രചന : സാബു കൃഷ്‌ണൻ ✍

കൺ വെട്ടത്തപ്രതീക്ഷിതം
മുന്നിലെത്തി നിൽക്കുന്നൊരാൾ
കാലത്തിൻ ജാലവിദ്യകൾ
വന്നു ചേരുമാകസ്മികം.


തെല്ലകലത്തു നിൽക്കയാ-
മാനന്ദ മോഹനകാഴ്ച്ച
കൊതിച്ചേറെ,ക്കാണുവാനും
ഒരു പ്രഭാ ക്ഷണാഞജലം.


കാലം പോയി ദിനകര-
ദിനരാത്ര പ്രയാണവും
നിശ്ചലമെന്റെ ജീവിതം
സ്മരണ തൻ നട്ടുച്ചകൾ.


നാളുകളേറെകഴിഞ്ഞു
പിന്നെയും കാണുകയല്ലേ
കണ്ണുകൾ തമ്മിലിടഞ്ഞു
ഓർമ്മ തൻ ബഹിർസ്ഫുരണം.


ഒട്ടും കുറയാത്ത ചന്തം
എങ്കിലും വിഷാദ ഭാവം
പെയ്യും സ്നേഹ നിലാമഴ
വിമൂക നയനാർദ്രങ്ങൾ.


മാതളപ്പൂപോൽ വിരിഞ്ഞ
മന്ദസ്മിതവും വിടർന്നു
ഒരു വാക്കു മിണ്ടാൻ വിതുമ്പി
അധര പുടവും ചലിച്ചു.


എന്തോ പറയുവാനുണ്ട്
എങ്കിലും മിണ്ടുവൻ വയ്യ
മുന്നോട്ടു മെല്ലെ നടന്നു
പിന്നെത്തിരിഞ്ഞൊന്നു നോക്കി.


നീങ്ങിയ പാദ പതങ്ങൾ
വീണ്ടുമൊരുവട്ടം നോക്കി
താവക മാനസം വെമ്പി
കാതര പോയ്‌ മറഞ്ഞു.

സാബു കൃഷ്‌ണൻ

By ivayana