രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍

ഒരു ഗാനംഞാൻ പാടാമിനിയും,
അരുമസഖീ,നീവന്നാൽ
ഒരു പൂമുത്തം നൽകാമിനിയും
കരളുപകുത്തേതന്നാൽ
പ്രണയം പൂക്കും മുകിലിൻ കൂട്ടിൽ,
കനവുകളൊന്നായ്കാണാൻ,
ഭ്രമരംപോൽ നീയണയൂമുന്നിൽ,
പ്രമദവനങ്ങൾ താണ്ടി
ഹൃദയം കൊണ്ടൊരുഗാനം മൂളാം,
മധുരശ്രുതികൾ മീട്ടി
അതു കേൾക്കാനായണയൂ,വേഗം
വിധുമുഖി,നീയെൻ ചാരേ
കദനത്തിൻ കാർമുകിലും മൂടി,
ഹതഭാഗ്യൻ ഞാനമലേ;
ക്ഷിതിയിൽ കണ്ണിമതെല്ലും ചിമ്മാ-
തതിലോലം നിലകൊൾവൂ
ദിനമോരോന്നു പിറക്കുമ്പോഴും,
മനസ്സിന്നുള്ളിൽ മഹിതേ
അനുരാഗപ്പൂങ്കുളിരായ് നീയേ,
പനിമതിപോലെത്തുന്നു!
അറിയാതാത്മസ്‌മൃതികൾ പൂകി,
നിറഹൃദ്‌തന്തി തലോടി,
കനവുക,ളോരോന്നോരോന്നുംക-
ണ്ടനിശമിരിക്കുന്നീഞാൻ.

സുദർശൻ കാർത്തികപ്പറമ്പിൽ

By ivayana