മൊബൈലിനോടുള്ള ആസ്കതി മൂലം ഇന്ത്യയിൽ യുവജനങ്ങളുടെ ഉറക്കം നഷ്ടപ്പെടുന്നുവെന്ന് പുതിയ സർവ്വേ. 2021 മാർച്ച് മാസം മുതൽ 2022 ഫെബ്രുവരി വരെ നടത്തിയ ഗ്രേറ്റ് ഇന്ത്യൻ സ്ലീപ്പ് സ്‌കോർകാർഡ് 2022 സർവ്വേയിലാണ് ഇത് കണ്ടെത്തിയത്. കിടക്കയുടെ നിർമ്മാതാക്കളായ വേക്ക്ഫിറ്റാണ് പഠനം നടത്തിയത്. ഫോണുകളുടെ ഉപയോഗം ഉറക്കത്തെ രൂക്ഷമായി ബാധിക്കുന്നുണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം.
മെട്രോപൊളിറ്റിയൻ നഗരങ്ങളിൽ ജീവിക്കുന്നവരാണ് കൂടുതൽ പ്രശ്‍നങ്ങൾ അനുഭവിക്കുന്നത്. ഇന്ത്യയിൽ നാലിൽ ഒരാൾക്ക് ഉറക്കവുമായി ബന്ധപ്പെട്ട് പ്രശ്‍നങ്ങൾ ഉണ്ട്. സർവേ പ്രകാരം ആകെ 59 ശതമാനം പേർ മാത്രമാണ് 11 മണിക്ക് ഉറങ്ങുന്നത്. 36 ശതമാനം പേരുടെയും അഭിപ്രായം സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം ഉറക്കത്തെ ബാധിക്കുന്നുണ്ടെന്നാണ്. 88 ശതമാനം പേരും ഉറങ്ങുന്നതിന് തൊട്ട് മുമ്പ് വരെ ഫോൺ ഉപയോഗിക്കുന്നവരാണ്.
18 മുതൽ 24 വയസ്സുവരെ പ്രായമുള്ളവർ തങ്ങൾക്ക് പെട്ടെന്ന് തന്നെ ഉറക്കം നഷ്ടപ്പെടുന്ന പതിവ് ഉണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. 80 ശതമാനം യുവജനങ്ങളും രാവിലെ എണീക്കുമ്പോൾ ക്ഷീണം തോന്നാറുണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ നാലിൽ ഒരാൾ വീതം ഇൻസോമിനിയ അല്ലെങ്കിൽ ഉറക്കമിലായ്മ നേരിടുന്നുണ്ട്.
കൊറോണ രോഗബാധയ്ക്ക് മുമ്പുള്ള സമയത്തേക്കാൾ രാത്രിയിൽ സാമൂഹിക മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നവരുടെ എണ്ണം 57% വർധിച്ചിട്ടുണ്ട്. 31 % സ്ത്രീകളും 23 ശതമാനം പുരുഷന്മാരും തങ്ങൾക്ക് ഉറക്കം ലഭിക്കാത്തത് കൊണ്ടാണ് ഉറങ്ങാത്തതെന്ന് പറയുമ്പോൾ 38% സ്ത്രീകളും 31% ശതമാനം പുരുഷന്മാരും സാമൂഹിക മാധ്യമങ്ങളിൽ സമയം ചിലവഴിക്കുന്നത് കൊണ്ടാണ് ഉറങ്ങാൻ വൈകുന്നതെന്ന് സമ്മതിച്ചിട്ടുണ്ട്.കൊൽക്കത്തയിൽ 40% ആളുകളും അർധരാത്രിക്ക് ശേഷമാണ് ഉറങ്ങുന്നത്. ഹൈദരാബാദിൽ 40 ശതമാനം ആളുകളും ജോലി സംബന്ധമായ തിരക്കുകൾ മൂലമാണ് ഉറങ്ങാൻ വൈകുന്നത്. മുംബൈയിലെ 39% ആളുകളും ഗുരുഗ്രാമിലെ 29% ആളുകളും മൊബൈലിലും, ലാപ്ടോപ്പുകളിലും സമയം ചിലവഴിക്കുന്നത് മൂലമാണ് ഉറങ്ങാൻ വൈകുന്നതെന്നാണ് അറിയപ്പെടുന്നത്.