ഷൈലജ ഓ കെ ✍

സ്നേഹിക്കയില്ല ഞാൻ
നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു
തത്വ ശാസ്ത്രത്തെയും
(തൊണ്ണൂറ്റി നാലാം ജയന്തി)
ജന്മദിന പ്രണാമം🙏🙏🙏

നാടുവാഴിത്തത്തിന്റെ ഇരുണ്ട ഭൂമിയെ തുറന്നു കാണിച്ച കവിയാണ് വയലാർ രാമവർമ്മ. ജന്മിത്തവും അയിത്തവും അന്ന് കേരളത്തെ രണ്ടായി പിളർന്നു. സ്വാതന്ത്ര്യത്തിന്റെ വിലോല സ്വപ്നങ്ങൾ കാറ്റിൽ പറത്തി ധാർഷ്ഠ്യത്തിന്റെ നെടുംതൂണുകൾ കേരളം ഭരിച്ചു. അരമുറി കരിക്കും, അരത്തൊണ്ടു കളളും കൊടുത്ത് തൊഴിലാളിയുടെ അധ്വാനത്തെ ചൂഷണം ചെയ്തു. തൊഴിലാളിയുടെ അധ്വാനമിച്ചംകൊണ്ട് ഉടമയുടെ പത്തായം നിറഞ്ഞു. പൊതുനിരത്തും വിദ്യാലയവും സാധാരണക്കാരന് വിലക്കപ്പെട്ടതായിരുന്നു. ജീവിതത്തിലെ വിലപ്പെട്ടതെന്നു കരുതിയ സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ തകർക്കപ്പെട്ടു.

ഈ കാലഘട്ടത്തിലാണ് 1928-ൽ വയലാർ രാമവർമ്മ ജനിച്ചത്.
1930 -കൾ ലോകചരിത്രത്തിൽ ചുവന്ന കാലഘട്ടമാണ്. കേരളത്തിലും പുരോഗമനാശയത്തിന്റെ അലകളൊഴുകി. കർഷകത്തൊഴിലാളികളുടെ മോചന ശബ്ദമായി സഖാവ് ഇ.എം.എസ്സിന്റെ മാതൃഭൂമിയിലെ ലേഖനം, സഖാവ് കെ.ദാമോദരന്റെ പാട്ടബാക്കി, വി.ടി. ഭട്ടതിരിപ്പാടിന്റെ അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്, ചങ്ങമ്പുഴയുടെ വാഴക്കുല തുടങ്ങിയവ ഇതിൽ ചിലതാണ്. ഈ കാലഘട്ടത്തിൽ മലയാള കവിത ചങ്ങമ്പുഴയുടെ കാല്പനികതയില മുങ്ങി നിറഞ്ഞതായിരുന്നു. ഇടപ്പളളി രാഘവൻപിളള, ഇടശ്ശേരി, ജി.ശങ്കരക്കുറുപ്പ്, വൈലോപ്പിളളി, പി.കുഞ്ഞിരാമൻനായർ തുടങ്ങിയവരെല്ലാം ചങ്ങമ്പുഴയുടെ സമകാലികരായിരുന്നെങ്കിലും ഓരോരുത്തരും സ്വന്തം കാവ്യശൈലിയും മൗലികതയും പിന്നീട് നിലനിർത്തി. എന്നാൽ അടിച്ചമർത്തപ്പെട്ടവരുടെ ദുഃഖം ചങ്ങമ്പുഴയുടെ കാല്പനികതയേയും കടന്ന് ശബ്ദമായ നാദധാരയായി മാറിയത് വയലാർ കവിതകളിലാണ്.

യാദൃശ്ചികമെന്നേ പറയേണ്ടൂ, ചങ്ങമ്പുഴയുടെ മരണവർഷം തന്നെ വയലാറിന്റെ ആദ്യ കവിതാ സമാഹാരം “പാദമുദ്രകൾ” പ്രസിദ്ധീകരിച്ചു. പിന്നീട് “കൊന്തയും പൂണൂലും”. ജന്മിത്തത്തിനും സർ സി.പി.യുടെ അമേരിക്കൻ മോഡലിനും എതിരെ പുന്നപ്ര-വയലാർ കേന്ദ്രമാക്കി തൊഴിലാളികൾ ശക്തമായ പോരാട്ടം നടത്തി. ജീവിതത്തിന്റെ നേർസാക്ഷികളായ ഒരെഴുത്തുകാരനും അതു കണ്ടില്ലെന്ന് നടിക്കാനാവില്ല. വയലാർ, പി.ഭാസ്ക്കരൻ, പൊൻകുന്നം വർക്കി തുടങ്ങിയവർ പേനയിൽ സമൂഹത്തെ കണ്ടു.

1954-ൽ വയലാറിന്റെ ആയിഷ പ്രസിദ്ധീകരിച്ചു. സാമ്പത്തികാടിത്തറ തകർന്നുപോയ ഒരു സമൂഹത്തിന് സംഭവിക്കാവുന്ന ദുരന്തത്തിന്റെ സൂചകമായി ആയിഷയുടെ ജീവിതം കവി പകർത്തിക്കാണിച്ചു. മനുഷ്യൻ വില്പനച്ചരക്കായിമാറുന്ന സംസ്ക്കാരത്തിന്റെ ഉറവിടം വായനക്കാരൻ കണ്ടെത്തുന്നു. സമ്പത്ത് നഷ്ടപ്പെടുന്ന സമൂഹത്തിന് സംസ്ക്കാരവും നഷ്ടപ്പെടും. വിവേകം നഷ്ടപ്പെടും. മനുഷ്യൻ പിന്നിലേയ്ക്കൊഴുകുന്നു. ഒരു ജഡസംസ്ക്കാരത്തിന്റെ അവശിഷ്ടമായി സമൂഹം മാറുന്ന ചിത്രം ആയിഷയിലുണ്ട്. ഈ ജീർണ്ണതയ്ക്ക് കൂടുതലും ഇരയാകുന്നത് സ്ത്രീകളാണ്. സാമ്രാജ്യത്വം സ്ത്രീയെ ഇന്ന് പരസ്യ പലകയിൽ ഉപയോഗിക്കുന്നു. പഴയ ജന്മിത്വത്തിനു പകരം ഇന്ന് സാമ്രാജ്യത്വം. ഇന്ന് ലോകവിപണിയിൽ വിറ്റഴിക്കുന്ന അനേകം ആയിഷമാരെ കാണാം. “എനിക്കു മരണമില്ല” എന്ന സമാഹാരത്തിൽ മനുഷ്യന്റെ അജയ്യത ഉയർത്തി കാട്ടുന്നു. കൊന്തയുടെയും പൂണൂലിന്റെയും മതവിശ്വാസങ്ങളിൽ നിന്ന് മരണമില്ലാത്ത മാറ്റുന്ന ചിന്തയുടെ ചലനം വയലാർ കവിതകളിൽ നിലാവിന്റെ സുഗന്ധമായി നിറയുന്നു. ഒരു ചരിത്രജനതയുടെ സ്വപ്നങ്ങളെ മുന്നിൽ കണ്ടുകൊണ്ടാണ് അദ്ദേഹം കാവ്യരചനയിലേർപ്പെട്ടത്.
“സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും. “
ഇങ്ങനെ സമൂഹത്തിന് ഒരു സ്നേഹസാഗരം നൽകി. പ്രണയത്തിന്റെ ജിഹ്വയിൽ കവിതയും തേനും വയമ്പും കൊടുത്തു.

വയലാറിന്റെ കവിതകൾ ചങ്ങമ്പുഴയുടെ മാറ്റൊലിയാണെന്ന് പറഞ്ഞ ശ്രീ.എം.കൃഷ്ണൻനായരെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് 1957 ൽ വയലാറിന്റെ എന്റെ മാറ്റൊലിക്കവിതകൾ പുറത്തുവന്നത്. അതിലെ കവിതകൾ ജീവിതത്തിലെ ശാരദ രാഗങ്ങളെ അനന്ത സാകല്യതയാക്കി മാറ്റുന്നു. കവിത സ്വാതന്ത്ര്യത്തിന്റെ വാതിലുകളാണെന്ന് മാറ്റൊലിക്കവിതകൾ തെളിയിച്ചു. നിരൂപണത്തിന്റെ ക്ഷുദ്രമുനകൾ ഒടിഞ്ഞു. മണ്ണിനെ മെത്തയാക്കിയ മന്വന്തര ഭാവശില്പികൾ വയലാർ കവിതകളിലെ നിത്യസാന്നിധ്യമാണ്.

ഭാരത പൈതൃകത്തോടുളള നിത്യബന്ധത്തെ ഇതനുഭവിപ്പിക്കുന്നു. വയലാർ എന്നും സ്നേഹത്തിന്റെ കവിയാണ്. മനുഷ്യന്റെ പൂർണ്ണതയിൽ വിശ്വസിച്ച കവി.
മൂല്യങ്ങളുടെ അവധൂതനായി സ്വയം മാറിയ രചനയായിരുന്നു അത്. വയലാറിന്റെ കവിതകളിൽ കാണാൻ കഴിയുന്ന ശ്യാമമനോഭിരാമമായ മന്ദ്രനാദം ചെന്നെത്തിയത് അനുപമവും മൗലികവുമായ സിനിമാഗാനങ്ങളിലായിരുന്നു. മതഭേദമില്ലാത്ത ഒരു പൂർണ്ണ സമൂഹത്തിന്റെ ശാരദാകാശമായിരുന്നു ആ കവിത.

By ivayana