രചന : സിജി സജീവ് വാഴൂർ ✍
വെട്ടുകല്ലുകൾ മിനുക്കിച്ചെത്തിയ നടവഴിയോരത്ത് പച്ചക്കുടവിരിച്ചു സമൃദ്ധിയോടെ തലയുയർത്തി നിൽക്കുന്ന ആ ഇലഞ്ഞിമരം എന്റെ സ്വപ്നങ്ങൾക്ക് മേൽ സുഗന്ധം പരത്തി കുളിരു വിതറിയാണ് കടന്നു വന്നത്,, എന്നിലെ എന്നേ തിരിച്ചറിഞ്ഞ ഒരേയൊരു ഗന്ധം,,
എനിക്ക് ഇലഞ്ഞിപ്പൂക്കളുടെ ഗന്ധമാണെന്നും ആ മണം ഇഷ്ടമാണെന്നും അവൻ പറയും വരെ,,
എനിക്കാ മണം ഇഷ്ടമായിരുന്നില്ല,,
കടും പച്ചപ്പിൽ തഴപ്പാർന്ന ഇലകളുമായി നിന്ന ആ മരം ഏതായിരുന്നുവെന്നു മാമന്റെ വീട്ടിലെ ആർക്കും അന്നേവരെ അറിയില്ലായിരുന്നുവെന്നു തോന്നുന്നു,,
മുറ്റമടിച്ചടിച്ചു വഴിയിലേക്കിറങ്ങുന്ന അമ്മായിക്ക് ആ മരത്തോട് കടുത്ത വൈരാഗ്യമുണ്ടായിരുന്നു.. അമ്മാവനോട് ദിനവും പരാതിക്കെട്ടഴിച്ചു കൊണ്ടിരുന്നു.. വെട്ടിക്കളയുന്നതിനെക്കുറിച്ച് കൂലങ്കുഷമായ ചിന്തയിലാണ്ടു,,
എന്റെ പെട്ടെന്നുള്ള ആഗമനത്തിൽ അമ്മായിക്ക് അല്പം ആശ്വാസം ആയി,,
കാരണം പകൽ പോലെ വ്യക്തം,, മുറ്റമടി സ്വാഭാവികമായും എന്നിലേക്കായി,,
അമ്മാവനാണ് ഒരു പ്രഭാതത്തിൽ ഉറക്കെ പറഞ്ഞത്,,
“എടിയേ നോക്കെടി ആ മരം നിറയെ എന്തോ വെളുത്തു കാണുന്നു,,”
ചാഞ്ഞ ഒരു കൊമ്പിൽ നിന്നും വെളുത്ത സാധനം എന്താണെന്നു അമ്മാവൻ കണ്ടെത്തി,,
നിറയെ മൊട്ടുകൾ ആയിരിക്കുന്നു,,,
കുറച്ചു നാളുകൾ കൊണ്ട് മൊട്ടുകൾ വിരിഞ്ഞു,,
രൂക്ഷമായ ഗന്ധം മൂക്കിനെ തുളച്ചു കടന്നു വന്നു,,
അമ്മാവൻ ചിരിച്ചുകൊണ്ട് പറയുന്നു അനിഴം നാളുകാരിയുടെ സാമിപ്യമാണ് ഇലഞ്ഞി പൂവിടാൻ കാരണമായതെന്ന്,,
ഒരു ദാക്ഷിണ്യവും കൂടാതെ ഞാൻ മുറ്റവും വഴിയും അടിച്ചു വൃത്തിയാക്കി കൊണ്ടിരുന്നു.. ചതഞ്ഞരഞ്ഞ ഇലഞ്ഞി പൂക്കൾ എന്നേ നോക്കി കരഞ്ഞിട്ടുണ്ടാവും.
ശങ്കരൻ കുട്ടിയെഎന്നും കാണും, കുറേ നാട്ടുവർത്തമാനങ്ങൾ പറയും,,
ചതുരക്കള്ളിപ്പാറയുടെ താഴ്‌വാരത്തുനിന്നും വെട്ടിപ്പഴവും കാട്ടുനെല്ലിക്കയും കൊരണ്ടിപ്പഴവും അവൻ കൊണ്ടുത്തന്നു,,
പകരമായി അവന് ചതയാത്ത ഇലഞ്ഞിപ്പൂക്കൾ കൊടുക്കണമെന്നായിരുന്നു കരാർ,
ആദ്യമാദ്യം പൂക്കൾ പെറുക്കി വട്ടയിലക്കുമ്പിളിൽ കൊടുത്തു പോന്നു,,
അമ്മായിക്ക് ഇതൊന്നും സഹിക്കാൻ പറ്റിയില്ല,,
വെറുതെ ആളുകളെക്കൊണ്ട് അതുമിതും പറയിക്കും ഈ പെണ്ണെന്നു എപ്പോഴും പിറുപിറുത്തു നടന്നു..
എന്നേ വീട്ടിലേക്കു പറഞ്ഞു വിടുന്നതിനെ കുറിച്ച് അമ്മാവനോട് ചർച്ചകളിൽ തർക്കിച്ചു,,
“അവള് കുഞ്ഞല്ലേടി നീയൊന്നു പോയേ””
ന്ന് മാത്രം അമ്മാവൻ പറഞ്ഞു നിർത്തും..
“”പിന്നേ,,, പതിനാറു വയസ്സല്ലേ കുഞ്ഞു പ്രായം,, ന്റമ്മ എന്നേ പെറുമ്പോ പ്രായം പതിനാറാ,,ആ കാലിചെക്കന്റെ നോട്ടം അത്ര ശരിയുമല്ല,, സുമതിയോട് പറേണുണ്ട് ഞാൻ മോനേ ചൊവ്വേ വളത്തിക്കോളാൻ,,,,,”
“ഡിയേ,,,, നീ ആവിശ്യല്ലാണ്ട് പിള്ളേരെ ക്കുറിച്ച് അവഖ്യാതി പറയാൻ നിക്കണ്ട കേട്ടോ,,”
“ആരോടാ ഞാനിതൊക്കെ പറയുന്നത് ന്റെ കൊടുങ്ങൂരമ്മേ,,,, അങ്ങേരും അങ്ങേരുടെ ഒരു അനന്തരവളും.. പെണ്ണു വല്ലോം ഒപ്പിച്ചു വെച്ചാ എന്നേ പറഞ്ഞേക്കല്ല്,,,””
അങ്ങനെ അമ്മായിയുടെ നെടുവീർപ്പുകളും പരാതികളുമാണ് എന്റെ ഉള്ളിലും അങ്ങനെയൊരു ചിന്ത പാകിയതെന്നു വേണം കരുതാൻ…
ശങ്കരൻ കുട്ടിയെ പിന്നെ കണ്ടപ്പോൾ എന്റെ മുഖത്തും മനസ്സിലുമൊക്കെ എന്തോ ഒരു ഭാവം മിന്നിമറഞ്ഞോ?
അറിയില്ല ചിലപ്പോൾ തോന്നലാവാം..
എന്റെ ചിന്തകളിലൊന്നാകെ അതിവേഗം വ്യാപിച്ച നറുനിലാവായിമാറി അവൻ,, തോന്നലുകൾ ആരോടും പറയാനാവാത്ത സത്യമായി മാറിക്കൊണ്ടിരുന്നു,,
അങ്ങനെ ഒരു പ്രണയം എന്റെ മനസ്സിലും പൂക്കൾ വിതറി,,
ആരും അറിയാതിരിക്കാൻ ശങ്കരൻ കുട്ടിയിൽ നിന്നുപോലും മറച്ചു പിടിക്കാൻ ഞാൻ ഒരു പോം വഴി കണ്ടെത്തി,,
ഇലഞ്ഞിപ്പൂക്കൾ മുറ്റത്തെ കോണിൽ നിൽക്കുന്ന മൂവാണ്ടൻ മാവിന്റെ ചാഞ്ഞ കൊമ്പിൽ ഒരു ചിരട്ടചെപ്പിൽ സൂക്ഷിച്ചു, അതവിടെ യുണ്ടെന്നു ശങ്കരൻക്കുട്ടിക്ക് സിഗ്നൽ കൊടുത്തു,,
പിന്നീട് വളരെ താത്പര്യത്തോടും ശ്രദ്ധയോടും ഞാനത് മാലകെട്ടി ചെപ്പിൽ വെച്ചു കൊടുത്തു.. അവനത് ഒരുപാട് സന്തോഷം ആയി..
ഒരിക്കൽ വെട്ടുകല്ലുകൾ പാകിയ ഇടവഴിയിൽ വെച്ച് മുഖാമുഖംകണ്ടപ്പോൾ അവൻ പതിയെ പറഞ്ഞു,,,
“പെണ്ണേ നിനക്ക് ഇലഞ്ഞിപൂക്കളുടെ മണമാണ്,, “
ആയിരം കുഞ്ഞി നക്ഷത്രങ്ങൾ പോലെ എനിക്കു ചുറ്റും ഇലഞ്ഞിപ്പൂക്കൾ പറന്നിറങ്ങി,, ചിറകുകൾ വിടർന്നൊരു ചിത്രശലഭമായി മാറി ഞാനും,,,
വേനലവധി തീർന്നതോടെ അമ്മാവന്റെ വീട്ടിലെ വാസം അവസാനിപ്പിക്കേണ്ടി വന്നു.. മുൻപൊക്കെ വന്നു നിൽക്കുന്നതേ ഇഷ്ടമായിരുന്നില്ല,,
ആകെ ആശ്വാസം പോകുമ്പോൾ അമ്മാവൻ വാങ്ങിത്തന്നിരുന്ന പുത്തൻ വസ്ത്രവും ബാഗും കുടയും ചോറ്റു പാത്രവുമൊക്കെയായിരുന്നു..
എന്നാൽ ഇത്തവണ എനിക്കു പോകാൻ മനസ്സു വന്നില്ല.. നീറുന്നൊരു പിടച്ചിൽ മനസ്സിനെ തളർത്തി,,
ആരോടോ പറയാൻ കൊതിക്കുന്ന എന്തോ ഒന്ന് എന്റെ ഉള്ളിൽ കിടന്നു കരഞ്ഞു,, “പോകല്ലേ,,, പോകല്ലേ “എന്ന്..
അന്നും രാവിലെ തന്നെ വഴിയിലിറങ്ങി ഇലഞ്ഞിപ്പൂക്കൾ പെറുക്കി,,
വാഴനാരിൽ കൊരുത്തു മാവിൻ കൊമ്പിലെ ചിരട്ടച്ചെപ്പിൽ വെച്ചു..
അതോടൊപ്പം ആരുമറിയാതെ അവനേ പ്രണയിക്കാൻ തുടങ്ങിയ നാൾ മുതൽ എന്റെ തലയിണ ചോട്ടിൽ വെച്ച അതികം പഴക്കം തട്ടാത്ത ഒരിലഞ്ഞിപ്പൂമാലയും ഉണ്ടായിരുന്നു..
യാത്ര പറയാതെ പോന്നതിൽ അതിയായ വിഷമമുണ്ട്..
എന്നാൽ എന്റെ ഗന്ധം നിറഞ്ഞ ആ ഇലഞ്ഞിപ്പൂമല എനിക്കൊരു പ്രതീക്ഷയാണ്,,
ഇനി വരുന്ന ഓരോ വേനലവധികളിലും അവൻ കാത്തിരിക്കുമായിരിക്കും,,
ഞാനെന്ന ഇലഞ്ഞിപ്പൂ മണത്തിനായി…