രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍
വേദന വേദാന്തമാക്കി,സമാദരം
ചേതസ്സുതെല്ലും തളരാതനാരതം
ആദിമഹാകവി വെട്ടിത്തെളിച്ചൊരാ-
പാതയിൽ നിന്നുമത്യുച്ചത്തിലുദ്രസം,
നേരിൻ വിശുദ്ധിപൂണ്ടദ്ധ്യാത്മസൗരഭം,
പാരമൊരൽപ്പവും ചോർന്നുപോയീടാതെ;
കാലത്തെ വെന്നുയർന്നീടും മനസ്സുമായ്,
ആലോലമാദർശ ധീരരായങ്ങനെ;
ഈലോകതത്വങ്ങൾചേർത്തു ചാലിച്ചനൽ-
ചേലൊത്തഭാവനാസാന്ദ്ര വചസ്സുകൾ
സാരസ്യപീയൂഷ സാരങ്ങളാർന്നിദം,
ആരമ്യകാന്തി ചൊരിഞ്ഞൊട്ടു പാടിടാം
ഒന്നിൻപ്രകാശത്തിലല്ലോ,സമസ്തവും
മിന്നിത്തിളങ്ങിനിൽക്കുന്നതീ,യൂഴിയിൽ!
നിർനിദ്രരായിന്നതിൻ പൊരുൾ തേടി,ഹാ
കർമസപര്യകൾ തീർത്തൊന്നു പാടിടാം!
ഈമണ്ണി,ലാവിണ്ണിലൊക്കവേ,കാണുന്ന;
കോമള ബിംബങ്ങളുള്ളിലുറപ്പിച്ചു,
ജീവന്റെ പിന്നിലൊളിഞ്ഞിരിക്കുന്നൊരുൾ-
ഭാവങ്ങളൊക്കെ,സഗൗരവം പാടിടാം
ആരുടെ തൂലികയ്ക്കാവും കുറിക്കുവാൻ
നേരിലീലോക സമസ്യകൾ സർവവും!
പാടാംനമുക്കെങ്കിലും കാനനാന്തരേ-
യാടൽമുഴുത്തഥ പാടിയപാട്ടുകൾ
അന്നു,ക്രൗഞ്ചങ്ങളമ്പേറ്റുവീണെങ്കിലോ,-
യിന്നു വടിവാളിനാൽ കണ്ഠനാളമ-
റ്റെത്രപേരെത്രപേർ മൃത്യു പൂകീടുന്നു;
അത്രമേൽ ദൈന്യമായോരോ നിമേഷവും!
മർത്യത രാക്ഷസതാണ്ഡവമാടുന്ന,
കാഴ്ചകളല്ലെയോ,കാണ്മതുചുറ്റിനും!
വേദനവേദാന്തശീലുകളായ് മാറ്റി,
മേദുരഭാവങ്ങളാർന്നിനിപ്പാടിടാം
ആരുനാ,മെന്നു സ്വയമറിഞ്ഞാർദ്രമായ്,
വേരൊട്ടുറച്ചുനിന്നെപ്പൊഴു,മെപ്പൊഴും
പാടിടാ,മായപോലസ്സർഗ്ഗചേതനാ-
പാടവമാർന്നെഴും,സ്നിഗ്ധ സംഗീതികൾ
എത്രപാടീടിലും തീരാത്ത കൽപ്പനാ-
ചിത്രങ്ങളും പേറിനിൽപ്പൂ,നിതാന്തമായ്;
ഇപ്രപഞ്ചംഹാ പ്രഹേളികയെന്നപോൽ,
ഉൾപ്പൂവി,ലുജ്ജീവനത്വമാർന്നത്ഭുതം!