പാഴ്‌വസ്തുക്കളിൽ നിന്ന് കരകൗശലവസ്തുക്കൾ ; നടുവട്ടം സ്വദേശി ശൈലേഷിന് 5 വ്യത്യസ്ത റെക്കോർഡുകൾ.

അശ്രദ്ധയോടെ നമ്മിൽ പലരും വലിച്ചെറിയുന്ന പലവിധ വസ്തുക്കളും കൈപ്പുറം നടുവട്ടം സ്വദേശി കുന്നത്തൊടി വീട്ടിൽ ശൈലേഷിന് പൊന്നു പോലെ കാത്തു വയ്ക്കാൻ ഉള്ള പലതുമാണ്.
ഉപയോഗശൂന്യമായ വിവിധതരം പാഴ്‌വസ്തുക്കളിൽ നിന്ന് ഇതിനകം 300ൽ ഏറെ കരകൗശലവസ്തുക്കൾ നിർമ്മിച്ച് വ്യത്യസ്തനായ ഇദ്ദേഹത്തെ തേടി ഈ അടുത്ത കാലത്ത് വിരുന്നെത്തിയത് 5 മികവുറ്റ റെക്കോർഡുകൾ.

ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, കലാം സ് വേൾഡ് റെക്കോർഡ്സ്, ബ്രാവോ ഇന്റർനാഷണൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ്,ട്രിമ്പു വേൾഡ് റെക്കോർഡ് തുടങ്ങി അഞ്ചു ലോകോത്തര അംഗീകാരങ്ങളാണ് ഈ അടുത്ത കാലത്തായി ഇദ്ദേഹത്തെ തേടിയെത്തിയത്.
ഉപയോഗശൂന്യമായ കുപ്പികൾ, പേപ്പർ, ചിരട്ട, മുട്ടത്തോട്, കാർഡ്ബോർഡ് തുടങ്ങിയ നിരവധി വസ്തുക്കൾ ആണ് നിർമാണത്തിന് ഉപയോഗിക്കുന്നത്.

വീണ, വയലിൻ, തബല ഹാർമോണിയം, കഥകളി വേഷങ്ങൾ കലാരൂപങ്ങൾ തുടങ്ങി നിരവധി കരകൗശല വസ്തുക്കൾ നിർമിച്ചിട്ടുണ്ട്.ഇതിനകം 300 ൽ പരം വിവിധ കരകൗശലവസ്തുക്കൾ നിർമ്മിക്കുകയും ആവശ്യക്കാർക്ക് വിൽപ്പന നടത്തുകയും ചെയ്തിട്ടുണ്ട്.

പട്ടാമ്പി നടുവട്ടം വരരുചി വിദ്യാനികേതൻ സ്കൂൾ പരിസര നിവാസിയായ ശൈലേഷ് ഭാരതിയാർ സർവകലാശാലയിൽ എം എ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠനം പൂർത്തിയാക്കി. കൂടാതെ നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ്ങിന്റെ കീഴിൽ മെക്കാനിക് ഡീസൽ കോഴ്സിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് ജേതാവാണ്. നാൽപതിൽ പരം ആൽബം ഗാനങ്ങൾ രചിച്ചിട്ടുണ്ട് ഒരു ഗാനം സ്വന്തമായി സംഗീതവും നൽകി. പ്രശസ്ത സിനിമ പിന്നണി ഗായകരായ ഗായത്രി അശോകൻ അഭിജിത് കൊല്ലം തുടങ്ങിയവർ ശൈലേഷിന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.കാണാമറയത്ത്, മറന്നു വെച്ച വിരൽ തുടങ്ങി നിരവധി പുസ്തക സമാഹാരങ്ങളിൽ കവിതകൾ കഥകൾ എന്നിവ രചിച്ചിട്ടുണ്ട്.അമ്മമയും സമൂഹമാധ്യമങ്ങളിലെ കൂട്ടുകാരും രക്ഷിതാക്കളും ആണ് കലാസൃഷ്ടികൾക്ക് ഏറെ പ്രചോദനം നൽകുന്നത്.
ഗോപകുമാർ അംബിക ദമ്പതികളുടെ മകനാണ്. സഹോദരൻ വിഷ്ണു.(ചിത്രം കടപ്പാട്)

By ivayana