായി പറഞ്ഞു, നിങ്ങൾ പോകുന്ന ഇടം കാണാതിരിക്കില്ല, അവളെ സഹായിക്കാൻ നിങ്ങൾക്കാവും,
ഉടനേ അയാൾ സെയിൽസ് ഗേളിനോട് അവളെക്കൂട്ടി ബാത്റൂം കാട്ടിക്കൊടുക്കാൻ പറഞ്ഞു.
മുതലാളിയുടെ അനുമതിക്കായിട്ടാകാം ആ സെയിൽസ് ഗേളിനും പൊളിപറയേണ്ടി വന്നത്. നിസ്സഹായരായ സ്ത്രീത്വങ്ങൾ!
ഇത്തിരി തെക്കോട്ടുമാറി ബാത്റൂം നിർമ്മിച്ചിട്ടുണ്ട്, പക്ഷേ ഇതുവരെ പ്രവർത്തിക്കാൻ തുടങ്ങിയിട്ടില്ല, ബേക്കറിക്കാരൻ ഇതിനിടെ പറഞ്ഞു.

പറയാൻ വരുന്നത് ഇതാണ്: ഇത് പൊടിയാടിയിലെ മാത്രമല്ല, കേരളത്തിൻ്റെ പൊതു അവസ്ഥയാണ്. അമ്മ, പെങ്ങൾ, മകൾ, ഭാര്യ, തുടങ്ങി നമ്മുടെ ഏതു സ്ത്രീരൂപങ്ങളും നേരിടുന്ന ഒരു പൊതു പ്രശ്നമാണിത്. പൊതു ഇടങ്ങളിൽ ശൗച്യാലയങ്ങൾ ഇല്ല എന്നത് വലിയ ഒരു പ്രശ്നം തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക് .

ശൗച്യാലയ നിർമ്മിതിയുടെ പേരിൽ കേരളീയർ ഏറെ ട്രോളിയിട്ടുണ്ട് നമ്മുടെ പ്രധാനമന്ത്രിയെ. എന്നാൽ സ്വച്ഛ് ഭാരത് ആഭിയാൻ പദ്ധതി പ്രകാരം ഒരുപാട് ശൗച്യാലയങ്ങൾ നിർമ്മിക്കാൻ സർക്കാരിനായിട്ടുണ്ട്. എന്നാൽ എന്തിനേയും ട്രോളി ആത്മരതിയടുന്ന കേരളക്കാരൻ്റെ സ്ത്രീജനം നേരിടുന്ന ഈ ദുസ്ഥിതിക്ക് പരിഹാരം കാണാൻ നാളിതുവരെ ഒരു സർക്കാരിനും ആയിട്ടില്ല. ഉള്ള പൊതുവിടങ്ങൾ വെള്ളമില്ലാതെ, ശുചിത്വമില്ലാതെ, പൊടിയും മാലിന്യങ്ങളും കലർന്ന് ഉപയോഗശൂന്യമാണ്.

പൊതുശൗച്യാലയങ്ങൾ വൃത്തിയായി ഉപയോഗിക്കാൻ മലയാളി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
ചുരുങ്ങിയ പക്ഷം നെടുമ്പ്രം പഞ്ചായത്തെങ്കിലും ഈ പ്രശ്നത്തിന് പരിഹാരം കാണണം. ആണുങ്ങൾ മുണ്ടു പൊക്കി ഇലക്ട്രിക് പോസ്റ്റിൻ്റെ മറവിൽ നിന്നുമുള്ളും, എന്നാൽ നമ്മുടെ പെണ്ണുങ്ങൾക്ക് അതിനാവില്ലെല്ലോ? എന്നാവും ഇന്നാട്ടിൽ നമ്മുടെ സ്ത്രീകൾക്ക് പുറത്തിറങ്ങിയാൽ മാന്യമായി ഒന്നിനും രണ്ടിനും സൗകര്യം വരിക?
അതൊക്കെ ഭംഗിയായി കണ്ടിട്ടുപോരേ നമുക്ക് K – RAlL മച്ചാ?

By ivayana