രചന : ഉണ്ണി അഷ്ടമിച്ചിറ ✍

“അച്ഛൻ മരുന്ന് കഴിച്ചില്ല കേട്ടോ”. ഈ വക കാര്യങ്ങളൊന്നും ആരും ഓർമ്മിപ്പിക്കേണ്ടി വന്നിട്ടില്ല. മകളുടെ കല്യാണശേഷമുണ്ടായ ഒറ്റപ്പെടലിൽ ഇങ്ങിനെ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇന്നിപ്പോ അവളും ഭർത്താവും വീട്ടിലുണ്ടായിരുന്നതുകൊണ്ട് അത് ശ്രദ്ധിച്ചു.
“മുടങ്ങാതെ കഴിക്കണമെന്ന് ഡോക്ടർ പറഞ്ഞിട്ടുള്ളതല്ലേ?”. ഇനി ഇതിൽ പിടിച്ച് അവൾ പലതും പറഞ്ഞു കൊണ്ടിരിക്കും. മകൾ നീട്ടിയ ഗുളികയും വെളളവും കൈപ്പറ്റുമ്പോൾ വെറുതേ അവളെ തണുപ്പിക്കാനായി ഒരു ഉപായമെടുത്തു.
” ഞാൻ മറന്നതല്ല കുട്ടീ…… കിടക്കാൻ നേരം കഴിക്കാമെന്ന് കരുതി. അത്രേള്ളൂ”. മുഖത്തു നോക്കിയില്ല. ഗ്ലാസും മരുന്നുമായി വരാന്തയിലേക്ക് നടന്നു.

രാധികയുടെ വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയിട്ടുള്ളൂ. അവൾ ആഴ്ചയിലൊരിക്കലെങ്കിലും ഭർത്താവിനേയും കൂട്ടി ഇവിടെ വന്നു നിൽക്കും. രാധികാ മധുസൂദനിൽ നിന്നും രാധികാ രാജേഷിലേക്ക് മാറാൻ ഇനിയും കുറച്ചു കാലം കൂടി വേണ്ടിവരും. മധുസൂദനൻ എന്ന എനിക്ക് എന്നും കൂട്ടായുള്ളത് എൻ്റെ ജലാസ് മാത്രമാണ്. കുട്ടികൾ ജലജ ടീച്ചറെ മറന്നിട്ട് വർഷങ്ങളേറെ ആയിട്ടുണ്ടാകും. പക്ഷേ ജലാസ് ഇപ്പോഴും എൻ്റൊപ്പമുണ്ട്.

അത്താഴത്തിന് അരിഭക്ഷണം പാടില്ല. കൂടാതെ കടുത്ത നിയന്ത്രണങ്ങൾ വേറേയുമുണ്ട്. പ്രഷറിനുള്ള മരുന്ന് മറക്കാനേ പാടില്ല. ഇതൊക്കെ മകളുടെ നിർദ്ദേശങ്ങളാണ്. ആ കാര്യത്തിൽ അവൾ അമ്മയുടെ മകൾ തന്നെ. കുട്ടികളോടെന്നപോലെയാണ് ശ്രദ്ധ. അതുകൊണ്ടു തന്നെ ഏറെക്കുറെ അനുസരിക്കാറുമുണ്ട്. വായിക്കാൻ ഏതെങ്കിലും പുസ്തകമുണ്ടാകും. വായിച്ചുറങ്ങുതാണ് ശീലം. മെല്ലെ തിരിയുന്ന ഫാൻ മുറിയിലെ വായുവിൽ ചന്ദ്രിക സോപ്പിൻ്റെ മണം കലർത്തുമ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം നെഞ്ചത്തേക്കിറക്കി വയ്ക്കും.

ഈറൻ മാറാത്ത കേശഭാരം ഇടതുഭാഗത്തൊരു തണുപ്പായി അനുഭവപ്പെടുമ്പോൾ ഞാൻ ആ വശത്തേക്ക് തലയൊന്ന് ചരിക്കും. അപ്പോൾ രാമച്ചമിട്ടു കാച്ചിയ എണ്ണയുടെ മണം നാസാരന്ധ്രങ്ങൾക്ക് ഉന്മേഷം പകരും. ജലാസ് അരികിലുണ്ട്. ഞങ്ങൾക്ക് പങ്കുവയ്ക്കാനൊത്തിരിവിശേഷങ്ങളുണ്ടാകും. ഇതിനിടക്കെപ്പഴോ അവൾ എഴുന്നേറ്റിരുന്ന് വെരിക്കോസ് വെയിൻ വികൃതമാക്കിയ എൻ്റെ കാലുകൾ ഉഴിയും. തടിച്ച് പാമ്പിൻ കുഞ്ഞുങ്ങൾ പോലെ പിണഞ്ഞു കിടക്കുന്ന ഞരമ്പുകൾക്കു മേലെ അവളുടെ വിരലുകൾ അമരും.

” ഇന്ന് മരുന്ന് മറന്നായിരുന്നുല്ലേ?”. ഞാൻ ആ മുഖത്തേക്ക് നോക്കിയില്ല.
” രാധു ഓർമ്മിപ്പിച്ചില്ലായിരുന്നെങ്കിലോ”. ഒന്നും പറയാൻ നിന്നില്ല. ഞാൻ ചിരിച്ചു.
” ഗീതു മോളുടെ കാര്യമെന്തായി. അന്വേഷിച്ചോ?…. അതോ അതും…. “. ഇത്തരം നോവിക്കാതുള്ള കുറ്റപ്പെടുത്തലുകൾ ജലാസിൻ്റെ ശൈലിയാണ്.
” ഞാൻ പോയിരുന്നു പ്രീയപ്പെട്ടവളേ….. നീ പറഞ്ഞതുപോലെ തുകയും കൈമാറി. വളരെ ദയനീയമാണ് അവിടത്തെ അവസ്ഥ. പാലിയേറ്റീവ്കാര് ദിവസവും വരുന്നുണ്ട്. ഇനി കാര്യമില്ല.” ജലാസിൻ്റെ മുഖം താഴ്ന്നിരുന്നു. എൻ്റെ കാലിലെ തടിച്ച ഞരമ്പുകളിലായിരുന്നു അവളുടെ നോട്ടം.

“സാരമില്ല….. നിങ്ങൾ ചെയ്യേണ്ടത് ചെയ്യൂ. ബാക്കി ….” അവൾ ആ വാചകം മുറിച്ചു. ആ മുഖത്ത് സങ്കടമുണ്ട്. ഒരു സ്നേഹസ്പർശത്തിൻ്റെ സുഖത്തിൽ എൻ്റെ കണ്ണുകൾ ഞാനറിയാതെ അടഞ്ഞുപോയി.
ഫോട്ടോസ്റ്റാറ്റ് എടുക്കാനും പേപ്പർ മുതലായ സ്റ്റേഷനറികൾ വാങ്ങാനും ദിവസേന കടയിൽ എത്തുന്ന പെൺകുട്ടികളിൽ ഒരുവൾ മാത്രമായിരുന്നു ഗീതു. കലപില കൂട്ടിയെത്തുന്ന ഇൻസ്റ്റിട്യൂട്ടിലെ പെൺകൂട്ടങ്ങൾ കടയാകെ ശബ്ദമുഖരിതമാക്കുമെങ്കിലും കേട്ടിരിക്കാൻ രസമാണ്.

ചിലർ അങ്കിളേന്ന് വിളിക്കും ചിലർ മാമാന്നും മറ്റുചിലർ ചേട്ടാന്നും വിളിക്കും. അഞ്ചു രൂപയുടെ പേപ്പർ വാങ്ങാൻ പത്തുപേരുടെ കൂട്ടമാണെത്തുക. മോഷണം കലയാക്കിയവരും കൂട്ടത്തിലുണ്ടാകും. മോഷണമുതൽ തിരിച്ചുപിടിക്കുമ്പോഴും പ്രത്യേകിച്ച് ഭാവവ്യത്യാമൊന്നുമില്ലാതെ അവർ പറയും “ശ്ശൊ…. ഈ അങ്കിളിൻ്റെ കാര്യം .ഒന്നും അടിച്ചുമാറ്റാനും സമ്മതിക്കില്ല”. കുട്ടികളല്ലേ…. ചിരിച്ചു കളയുക തന്നെ.
“സ്വയം പര്യാപ്തതയ്ക്ക് മക്കളേതായാലും ഈ തൊഴിൽ അഭ്യസിക്കണ്ട ” തമാശയിലൂടെ ചെറിയൊരു ഉപദേശവും നൽകും. പെൺകുട്ടികളുടെ ഉന്നമനത്തെ ലക്ഷ്യമാക്കി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം വിഭാവനം ചെയ്ത തൊഴിലധിഷ്ഠിത പഠന പദ്ധതിയുടെ ഗുണഭോക്താക്കളാണീ കുട്ടികൾ.

യൂണിഫോമിലല്ലാതെ കൂട്ടം തെറ്റി ഒറ്റയ്ക്കു വന്നിരുന്ന ഗീതുവിനെ താൻ ശ്രദ്ധിച്ചിരുന്നേയില്ല. ഒരു ദിവസം ഒരു ബൺഡിൽ A4 ഷിറ്റ് കൊടുത്ത ശേഷം ബാക്കി കൊടുക്കാൻ ചില്ലറ തികയാതെ വന്നപ്പോഴാണ് ഗീതു എൻ്റെ ശ്രദ്ധയിലേക്ക് ഇടിച്ചു കയറിയത്.
” ചില്ലറയില്ലേൽ ബാക്കി അച്ഛൻ്റെ കയ്യിലിരുന്നോട്ടേ…. ഞാനിനി വരുമ്പോൾ വാങ്ങിച്ചോളാം”. മാമാ, അങ്കിളേ, ചേട്ടാ വിളികൾക്കപ്പുറം അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ “അച്ഛാ ” വിളി.

അന്നു രാത്രിയിൽ ഞാനീ വിവരം ജലാസിനോട് പറഞ്ഞു. അവൾ ഗീതുവിനെ കുറിച്ച് എന്തൊക്കെയോ ചോദിച്ചു . മൂന്ന് മാസം മുമ്പ് കോഴ്സിന് ചേർന്ന ജിൻസിയേ, രജിതയെ, സത്യയെ, ആസിയയെ കുറിച്ചൊക്കെ ഞാൻ പറയാറുണ്ട്. പക്ഷേ ഏതാണ്ട് രണ്ടു വർഷത്തിലേറെയായി സ്ഥിരമായി കാണുന്ന ഗീതുവിനെ കുറിച്ച് എനിക്കൊന്നും പറയാൻ കിട്ടിയില്ല. പിന്നെ പതുക്കെ പതുക്കെ ഗീതുവിനെ അറിയാൻ ശ്രമം തുടങ്ങി. വനിത ഇൻസ്റ്റിട്യൂട്ടിലെ ജീവനക്കാരിയാണവൾ.

ഏക നോൺ ടീച്ചിങ് സ്റ്റാഫ്. കഷ്ടിച്ച് അഞ്ചടി പൊക്കമുണ്ട്.ഇരു നിറം. തലയിൽ തേച്ച എണ്ണ മുഖത്തും പടർന്നിട്ടുണ്ട്. ഭഗവതീടെ അമ്പലത്തിലെ മഞ്ഞൾപ്രസാദം നെറ്റിയിൽ മാത്രമല്ല കവിളത്തുമുണ്ടാകും. പക്ഷേ മുഖക്കുരു കലകളെ മറയ്ക്കാൻ പ്രാപ്തമായിരുന്നില്ലത്. ആ വട്ടമുഖത്തെ സ്ഥായിയായ ഭാവം ഗൗരവമോ അതോ ദുഖമോ എന്ന് ഉറപ്പിച്ച് പറയാനാവില്ല. അച്ഛനും അമ്മയും ചെറുപ്പത്തിലേ നഷ്ടപ്പെട്ടതാണവൾക്ക്. അതൊരു റോഡപകടമായിരുന്നത്രേ. പിന്നീട് അവിവാഹിതയായ ചെറിയമ്മയുടെ സംരക്ഷണയിലാണ് ഗീതു വളർന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് ചെറിയമ്മയെ കാൻസർ ഗ്രസിച്ചു തുടങ്ങിയപ്പോൾ അവളുടെ ജീവിതത്തിൽ കഷ്ടകാലത്തിൻ്റെ രണ്ടാം ഘട്ടം ആരംഭിക്കുകയായിരുന്നു. ചികിത്സക്കായി വീടും പറമ്പും വിൽക്കേണ്ടി വന്നു.

ബാക്കിയായ പഴയ കൊപ്രക്കളത്തിലെ സംഭരണ മുറിയോടൊപ്പം ഒരു കുളിപ്പുരയും ചെറിയ അടുക്കളയും ചേർത്തുവച്ച് വീടാക്കി. ഡിഗ്രി കഴിഞ്ഞപ്പോഴേക്കും വിദ്യാഭ്യാസം അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴേക്കും ചെറിയമ്മ അവശയായിരുന്നു. പൊതുവേ പിശുക്കനെന്നറിയപ്പെടുന്ന ജോൺ എബ്രഹാം ഗീതുവിന് തൻ്റെ ഇൻസ്റ്റിട്യൂട്ടിൽ ജോലി നൽകി. ശമ്പളം കുറവാണെങ്കിലും അത് കൃത്യമായി നൽകാൻ അയാൾ ശ്രദ്ധിച്ചിരുന്നു. എന്നും രാത്രിയിൽ ഞാനും ജലാസും ഏറെ സംസാരിച്ചിരുന്നത് ഗീതുവിനെ കുറിച്ചായിരുന്നു.

“ഇന്നും ഞാൻ ശ്രദ്ധിച്ചു. അവൾക്ക് നരച്ച ചുരീദാറുകൾ മാത്രമേയുളളൂ. കഷ്ടം തോന്നി”. എൻ്റെ മുഖത്തെ വിഷാദത്തെ പരിഹസിക്കും പോലെ ജലാസ് ചിരിച്ചു.
“നിങ്ങളെന്തു മനുഷ്യനാണ്. അവൾ അച്ഛാന്ന് വിളിക്കുമ്പോൾ ഹർഷപുളകിതനാകും. പക്ഷേ അച്ഛൻ്റെ സ്ഥാനത്തു നിന്ന് നിങ്ങളെന്തെങ്കിലും ചെയ്യുന്നുണ്ടോ?”. അവളുടെ ചോദ്യത്തിന് പ്രസക്തിയുണ്ട്. ഒരിക്കൽ കേട്ട “അച്ഛാ” വിളിയുടെ കൗതുകം ഞാൻ ജലാസുമായി പങ്കുവയ്ക്കുക മാത്രമാണ് ചെയ്തത്. പക്ഷേ പിന്നീടവൾ അത് എന്നിലെ പിതൃഭാവത്തിൽ അലിയിച്ചു ചേർത്തു. ദിനംപ്രതി അതെന്നെ അസ്വസ്ഥനാക്കി കൊണ്ടിരുന്നു. രാധുവും ഗീതുവും ഒന്നായ രണ്ടാണെന്ന് ഞാനറിഞ്ഞു. അങ്ങിനെയാണ് രാധുവിനേയും കൂട്ടി ഒരു ദിവസം ഗീതുവിനെ കാണാൻ പോയത്. അമ്മ പറഞ്ഞിട്ടാണ് എന്ന് പറഞ്ഞതു കാരണമാകാം രാധു തടസ്സമൊന്നും പറയാതെ എൻ്റൊപ്പം വന്നു. അന്ന് ഗീതുവിന് ഞങ്ങളൊരു അത്ഭുത കാഴ്ചയായി .

” ഇത് മകളാണ്…… രാധിക”. മടക്കി ചാരിവച്ചിരുന്ന ഇരുമ്പുകസേര നിവർത്തിയിട്ടിട്ട് ഒരു ന്യൂസ് പേപ്പർ കഷണം വിരിച്ചു.
“അപ്പടി തുരുമ്പാണേ……. വസ്ത്രത്തിലാകണ്ട”.
” അല്ലാ….. അച്ഛനെന്താ…. ഈ വഴിക്ക് “. ഗീതു ചിരിച്ചു.
“ഞങ്ങളെ ജലാസ് പറഞ്ഞു വിട്ടതാ”. ഗീതുവിന് ഒന്നും മനസ്സിലായിട്ടില്ല. അവൾ രാധുവിൻ്റെ മുഖത്തു നോക്കി.
” അത് അമ്മയാണ്. ജലജയെന്നാണ് പേര്. അച്ഛൻ വിളിക്കുന്നതാണ് ജലാസെന്ന്”.
“എന്നിട്ട് അമ്മയെന്തേ വന്നില്ല”. രാധു ഒന്നു പരുങ്ങി. അച്ഛന് അപ്രിയമായതെന്തോ സമർത്ഥമായി മറച്ചുവയ്ക്കാൻ അവൾ ശ്രമിക്കുന്നതും കണ്ടു.

“അമ്മ ഇനിയൊരിക്കൽ വരും…… ജലാസിന് ഭയങ്കര തിരക്കല്ല്യോ…..”. തമാശ രൂപേണ ആ രംഗത്തിൽ അവൾ മായം കലർത്തുന്നത് ഞാൻ നോക്കി നിന്നു. മുറിയുടെ അങ്ങേതലക്കൽ കട്ടിലിൽ കിടന്നിരുന്ന ഒരു രൂപം ഒന്നനങ്ങി. അത് മെല്ലെ ഉയർന്ന് ചുമര് ചാരിയിരുന്നു. രോഗാവസ്ഥ അവരെ പടുവൃദ്ധയുടെ വേഷം കെട്ടിച്ചിരിക്കുന്നു. വിളറിയ ചിരിയുമായി അവർ ഇരുന്നു.
“ഇതാണ് ചിറ്റ….. “. ചിറ്റക്കെന്തോ പറയാനുണ്ട്. പക്ഷേ തേങ്ങലുപോലുള്ള ചില ശബ്ദങ്ങൾ മാത്രമേ പുറത്തു വരുന്നുള്ളൂ. രാധിക കൊണ്ടുവന്ന പൊതി അഴിച്ചു. ഒരു ഓറഞ്ച് പൊളിച്ച് അല്ലികൾ നൽകിയപ്പോൾ അത് ആ മുഖത്തിന് സന്തോഷം നൽകി.
“വെള്ളം പോലുള്ള ഭക്ഷണം മാത്രമേ കഴിക്കാൻ പറ്റൂ. ലേശം പാലും പഴച്ചാറുകളും മാത്രമാണ് …….”. വാചകം മുഴുമിപ്പിക്കാൻ ഗദ്ഗദം തടസ്സമായപ്പോൾ ഗീതു പിന്തിരിഞ്ഞു, കണ്ണുകൾ തുടച്ചു. ദുരവസ്ഥയും നിസ്സഹായതയും അധികനേരം നോക്കി നിൽക്കാനായില്ല.

പുറത്തിറങ്ങുന്നതിന് മുമ്പ് രാധിക തുണിക്കടയുടെ പേരുള്ള ഒരു പോളിത്തിൻ സഞ്ചി ഗീതുവിന് നേരെ നീട്ടി.
“ഇത് ഗീതുവിനുള്ളതാണ്. രണ്ട് ചുരീദാറുണ്ട്.” ഗീതു രണ്ടടി പുറകോട്ട് മാറി. ആ മുഖത്ത് അപകർഷതാബോധം നിഴലിക്കുന്നതു കണ്ടു.
“സാരമില്ല വാങ്ങിച്ചോളൂ…. മോൾക്ക് ജലാസ് തന്നുവിട്ടതാ…. “. ഗീതുവിൻ്റെ നിർവികാരതയിൽ അത് ബലമായി തിരുകി വച്ച് രാധിക പുറത്തേക്കിറങ്ങി. ബൈക്കിനടുത്തെത്തി തിരിഞ്ഞു നോക്കുമ്പോൾ ആ പൊതിയും നെഞ്ചത്തു ചേർത്തു പിടിച്ച് വിതുമ്പുന്ന ഗീതുവിനെയാണ് കണ്ടത്. രാത്രിയിൽ ഈ കഥകളൊക്കെ പറഞ്ഞു കഴിഞ്ഞപ്പോൾ ജലാസിൻ്റെ കണ്ണുകളും തിളങ്ങുന്നതു കണ്ടു. ജലാസിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് “അപകടകര”മാണ്. ഒരു സാന്ത്വനം അടുത്തെത്തിയാൽ അവൾക്ക് നിയന്ത്രണം നഷ്ടമാകും, പൊട്ടിക്കരയും….. നിലവിളിക്കും, ചിലപ്പോൾ കുഴഞ്ഞു വീഴും. ഇനിയിപ്പോൾ വിഷയം മാറ്റുകയാവും നന്ന്.

“അതേയ്….. നിനക്ക് ഇഷ്sപ്പെടുന്ന കളറും ഡിസൈനുമാണ് ഞാൻ സെലക്ട് ചെയ്തത്. പക്ഷേ രാധുവിൻ്റെ സെലക്ഷൻ വേറെയായിരുന്നു. ഒടുവിൽ തർക്കിക്കാൻ നിന്നില്ല. രണ്ടുമെടുത്തു “. ജലാസ് മുഖമുയർത്തി.
“എൻ്റെയോ രാധൂൻ്റെയോ ഇഷ്ടമല്ല….. ആ ഡ്രസ്സ് ഗീതുവിന് യോജിക്കുമോന്നാണ് നോക്കേണ്ടത്”. ഹാവൂ…. രക്ഷപ്പെട്ടു. ആ മുഖത്ത് ചിരി വിടർന്നിട്ടുണ്ട്.
” അതേയ്… ഇളയമ്മയെ നോക്കാൻ ഒരു ഹോംനേഴ്സിനെ ഏർപ്പാടാക്കി കൊടുക്കണം”.
” ജലാസേ….. നീ എന്തായീ പറയുന്നേ?. അതിനുള്ള പൈസ എവിടുന്ന് കണ്ടെത്താനാ?. ആകെ കടേന്നുള്ള വരുമാനമല്ലേ എനിക്കുള്ളൂ”.
” അതു സാരമില്ല. രാധു വിനോടും സഹായിക്കാൻ പറയ് “. ഇനി അപ്പീലില്ല, അനുസരിക്ക തന്നെ.

എൻ്റെ പ്രവർത്തികളെ അംഗീകരിക്കാൻ പലപ്പോഴും ഗീതു തയ്യാറല്ലായിരുന്നു. പക്ഷേ ജലാസ് പറഞ്ഞിട്ടാണ് താനിതൊക്കെ ചെയ്യുന്നതെന്ന് പറയുമ്പോൾ അവളിതുവരെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത ജലാസിന് വേണ്ടി മൗനം പാലിക്കും. പലപ്പോഴും അവിടെ ചെല്ലുമ്പോൾ ഗീതു ജലാസിനെ അന്വേഷിക്കും. ഞാൻ കൂടെയുള്ളതിനാലാകാം രാധിക ആ ചോദ്യത്തിൽ നിന്നും തന്ത്രപൂർവ്വം ഒഴിഞ്ഞുമാറിയിരുന്നു.

രാത്രികളിൽ ഞങ്ങളുടെ സംസാരം ഗീതുവിനെ കുറിച്ചു മാത്രമായി. സാഹിത്യവും, ഭക്തിമാർഗ്ഗവും, ലളിതഗാനങ്ങളുമെല്ലാം ജലാസ് മറന്നതുപോലായി.
ചെറിയമ്മയുടെ ശവദാഹം കഴിഞ്ഞുടനെ പുറപ്പെടാനൊരുങ്ങിയ ഹോം നേഴ്സിനോട് യാത്ര നാളേയ്ക്ക് മാറ്റാൻ നിർദ്ദേശിച്ചിട്ടാണ് ഞാനും രാധുവും രാത്രി അവിടെ നിന്നും പോന്നത്. ഗീതുവിനെ ഒറ്റയ്ക്കാക്കി പോന്നതിനെ ജലാസ് അംഗീകരിച്ചില്ല. രാവിലെ തന്നെ അവളെ കൂട്ടിയിട്ട് വരണമെന്ന് ചട്ടം കെട്ടി.

” ഒരു പെൺകുട്ടിയെ അങ്ങിനെ കൂട്ടികൊണ്ടു വരാനാകുമോ?. സാമൂഹികമായും നിയമപരമായുമുള്ള പ്രശ്നങ്ങളുണ്ടാവില്ലേ?.”
“അവൾ പ്രായപൂർത്തിയായ കുട്ടിയല്ലേ? അവളെ തടയാൻ ആർക്കുമാവില്ല.”
“അപ്പോ…. ജലാസേ…. നിന്നെ കാണണമെന്ന് അവൾ പറയില്ലേ?. അപ്പോൾ എന്തു ചെയ്യും”. ജലാസ് ചിരിച്ചു.
“അതിനുള്ള ഉത്തരം എൻ്റെ രാധു പറഞ്ഞോളും”.
രാവിലെ തന്നെ കുളി കഴിഞ്ഞ് നല്ലവസ്ത്രങ്ങളണിഞ്ഞ്, നിശ്ചയദാർഡ്യത്തോടെ ജീവിതത്തിൻ്റെ മറ്റൊരു അദ്ധ്യായത്തിന് തയ്യാറെടുക്കുന്ന ഗീതുവിനെയാണ് ഞങ്ങളവിടെ കണ്ടത്. കഴിഞ്ഞ അദ്ധ്യായത്തിൽ ബാക്കിയാകുമായിരുന്ന കണ്ണുനീരെല്ലാം ഒറ്റ രാത്രി കൊണ്ട് ഒഴുക്കി കളഞ്ഞതിൻ്റെ ആശ്വാസവും ഒപ്പം ക്ഷീണവും ആ മുഖത്ത് കണ്ടു. ഞങ്ങളെത്തുന്നതു വരെ കാത്തു നിൽക്കാതെ നേരം പുലർന്നപ്പോൾ തന്നെ ഹോംനേഴ്സ് പോയി. കുറച്ചു നാളത്തെ അടുപ്പം കൊണ്ടുതന്നെ രാധികയും ഗീതുവും ബന്ധം ദൃഢമാക്കിയിട്ടുണ്ട്. മൂന്നു പേർക്കിടയിലെ മൗനം മുറിയ്ക്കാൻ ഞാൻ തീരുമാനിച്ചു.

” ഗീതുമോളേ….. ഇനിയുള്ള ചടങ്ങുകൾ എങ്ങിനെയാണ് വേണ്ടത് “.
” ഇനി ചടങ്ങുകളൊന്നും വേണ്ടച്ഛാ……. ചിറ്റ അത് പ്രത്യേകം പറഞ്ഞിരുന്നു. എനിക്കും അതിലൊന്നും വിശ്വാസമില്ല. എനിക്ക് എല്ലാം അവരായിരുന്നു. അവർ ഇപ്പോഴും എൻ്റെ മനസ്സിൽ നിറഞ്ഞു നിൽപ്പുണ്ട്”.
” അങ്ങിനെയെങ്കിൽ ചിറ്റ മറ്റെന്തെങ്കിലും പറഞ്ഞിരുന്നോ?….. അന്ത്യാഭിലാഷം പോലെ… “.


ഗീതു എന്തോ ആലോചിച്ചു. ഞങ്ങളെ രണ്ടാളേയും മാറി മാറി നോക്കി.
“നിങ്ങളെ മൂന്നു പേരേയും ഒത്തിരി ഇഷ്ടമായിരുന്നു ചിറ്റയ്ക്ക്. ഞങ്ങളുടെ ജീവിതത്തിലേക്ക് ദൈവമയച്ച മാലാഖമാരെന്നാണ് അവർ പറയാറ്. ചിറ്റയുടെ സ്ഥാനത്ത് രാധികേച്ചിയുടെ അമ്മയെ കാണണമെന്നും, എല്ലാ നല്ല കാര്യങ്ങൾക്കു മുമ്പും അവിടെയെത്തി അനുഗ്രഹം വാങ്ങണമെന്നും പറഞ്ഞിരുന്നു”. ഞാൻ മുഖം താഴ്ത്തി നിന്നു. രാധിക ഗീതുവിൻ്റെ അടുത്തേക്കു നീങ്ങി. അവളുടെ തോളത്ത് കൈവച്ചു.

“ഞങ്ങൾ ഗീതുവിനെ കൊണ്ടുപോകാനാണ് വന്നത്”.
” കൊണ്ടു പോകയോ? എങ്ങോട്ട് ? “. ഗീതു ഉമ്മറപ്പടിയിലിരുന്നു. രാധിക അവളെ ചേർന്നിരുന്നു.
” അതേ ഗീതു . ജലാസ് പറഞ്ഞിട്ടാണ് ഞങ്ങൾ വന്നത്. ഈ പാവം അച്ഛൻ്റേയും ഞങ്ങളുടെ ജലാസിൻ്റേയും മകളായി, എൻ്റെ കുഞ്ഞനുജത്തിയായി ഞങ്ങളോടൊപ്പം കൂട്ടാൻ വന്നതാണ്”. ഗീതുവിൻ്റെ മുഖത്ത് ഒരു അന്താളിപ്പ് പ്രകടമായി. അവൾ എന്നേയും രാധുവിനേയും മാറി മാറി നോക്കി.
” വേണ്ട രാധേച്ചീ….. ഞാനൊരു നീചജന്മമാണ്. അച്ഛൻ്റേം അമ്മേടേം വാത്സല്യം അറിഞ്ഞിട്ടില്ല. ഇപ്പോഴിതാ ചിറ്റയേയും കൊണ്ടുപോയി. ഇനി നിങ്ങളുടെ ജീവിതത്തിലും ഒരു ദുരന്തമാകാൻ ഞാനെന്തിനാ…?”. ഗീതു മുഖം പൊത്തി കരയാൻ തുടങ്ങി. സമാധാനിപ്പിക്കാൻ രാധു ഒത്തിരി പാടുപെടുന്നുണ്ട്.

” സങ്കടപ്പെടല്ലേ മോളേ…. ജലാസ് അല്ലേ വിളിക്കുന്നത് “. ജലാസിൻ്റെ പേരു പറഞ്ഞാൽ ഒരു പക്ഷേ അവൾ കീഴടങ്ങുമെന്ന് ഞാൻ വിശ്വസിച്ചു. പെട്ടെന്നവൾ കരച്ചിൽ നിർത്തി. എന്നെ തുറിച്ചു നോക്കി.
” അച്ഛൻ പല പ്രാവശ്യം വന്നു. രാധേച്ചിയും വന്നു. അമ്മ ഒരു പ്രാവശ്യം പോലും…… “. അവൾ വീണ്ടും കരച്ചിലിലേയ്ക്കു പോയി.
“ഈ അവസരത്തിലെങ്കിലും അമ്മ വരുമെന്ന് കരുതി….. “. ഇനി രാധുവിൻ്റെ ഊഴമാണ്, അങ്ങിനെയാണല്ലോ ജലാസ് പറഞ്ഞതും. രാധു എൻ്റെ മുഖത്തേയ്ക്കുതന്നെ നോക്കുന്നു. അവളുടെ കണ്ണുകൾ എന്തിനോ അനുവാദം തേടുന്നു. ഞാൻ മുഖം താഴ്ത്തി തിരിഞ്ഞു നിന്നു. ഇനി രാധുവിൻ്റെ മുഖത്തു നിന്നും വരുന്നതിന് നേർകാഴ്ചയാകാതിരിക്കാൻ ഉപാധി തേടിയതാകാം എൻ്റെ മനസ്സ്.

” ഗീതു ചില കാര്യങ്ങളറിയണം. നീ അന്വേഷിക്കുന്ന ജലാസ് എന്ന എൻ്റെ അമ്മ പതിനാല് കൊല്ലം മുമ്പ് ഞങ്ങളെ വിട്ടു പോയതാണ്. ഇന്നും അമ്മ എൻ്റെ മനസ്സിലുണ്ട്. പക്ഷേ അച്ഛൻ ഇപ്പോഴും അമ്മയെ കൂടെ കൊണ്ടു നടക്കുന്നു. തൻ്റെ പകുതി വ്യക്തിത്വം അമ്മയ്ക്ക് പകുത്തു നൽകിയിരിയ്ക്കയാണ്. തൻ്റെ നന്മകളെല്ലാം അമ്മയ്ക്ക് നൽകി അച്ഛൻ ജീവിക്കുന്നു”. ഇതൊന്നും ഉൾക്കൊള്ളാൻ കഴിയാത്തതിനാലാണ് ഞാൻ തിരിഞ്ഞു നിന്നത്. ഇനിയും കൂടുതലായൊന്നും കേൾക്കാൻ ആഗ്രഹമില്ല. ഏതാനും അടി കൂടി മുന്നോട്ട് നീങ്ങി , കണ്ണടച്ച് ഇരുട്ടാക്കി.

ജലാസേ….. നിൻ്റെ വാശി കാരണമാണ് ഞാനിതൊക്കെ ഇവിടെ നിന്ന് കേൾക്കേണ്ടി വന്നത്. നീ എൻ്റെ സങ്കൽപ്പമാണത്രേ. അതു പറയാൻ ഇവൾക്കെങ്ങിനെ ധൈര്യം വന്നു. സത്യത്തിൽ നീയല്ലേ സത്യം. ഗീതുവിനെയല്ലേ മകളെന്നു സങ്കൽപ്പിക്കുന്നത്. ഇനി ഇവിടെ നിൽക്കാനാവില്ല. ഞാൻ മടങ്ങുകയാണ്. വീട്ടിൽ നമ്മുടെ കിടപ്പുമുറിയിൽ നീയുണ്ടാവില്ലേ?. എനിക്ക് നിൻ്റെ മടിയിൽ വീണ് കുറേ കരയണം.
” അച്ഛാ…..”. ഗീതുമോളാണ്. കണ്ണ് തുറക്കാൻ ഒരുവേള അമാന്തിച്ചെങ്കിലും അങ്ങിനെ തുടരാനായില്ല.

” അച്ഛാ….. ” ആ വിളി മുഴുമിപ്പിക്കുന്നതിനു മുമ്പ് ഞാൻ കണ്ണു തുറന്നു. കൂപ്പുകൈയുമായി, നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഗീതുമോൾ. കണ്ണ് തുറക്കണ്ടായിരുന്നു. കണ്ണുനീരിൻ്റെ ഒഴുക്ക് നിയന്ത്രിക്കുവാൻ എനിക്കും കഴിയുന്നില്ല. ഗീതു മോളെന്നെ കെട്ടിപ്പിടിച്ചു, നെഞ്ചത്ത് മുഖമമർത്തി പൊട്ടി കരഞ്ഞുകൊണ്ടിരുന്നു. രാധുവിൻ്റെ കര സ്പർശവും ഞാനറിഞ്ഞു. കണ്ണുനീരിൻ്റെ ഒഴുക്ക് നിയന്ത്രിക്കപ്പെട്ടപ്പോൾ ഞാനാ കാഴ്ച കണ്ടു. ഗേറ്റിനപുറത്ത് കാറിനടുത്തായി എൻ്റെ ജലാസ്. അവൾ ഞങ്ങളെ നോക്കിചിരിക്കുന്നു. ആ കണ്ണുകൾ നിറഞ്ഞൊഴുകി തുടങ്ങിയപ്പോൾ തിരിഞ്ഞ് കാറിൽ മുഖം അമർത്തി നിന്നു.

” മക്കളേ….. ദേ ജലാസ്….. നിങ്ങളുടെ അമ്മ”.രാധുവിനേയും ഗീതുവിനേയും ഇരുവശങ്ങളിലായി ചേർത്തു പിടിച്ചു.
” അവൾ സന്തോഷം കൊണ്ടാണ് കരയുന്നത്. ആശ്വസിപ്പിക്കാൻ ശ്രമിക്കണ്ട. അങ്ങിനെ ചെയ്താലവൾ പൊട്ടിക്കരയും ചിലപ്പോൾ കുഴഞ്ഞ് വീഴും “. ശബ്ദം താഴ്ത്തി അവർക്ക് കേൾക്കാൻ പാകത്തിന് ഇതു പറഞ്ഞപ്പോൾ രാധുവും ഗീതുവും എൻ്റെ മുഖത്തേക്ക് നോക്കി. പക്ഷേ ആ നോട്ടത്തിൻ്റെ പൊരുൾ എനിക്ക് ഗ്രഹിക്കാനായില്ല.

🔴

ഉണ്ണി അഷ്ടമിച്ചിറ

By ivayana