രചന : മധുമാവില✍
അടുത്ത ചങ്ങാതിമാരാണ് പഠിക്കുന്ന കാലം തെട്ടേയുള്ള സ്നേഹ ബന്ധം. അന്നേ വീട്ടുകാർകും അതേ പരിചയങ്ങൾ. കോളേജ് തൊട്ട്
ഇന്നും വാടാതെ സൂക്ഷിക്കുന്ന ഒരു പാട് ചങ്ങാതിമാരുള്ള കാര്യം പലരും അസൂയയോടെ പറയാറുണ്ട്. എല്ലാവരും
തമ്മിൽ കാണുമ്പോളൊക്കെ ഒരു പാട് സംസാരിക്കും ..
അന്നും ഇന്നും.. എന്താവശ്യവും ചോദിക്കാനും പറയാനും മതിലുകളില്ലാത്ത സൗഹൃദം സൂക്ഷിക്കുന്നവർ.
ഫോണിലായാലും അങ്ങിനെത്തന്നെ .എല്ലാവരും തമ്മിൽ കൂടുമ്പോളുള്ള തമാശകൾ കമൻറുകൾ എല്ലാം കൂടിയാകുമ്പോൾ നല്ല രസ നിമിഷങ്ങൾ, കൂട്ട്കാരോടുത്തുള്ള പരിപാടികളിലെ ഒഴിവ് നേരങ്ങളിലാണ് രസകരമായ സംഭാഷണങ്ങൾ നടക്കാറ്.’ ഇന്നും പതിനെട്ടിൻ്റെ കളിയും ചിരിയും
പ്രായം മറന്നു പോകുന്ന ലോകം.
ചർച്ചകളിൽ ചിലപ്പോൾ കാർക്കശ്യമുള്ള അഭിപ്രായങ്ങളും അഭിപ്രായ വിത്യാസങ്ങളും ഉണ്ടാകും തർക്കിക്കാൻ തുടങ്ങിയാൽ വാശിയാണ്.. തോറ്റു കൊടുക്കുന്ന പതിവില്ല. എല്ലാരോടും അങ്ങിനെത്തന്നെയായിരിക്കുമോ.. ആവോ..!
കളിയായും കാര്യമായാലും എന്തല്ലാമോ തുറന്ന് പറയുന്നതിനിടയിൽ ഒരു ദിവസം
എന്തോ പറയാൻ തുടങ്ങിയതാണ്.
എന്താണന്ന് പറഞ്ഞില്ല അതെൻ്റെ കാതിലുടക്കി. പക്ഷെ പറയാത്തത് കണ്ണുകൾ പറഞ്ഞിരുന്നു.
എയ് എനിക്ക് തോന്നിയതാവാം.
പക്ഷെ എന്തോ പാതിവെന്ത പോലെ
മനസിൽ ദഹിക്കാതെ കുറെ ദിവസം കിടന്നു.
പറയാൻ ബാക്കി വെച്ചതിൻ്റെ സുഗന്ധം പുറത്ത് വന്നില്ല. കേൾക്കാനുള്ള ഇഷ്ടമോ ആഗ്രഹമോ കൊണ്ട് ഇടക്ക് കയറി എന്തേ എന്ന് ചോദിച്ചപ്പോൾ കേൾക്കാതെ പോലെ വെറെ എന്തക്കൊയൊ പറഞ്ഞു മറ്റുള്ളവരും ചിരിക്കുകയായിരുന്നു.
എല്ലാവരും കൂട്ടത്തിൽ ചിരിച്ചു .കളി തമാശകൾ പറയുമ്പോൾ ഒരു നിമിഷം..
ഞാൻ മാത്രം തനിച്ചായത് പോലെ.. വെറേ ഏതോലോകത്തിലായിരുന്നു മനസ്സ്. എന്തായിരിക്കും പറയാതിരുന്നതിൻ്റെ ബാക്കി..?
എന്തായാലെന്താ ‘….
ഇനിയെന്ത് പറഞ്ഞാലും കേട്ടാലും ഒന്നും ഇല്ല … ഒരു രസത്തിന് വിരിയാൻ മറന്നു പോയ പൂമൊട്ട് മുടിയിൽ തിരുകുന്നത് … വെറുതെ
ഈ പ്രായത്തിലോ…!
എഴുതുന്ന കഥകളിൽ പറയാതെ പറയുന്നത് ആരെപ്പറ്റിയാവും.,
മനസ്സുകൊണ്ട്
തള്ളിമാറ്റിയാലും അള്ളിപ്പിടിക്കുന്ന കവിതകൾ… ആരെപ്പറ്റിയാവും…?
ഇത്രമേൽ ഓമനിക്കുന്ന
ഞാനറിയാത്ത വേറൊരാൾ..
തോന്നലാവാം… അല്ലേ
എന്നാലും എവിടെയോ ഒരു വിങ്ങൽ..
അന്ന് ബസ്സ് സ്റ്റേപ്പിൽ വച്ച് എന്തോ പറയുന്നതിനിടയിൽ കണ്ണിലേക്ക് പതിവില്ലാത്ത ഒരു ലയനം അറിയാതെ ഞാനും..
കുടയുണ്ടായിട്ടും മഴ നനഞ്ഞത്പോലെ
ചേർത്തു നിർത്തിയപ്പോൾ കാലറ്റംവരെ തണുത്തു പോയിരുന്നു.
ഓർക്കുമ്പോൾ ഒരു ചമ്മൽ.
അവനാ പ്രണയനോവ് മനസിലായിട്ടുണ്ടാവുമോ..!
അതുപോലെ പലയിടങ്ങളിൽ വച്ചും
പലവട്ടം പകുതി മുറിഞ്ഞ വാക്കിൻ്റെ നൂലുകൾ എന്നെ കൊളുത്തി വലിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്.
അല്ല കൊത്തി വലിച്ചിട്ടുണ്ട്..
പലവട്ടം ചോദിക്കാൻ ശ്രമിച്ചിട്ടും സാധിച്ചില്ല. ചോദിച്ചാലും പറയാതെ ഒഴിഞ്ഞ് മാറിയാലോ ഒരു വേള പറയാൻ ഒന്നുമില്ലങ്കിലോ
ചിരിച്ച് മായ്കാൻ എനിക്ക് പെട്ടന്നെനിക്കായില്ലങ്കിലോ.. ഓർക്കുമ്പളേ ഒരു ചമ്മൽ..
വെറുതെ … വേണ്ട
കഴിഞ്ഞ തവണ കണ്ടപ്പോൾ റോസ്മേരിയും ഇതേ കാര്യം പറഞ്ഞൂ.. എന്തോ അവളും പറയാതെ ബാക്കി വെക്കുന്നത് പോലെ തോന്നി. അവളുടെ കണ്ണിലും അത് നിറഞ്ഞ് വരുന്നത് കാണാം പക്ഷെ ഒരു കുസൃതി ചിരിയിൽ ഒന്നുമറിയാത്തത് പോലെ തമാശയാക്കി മാറ്റിക്കളയുന്നു. എൻ്റെ തോന്നലാവുമോ
അവൻ ആരെപ്പറ്റിയാണിതൊക്കെ എഴുതുന്നത്…. കാമ്പസ്സുകളിൽ നമ്മളല്ലേ കൂടുതലും… കൂടെയുണ്ടായിരുന്നത്.
കവിതകളിൽ പലതിലും !
കഥ പറയുന്നയെല്ലായിടത്തും നമ്മളല്ലേ.
എന്നിട്ടും .. തനിക്കറിയാമോ ആരായിരിക്കും…?
ഞാനല്ലന്നെനിക്കറിയാം.. വെറുതെ പറഞ്ഞ് നോക്കിയതാ.. തമാശക്ക് ചിരിക്കുകയും ചെയ്തു. ഉള്ള് പൊള്ളിത് രാത്രിയാണറിഞ്ഞത്.
പുകച്ചിലുകൊണ്ടുറങ്ങാൻ പറ്റിയില്ല.
മറ്റൊരു ദിവസം റോസ് മേരിയോട് ചോദിച്ചു..
നിന്നെപ്പറ്റിയല്ലന്ന് അറിയാം..
പിന്നെയാരായിരിക്കും.. എല്ലാവരും
റോസ് മേരിയും ചിരിക്കുന്നു ഞാനും.
പറയാതെയറിയുന്ന ഇഷ്ടങ്ങൾ പലയിടങ്ങളിൽ പുനർജനിക്കാറുണ്ടന്ന്
എവിടെയോ വായിച്ചിട്ടുണ്ട്.
അനശ്വരമായത് കാലഭേദങ്ങളില്ലാത്ത മരുഭൂമിയിലും
മുള പൊട്ടിക്കൊണ്ടിരിക്കുമായിരിക്കും.
അടുത്ത തവണ അവസരം കിട്ടിയാൽ എന്തായാലും ചോദിക്കണം എന്ന് ഉറപ്പിച്ചതിന് ശേഷം പലതവണ കണ്ടു..
നടന്നില്ല…,
പഴയതുപോലെ സൗഹൃദ സംഭാഷണങ്ങൾ തുടങ്ങി
തമാശകളിലൂടെ വലിയ വലിയ കാര്യങ്ങൾ.. കുടുബവിശേഷങ്ങൾ.. ജോലിക്കാര്യങ്ങൾ.. കുട്ടികൾ.കുടുബം അങ്ങിനെ ചർച്ചകൾ.. അവസാനം ചിരപരിചിതമായ രീതിയിലുള്ള യാത്ര പിരിയലും.
യാത്രയാക്കുമ്പോൾ ..
ചോദിക്കാൻ ബാക്കിയായതും
പറയാൻ മറന്നതും സമാന്തരമായ രേഖയിലൂടെ സഞ്ചരിച്ച് കണ്ണെത്താത്തിടത്ത് കാഴ്ചയിലൊരു ബിന്ദുവായ് തീരുമ്പോൾ
ഒരു ദീർഘനിശ്വാസം
സ്നേഹപൂർണിമ..
ഏയ് ഓരോന്നാലോചിച്ച് കാട്കയറിയിറങ്ങിയപ്പോൾ പതിരാ കഴിഞ്ഞിരിക്കുന്നു.
ഇന്നലെയും ഉറക്കം കുറഞ്ഞതിൻ്റെ ക്ഷീണം കണ്ണിലുണ്ട്.
രാവിലെ ഓഫീസിൽ പോകാനുള്ളതാ..