രചന : വി.ജി മുകുന്ദൻ✍

കാൽനൂറ്റാണ്ടിന്‌ ശേഷം
ഇന്ന് വീണ്ടും
ഒരു തീവണ്ടി യാത്ര…
പഴയ യാത്രകളുടെ
ബാക്കിയെന്നപോലെ
സേലം ഈറോഡ് കോയമ്പത്തൂർ
പിന്നിട്ട്
പാലക്കാട് ഒറ്റപ്പാലം
തൃശ്ശൂരും എറണാകുളവും കഴിഞ്ഞ്
കിതപ്പോടെ വണ്ടി തെക്കോട്ട്….
എന്നെപോലെതന്നെ
തീവണ്ടി പാളങ്ങൾക്കിരുപുറവും
ഒരു മാറ്റവുമില്ലാതെ….,
പ്രായത്തിന്റെ
നരയും ചുളിവും ബാധിച്ച്‌
അതേ പ്രാരാബ്ധത്തിൽ
ഇപ്പോഴും ഓടുകയാണ്…!!
അമ്പത് വർഷങ്ങൾക്ക് മുമ്പ്
ആദ്യമായി കണ്ട,
പിന്നീട് നിരന്തരം അനുഭവിച്ചറിഞ്ഞ
എന്റെ നാടിന്റെ മിനുക്കാത്ത മുഖം
ഒരു മാറ്റവുമില്ലാതെ
അതേ ഭാവത്തിൽ തന്നെ…!!
പൊടി പിടിച്ച്, ഇടിഞ്ഞു പൊളിഞ്ഞ്
ഒരറ്റം ടാർപോളിൻ കൊണ്ട് പൊതിഞ്ഞ്
കാതുപൊത്തി നിൽക്കുന്നു…!!
നിങ്ങൾ മാറിയിരിക്കുന്നു
സൈക്കിളിൽ നിന്നും
മോട്ടോർ ബൈക്കിലേയ്ക്കും
കാറിലേയ്ക്കും
തീവണ്ടിയിൽ നിന്നും
മെട്രോ റെയിലേയ്ക്കും
ഓലമേഞ്ഞ വീടിൽ നിന്നും
കൊട്ടാരങ്ങളിലേയ്ക്കും
നിങ്ങൾ വലുതായിരിക്കുന്നു..!
നാടിന്റെ പുരോഗമനം…!!
നിങ്ങളും നിങ്ങളുടെ ജീവിതവും
എല്ലാ സുഖസൗകര്യങ്ങളോടെ
മെട്രോ ട്രെയിനിന്റെ ഉയരത്തിൽ
പബ്ബ്കളിലേയ്ക്കും
മാളുകളിലേയ്ക്കും ഓടുന്നു..!!
ഞങ്ങൾ…,
ഇന്നും ഈ പൊടിയിൽ
ഈ ചെളിയിൽ
വിസ്സർജ്ജ്യങ്ങക്ക് നടുവിൽ
ഈ ചേരിയിൽ
ഈ ഇടവഴികൾക്കരികിൽ കാതുപൊത്തി
എവിടേക്കും പോകാൻ കഴിയാതെ
അതേ ടാർപോളിനുകൾക്കുള്ളിൽ
തളയ്ക്കപെട്ടിരിക്കുന്നോർ…
റെയിൽവേ പാളങ്ങൾ ക്കരികിലുള്ളോർ
നരക ജീവികൾ…,!!
നിങ്ങൾക്കിനിയും
അതിവേഗം കുതിയ്ക്കണം
അതിനായ് ഇനിയും ഒരുക്കണം
പുതിയ നരകജീവികളെ…!!
ഒന്നുമില്ലാത്തവർക്ക് നരകവും
സ്വർഗ്ഗം തന്നെയല്ലോ…!!!!

വി.ജി മുകുന്ദൻ

By ivayana