രചന : വാസുദേവൻ കെ വി ✍

” ഫോൺ എപ്പോഴും ഹാങ് ആവുന്നു. ചാർജ്ജ് നിൽക്കുന്നില്ല. സംസാരിക്കുമ്പോൾ മറ്റെന്തൊക്കെയോ അവ്യക്തമായി കേൾക്കാനാവുന്നുമുണ്ട്.. എന്താണ് പ്രതിവിധി.? “
അവനവൾക്ക് മറുപടിയിട്ടു.
“താങ്കൾ ഒരുപക്ഷെ നിരീക്ഷണത്തിലാവും.”
ഭയപ്പാടോടെ അവൾ “യു മീൻ!!.. “
അവനവൾക്ക് വിശദീകരണം നൽകി. കൂടെ ഒരു കൊച്ചു കഥയും.
ജയിലിലെ അദൃശ്യമായ ഒരു ഇടത്തിലിരുന്ന് കാവൽക്കാരൻ തങ്ങളെ നിരീക്ഷിക്കുന്നുവെന്ന ബോധം കുറ്റവാളികളെ സ്വയം തിരുത്താനും സന്മാർഗ്ഗപാതയിൽ ചലിക്കാനും പ്രേരിപ്പിക്കുന്നു.

ഇതാണ് പിന്നീട് അധികാരവുമായി ബന്ധപ്പെട്ട ചിന്തകൾ ഫുക്കോവിൽ വിടർന്നത്.
ജെർമി ബെൻഥാം സ്ഥാപനവത്ക്കരണത്തിന്റെ ഘടന അപഗ്രഥിക്കുമ്പോഴാണ് ‘പനൊപ്റ്റികൻ’ എന്ന ആശയം മുന്നോട്ടു വെച്ചത്.
തുറന്ന തടവറകൾക്കുള്ളിൽ അധികാരം വിവിധ രൂപത്തിലും ഭാവത്തിലും നമ്മളെ നിരന്തരം നിരീക്ഷിക്കുന്നുവെന്ന ബോധം തെറ്റുകളിൽ നിന്ന് തെറ്റുകളിലേക്കുള്ള കൂപ്പുകുത്തൽ തടയാൻ സഹായകമാവുന്നു.
സോഷ്യൽമീഡിയ താളുകളിൽ ഇണയുമൊത്തുള്ള ഫോട്ടോസ് ധാരാളം. എല്ലാം ഇണയോട് പങ്കിട്ട്.. ഇണയുടെ സമ്മത പ്രകാരമെന്ന അവകാശവാദത്തിനായുള്ള ശ്രമം. ഇടയ്ക്കിടക്ക് ടെക്സ്റ്റ്‌ രൂപത്തിലും ആവർത്തിച്ചു കാണാം അത്.
കള്ളം പറയാൻ പഠിപ്പിച്ച ഗുരുക്കളിൽ ഇപ്പോൾ നവമാധ്യമ ഇടവും.
പിന്നവൻ ആ കഥ ചൊല്ലി.
നിരീക്ഷണ പാടവങ്ങൾ

മുപ്പത്തിനാലാം ജന്മനാളിൽ അയാൾ പ്രാണപ്രേയസ്സിക്ക് സ്വർണ്ണ ദളങ്ങളുള്ള കസവുസാരി സമ്മാനിച്ച് ചേർത്തു നിർത്തി കാതിൽ മൊഴിഞ്ഞു. “നീയിതണിയുക ഇന്ന് രാത്രി വരെ.നമുക്ക് ഇന്നത്തെ രാത്രി ആദ്യരാത്രി സാമാനമാക്കേണ്ടതുണ്ട്.”
കസവു സാരി ചുറ്റി അവൾ കണവന്റ മുന്നിലെത്തി. പരിദേവനം മൊഴിഞ്ഞു.
“ഇന്നത്തെ ദിവസം ലീവ് എടുക്കാതെ!!…”
“ഞാനിന്ന് നേരത്തെ എത്തും. ഇയർ എന്റിങ് തിരക്ക് കൊണ്ടല്ലേ.. “
അയാളിറങ്ങിയതും അവൾ കണ്ണാടിക്ക് മുന്നിലെത്തി ദൃശ്യഭംഗി ആസ്വദിച്ചു.

സ്വർണ്ണഇലകൾ പതിച്ച കസവുസാരിയോട് അവൾ കിന്നാരം ചൊല്ലി.
ഫോണിൽ മെസ്സെഞ്ചർ സൂചന മുഴക്കി. ” ഇന്ന് നീ മഞ്ഞ ചുരിദാറിട്ട് വരൂ.. അഴിഞ്ഞു വീണ ആ മഞ്ഞചുരിദാറിലും എനിക്ക് മുഖം പൂഴ്ത്തണം.”
അവന്റെ കാമനകൾക്ക് തടയിടാനാവില്ല. കസവു സാരി വാർഡ്രോബിൽ തൂങ്ങിയാടി. മഞ്ഞചുരിദാറിൽ ഒരുങ്ങി അവളിറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു .
ഓഫീസിൽ ലാപ്ടോപ് സ്‌ക്രീനിൽ
അയാൾ ആ കാഴ്ച നോക്കിയിരുന്നു. വീട്ടിൽ ഗേറ്റിനടുത്തുള്ള cctv ക്യാമറ മാത്രം ചതിക്കാറില്ല.

അവളുടെ മെസ്സെഞ്ചെർ ചാറ്റുകളിൽ അവൻ നുഴഞ്ഞു കയറി. എവിടെയാണ് അവരിന്ന് എന്നറിയാനുള്ള കൗതുകത്തോടെ.. നിരാശ തീർക്കാൻ അവളുടെ കാറിൽ ഒരുക്കിവെച്ച ലൊക്കേഷൻമാപ് അവന് സഹായിയായി.
അന്ന് രാത്രി കസവുസാരി ഉലഞ്ഞു. അധരമുദ്രകൾ കഴുത്തിലും മുഖത്തും ഓടിയലയുമ്പോൾ അവന്റെ നാസിക തിരഞ്ഞു. അന്യ ഗന്ധം.

By ivayana