രചന : മാത്യു വർഗീസ് . ✍

ഊതല്ലെ കാറ്റെ, ഒരല്പനാൾക്കൂടെയീ.,
ചില്ലയിൽ നിന്നു ചിരിക്കട്ടെ ഞാൻ !
മഞ്ഞച്ചതല്ലെയുള്ളൂ, ഒരു നാൾവരും
തനിയെയുണങ്ങി അടർന്നുകൊള്ളാം.

കണ്ടുവോ കാഫലം ,തിങ്ങി നിറഞ്ഞു .,
നിൽക്കുന്ന മരത്തിന്റെ താഴ്മകണ്ടോ ?
എന്റെയും ,പങ്കിനെ അറിയുമോ ഞാനെ-
ത്ര രാപ്പകൽ ചെയ്തതിൻ കർമ്മ ഫലം!

ഇലയായി പച്ചച്ച വേനലിൽ തെല്ലു
തളർന്നെങ്കിലും ,വർഷമെത്തിയപ്പോൾ
പുതുനാമ്പുകൾ ,പുതു തലമുറതളിരി-
ട്ടതൊക്കെയും മുദമോടെ കണ്ടുനിന്നും

അതുതാനേയെൻ ഗതിയെന്നറിയാതെയാ
-മഞ്ഞച്ചയിലകൾ കൊഴിഞ്ഞുപോകെ
തെല്ലഹങ്കാരത്തിലന്നു ചിരിച്ചു ,
ചിരം വാഴുമെന്ന്, നിനച്ചു പോയി!

ഒരു പൂർണ്ണചന്ദ്രനെ കാണുവാനൊരുമാത്ര
പാൽ നിലാവിൽ മുങ്ങി നീരാടുവാൻ !
കൊതിയാണ്, കാറ്റേ അടർത്തിമാറ്റല്ലേ,
നീ! ഞെട്ടറ്റു വീണു പോവില്ലെ ഞാനും?

നിയതിയ്ക്കു തെല്ലും പിഴയ്ക്കാത്ത
ഗണിതത്തിലാരുണ്ട് ആചന്ദ്രതാരം വരെ?”
ഹരിതമാം മുകുളങ്ങളെ, വാഴ്കസഹജരെ
ഇല, പിന്നെ മെല്ലെ കൊഴിഞ്ഞു പോയി!!”

മാത്യു വർഗീസ്

By ivayana