രചന : അരവിന്ദൻ പണിക്കാശ്ശേരി ✍

താൻ പണ്ട് ഒരു വികൃതി കാണിച്ചതിനെപ്പറ്റി കുഞ്ഞുണ്ണിമാഷ് പറഞ്ഞിട്ടുണ്ട്. ഉഗ്ര സാഹിത്യവിമർശകനായിരുന്ന പ്രൊ: ജോസഫ് മുണ്ടശ്ശേരിക്ക് തന്റെ കുറച്ച് കവിതകൾ അയച്ചു കൊടുത്തു , ഇതിൽ കവിതയുണ്ടോ എന്ന കുസൃതിച്ചോദ്യത്തോടെ.
“പരസ്പര ബന്ധമില്ലാത്ത ഈ വരികളെക്കുറിച്ച് ഞാനെന്ത് പറയാനാണ് “
എന്ന് മുണ്ടശ്ശേരി മറുപടിയയച്ചു.
മീറ്റിങ്ങുകളിലോമറ്റോ വച്ച് കാണുമ്പോൾ എൻ.വി.കൃഷ്ണവാരിയർ അഭിനന്ദിക്കും : “കുഞ്ഞുണ്ണീ, കവിത അസ്സലായിട്ടുണ്ട്..”
അദ്ദേഹം പത്രാധിപരായിരിക്കുന്ന വാരികയ്ക്ക് അയക്കുന്ന കവിതകളൊന്നും വെളിച്ചം കണ്ടില്ല.

കാമ്പിശ്ശേരി കരുണാകരനാണ് തന്നെ രക്ഷപ്പെടുത്തിയതെന്ന് കുഞ്ഞുണ്ണിമാഷ് പറയുമായിരുന്നു.ജനയുഗം വാരികയിൽ അദ്ദേഹം,
കുഞ്ഞുണ്ണി കവിത
എന്ന പ്രത്യേക ശീർഷകത്തിൽ അവ പ്രസിദ്ധീകരിച്ചു.
കവിതകൾ പുസ്തകമാക്കിയപ്പോൾ പ്രൊ: കെ.പി. ശങ്കരനെക്കൊണ്ടാണ് കുഞ്ഞുണ്ണിമാഷ് അവതാരിക എഴുതിച്ചത്. ശങ്കരൻ മാഷ് കുഞ്ഞുണ്ണിക്കവിതയുടെ മൗലികത വെളുപ്പെടുത്തി. ആ ക്യാപ്സൂൾ കവിതകളെ ഏറുപടക്കത്തോടാണ് വിശേഷിപ്പിച്ചത്. കേരള കവിതാ ഗ്രന്ഥവരി ആധുനിക കവിതാ പരമ്പര തയ്യാറാക്കിയപ്പോൾ കുഞ്ഞുണ്ണിക്ക് അതിലിടം കിട്ടി. പി.കെ.ബാലകൃഷ്ണനും ബി.രാജീവനുമാണ് ആ പുസ്തകത്തിന് ആമുഖപഠനം തയ്യാറാക്കിയത്.

ബാലകൃഷ്ണന്റെ ലേഖനത്തിൽ നിന്ന് :
വിശേഷ താൽപ്പര്യത്തോടെ കുഞ്ഞുണ്ണിക്കവിതകൾ വായിക്കുന്നതിന് മുമ്പാണ് കുഞ്ഞുണ്ണിമാസ്റ്ററെ ഞാൻ നേരിൽ ദർശിക്കുന്നത്. അതിന് മുമ്പ് , പത്രമാസികൾ മറിച്ച് നോക്കുമ്പോൾ കണ്ണിൽ പെടാറുള്ള ചില നുണുങ്ങു കവിതകൾ കണ്ടിരുന്നതേയുള്ളു. കവാബത്തയുടെ ഒരു നോവലിലൂടെ ജാപ്പനീസ്കവനകലയുടെ മുഖമുദ്രയായ ‘ഹയാക്കൂ ‘ കവിതകളുടെ ചില സാമ്പിളുകളും അവയ്ക്ക് അവിടെയുള്ള മാസ്മര ശക്തിയും യാദൃശ്ചികമായറിഞ്ഞിരുന്നതിനാൽ, മലയാളത്തിലെ ഈ നുണുങ്ങുകവിതക്കാരൻ ആ മാതൃകയനുവർത്തിക്കുന്ന ഒരു ആധുനിക കുഞ്ഞുണ്ണിയാണെന്നാണ് ഞാൻ കരുതിയത്.

കഥാപുരുഷന്റെ തത്സ്വരൂപത്തെ കാണുന്നത് ഒന്നാംകിട ടിപ്പണിയും വ്യാഖ്യാനവും ചേർത്ത് ബൈന്റ്ചെയ്തെടുത്ത ഒരതിസുന്ദര സമഹാരമായിട്ടാണ്. വെളിച്ച പ്രയോഗത്തിന്റെ ഭാവസാധ്യതകളും മറ്റു ചില ദൃശ്യങ്ങളുമിടകലർത്തി തിരുവനന്തപുരത്ത് ശ്രീ.ജി.അരവിന്ദൻ സംവിധാനം ചെയ്തവതരിപ്പിച്ച ഒരു കവിതാസായാഹ്നം. ചിലപ്പോൾ കൊള്ളിമീൻപോലെ അത്യുൽക്കടമായി പ്രകാശിക്കുന്ന അരവിന്ദന്റെ കലാസിദ്ധി അന്ന് കവിതകളവതരിപ്പിച്ചത് കവികൾക്ക് കൂടി വ്യാഖ്യാനം നൽകുന്ന രീതിയിലാണ്. അതിൽ കൊള്ളിമീൻ പ്രകാശിച്ചത് കുഞ്ഞുണ്ണിയുടെ അവതരണത്തിലും.

കർട്ടൻ നീങ്ങുന്നു.
രംഗത്ത് ഇരുട്ട്.
സ്റ്റേജിന്റെ ഇടത് പാർശ്വത്തിൽ നിന്ന് ഒരു നീല ഫ്ലാഷ് ലൈറ്റ് ഇടതു മൂലയിലെ മുൻ വശത്ത് സ്തൂപംപോലെ നാലരയടി പൊക്കമുള്ള പീഠത്തിലിരിക്കുന്ന ഒരു ജീവൽ പ്രതിമയുടെ പുകതിഭാഗത്തെ ദീപ്തമാക്കുന്നു. ബുദ്ധവിഗ്രഹമുറയിൽ മുദ്രയും കാണിച്ചിരിക്കുന്ന ഒരടിയിലേറെ പൊക്കം തോന്നിക്കാത്ത രൂപം. നാലര അടി പൊക്കമുള്ള പീഠക്കിൽനിന്ന് താഴെ വീഴമെന്ന് ഭയന്നിരിക്കുകയാവുമെന്നോർത്ത് ചിരിയൊതുക്കാൻ കഴിഞ്ഞില്ല.

പക്ഷേ, സ്വന്തം ശബ്ദത്തിൽ സ്വയമങ്ങു ലയിച്ച് കൈമുദ്രയിൽ ശ്രുതിമീട്ടി വിഗ്രഹം ഈണത്തിൽ ഇങ്ങനെ ചൊല്ലി :
“എനിക്ക് പൊക്കം കുറവാ –
ണെന്നെ പൊക്കാതിരിക്കുവിൻ
എനിക്കൂക്കു കുറവാ –
ണെന്നെത്താങ്ങാതിരിക്കുവിൻ..”
കൈയടിക്കും കൂട്ടച്ചിരിക്കുമിടയിൽ വീണ കർട്ടൻ പല കവികളെയും പ്രദർശിപ്പിക്കാൻ പിന്നെ പലവട്ടം നീങ്ങുകയുമടയുകയും ചെയ്തു.

ഒടുവിൽ വിശാലമായ സ്റ്റേജിന്റെ ഒത്ത നടുവിൽ വെറും നിലത്ത് വീണ്ടും ബുദ്ധവിഗ്രഹവടിവിൽ മുദ്രയുമായിരിക്കുന്ന ഒരടിപൊക്കക്കാരന്റെമേൽ ശക്തമായ വെള്ളിവെളിച്ചം വീഴ്ത്തിക്കൊണ്ട് വീണ്ടും അതകന്നു. സാക്ഷാൽ കുഞ്ഞുണ്ണി മാസ്റ്ററെത്തന്നെ ഉപാധിയാക്കി വിരുദ്ധ സാദൃശ്യത്തിലൂടെ അരവിന്ദൻ അവതരിപ്പിച്ച രണ്ട് സർറിയലിസ്റ്റിക് കുഞ്ഞുണ്ണിമാരിൽ രണ്ടാമത്തെ കുഞ്ഞുണ്ണിയും

കൈയാംഗ്യത്തോടെ നല്ലലയത്തിൽ ഇങ്ങനെ പാടി :
“പൊക്കമില്ലായ്മയാണെന്റെ
പൊക്കമെന്നറിയുന്നു ഞാൻ..”
(മാർച്ച് 26 കുഞ്ഞുണ്ണി മാഷിന്റെ ചരമദിനം )

By ivayana