രചന : ശന്തനു കല്ലടയിൽ ✍
നഷ്ടമാം സ്നേഹത്തിൻ
തൂവൽ തുരുത്താണ് നീ
ചുറ്റാലുമോളംതല്ലിയ
നിലാനിർമ്മലതയിൽ
മുങ്ങിപ്പോയൊരുതുരുത്ത്.
കടിഞ്ഞൂൽ പ്രേമത്തിന്റെ
സന്ദേശകാവ്യങ്ങൾ നിനക്കായെഴുതി
പുറപ്പെടാത്ത കടലാസ് കൊണ്ട്
കല്ലടയാറിൻ കൗമാരതീരങ്ങളിൽ
ഓർമ്മകൾ കരകവിയുമാ
മണൽകടവിൽ ,
കുട്ടിക്കാലം തുഴയുവാൻ
ഇനിവരാത്തൊരു ജന്മത്തിന്റെ
മധുരസഞ്ചാരപാതകളിൽ
നിന്നെവെറുതെ കാത്തുനിന്ന
കുട്ടിയിന്നില്ലയെന്നിൽ……
എങ്കിലും തുടരെ ഓർക്കുകയാണിപ്പോഴും.!
ശൈത്യകാലത്തിന്റെ പഠന മുറിയിൽ
ഒരേയിരിപ്പിടത്തിൽ
പെൺകാന്തമേ നിന്റെ
ഹർഷണം പൊലും തൊട്ടിടാതെ
നാമിരുകരകളിലെന്നതുപോലെ
മഴപെയ്തൊഴിഞ്ഞനാളും
വെയിൽ ചാഞ്ഞുനിന്നനാളും
മൗനവാക്ശരങ്ങളാലെന്നുള്ളിൽ
കൊടുമ്പിരികൊണ്ട പ്രണയാതുര
യുദ്ധങ്ങൾ നീയറിഞ്ഞിരുന്നില്ലയോ.