രചന : ശ്രീകുമാർ എം പി ✍
ഓടിവന്നോടിവന്നാരിതെന്നോർമ്മതൻ
പൂമരക്കൊമ്പിൽ പിടിച്ചുലച്ചീടുന്നു !
പുതുമഴത്തുള്ളികൾ തങ്ങുന്നാമര
ക്കൊമ്പുകൾമൂർദ്ധാവിൽതീർത്ഥം
തളിയ്ക്കുന്നു
പൂക്കളുതിരുന്നു പൂമഴ പെയ്യുന്നു
പുഷ്പാഭിഷേകത്തിൻ പുണ്യം പകരുന്നു
ഓടിവന്നോടിവന്നാരിതെന്നോർമ്മതൻ
പൂമരക്കൊമ്പിൽ പിടിച്ചുലച്ചീടുന്നു !
കൺകളിൽ നോക്കിയിമകൾ ചിമ്മാതേറെ
നേരമിരിയ്ക്കുവാനെത്തും വിരുതരൊ ?
കാലിൽ തളയിട്ടു ഓടിക്കളിച്ചോരൊ ?
കണ്ണോരം പൊത്തിയൊളിച്ചുകളിച്ചോരൊ ?
കാതിലിടയ്ക്കു വന്നാരുമറിയാതെ
കാതടയ്ക്കും വെടിയൊച്ചയേകിയോരൊ
കൽപ്പെൻസിലിന്റെയെണ്ണങ്ങൾ കൂട്ടാനായി
കഷണങ്ങളാക്കി മാറ്റും വിരുതരൊ
കരഞ്ഞുമലറിയും തൻകാര്യം നേടും
കരവിരുതേറുന്ന കൗശലക്കാരൊ
വൈകിട്ടു പുസ്തകക്കെട്ടുമായ്ക്കൂട്ടമായ്
ആർത്തുവിളിച്ചോണ്ടു പോരുന്ന നേരത്തു
പിന്നാലെ വന്നു മുതുകത്തിടിച്ചിട്ടു
മിന്നലുപോലെ മറഞ്ഞയാ തോഴനൊ
തെക്കേ തൊടിയിൽ ചിരിച്ചോണ്ടു ജീവിത
സന്ദേശമേകിയ പാരിജാതപ്പൂവ്വൊ
ഉത്രാടരാത്രിയിൽ പൂനിലാവെട്ടത്തി-
ലാടിയ യാതിരനൃത്തലാവണ്യമൊ
പുല്ലണിഞ്ഞെത്തുന്ന “മാവേലി “മന്നന്റെ
പിന്നാലെ കൂടിയ”തൈയ് തൈയ്” വിളികളൊ
മായാവി പോലവെ വന്നിട്ടു ദേഹത്തു
കുത്തിമറഞ്ഞുപോം കട്ടുറുമ്പുകളൊ
മഞ്ഞണിപ്പൂക്കളിൽ തെന്നനം പാറിവ-
ന്നുമ്മ കൊടുക്കുന്ന കൊച്ചു പൂത്തുമ്പിയൊ
ആടിയും പാടിയും ചാടിയുമോടിയും
മഴവെള്ളം പോലൊഴുകിയ നാൾകളൊ
ഓടിവന്നോടിവന്നോടിവന്നോർമ്മതൻ
പൂമരക്കൊമ്പിൽ പിടിച്ചുലച്ചീടുന്നു.