രചന : സെഹ്റാൻ ✍

ഒരാൾ സംഭോഗത്തിനിടെ മരണപ്പെട്ട
തന്റെ കാമുകിയെത്തേടിയിറങ്ങുന്നത്
തീർത്തും അസംഭവ്യമായ കാര്യമാണെന്നാണോ നിങ്ങൾ കരുതുന്നത്…?
എന്നാലങ്ങനെയല്ല….

‘ജെ’ യിലെ ‘കിംഗ്‌സ് ‘ ലോഡ്ജ്.
ആ രാത്രിയിൽ അവളും, ഞാനും
ഒരേപോലെ ആവേശത്തള്ളലിലായിരുന്നു.
കിടക്കവിരിപ്പുകൾ ഞങ്ങളുടെ
സ്വേദകണങ്ങളേറ്റു വാങ്ങി
നനഞ്ഞു കുതിർന്നിരുന്നു.
വികാരത്തള്ളിച്ചയിൽ അവളെന്തൊക്കെയോ
വിളിച്ചു പറയുന്നുണ്ടായിരുന്നു….
ഒടുവിൽ, രതിമൂർച്ഛയുടേതായ ഒരു
ഞെരക്കത്തിനൊടുവിൽ അവൾ
നിശബ്ദയായി!!!
അടക്കം ചെയ്യാനെനിക്ക് അവളുടെ
മൃതദേഹം കിട്ടിയില്ല. അതപ്രത്യക്ഷമായിരുന്നു!!!
“എന്റെ ഏകാന്തതയുടെ പനിച്ചൂടിനെ
വിയർപ്പിച്ചു കളയുന്ന ഔഷധമാണ് നീ…”
എന്നിടയ്ക്കിടെ പ്രേമാർദ്രം മൊഴിയാറുള്ള
അവളല്ലാതെ എനിക്കൊരു സുഹൃത്തോ,
കൂടപ്പിറപ്പോ ഇല്ലെന്ന സത്യത്തോട്
അനുരഞ്ജനം പ്രഖ്യാപിച്ച രാത്രിയിൽ
ഞാനങ്ങനെ അവളെത്തേടിയിറങ്ങി…

വഴിയിൽ പരിചയപ്പെട്ട ചുവന്ന കണ്ണുകളുള്ള
ഒരു നായ മാത്രം എന്നെ അനുഗമിച്ചു.
എല്ലാ ഊടുവഴികളും അവന് നിശ്ചയമായിരുന്നു.
വിശപ്പിന്റെ കാളലിനും, കുപ്പത്തൊട്ടിക്കും
ഇടയിലുള്ള ദൂരമാണവന്റെ ഏകാന്തതയെ
ഒരു സംവാദവിഷയമാക്കാറുള്ളത്
എന്നവൻ പറഞ്ഞു. അവനൊരുപാട് സുഹൃത്തുക്കളുണ്ടത്രേ. എന്നാൽ,
വിശപ്പിന് മുന്നിൽ അവരുമവനും
വെറും മത്സരാർത്ഥികൾ…
ദേഹബലമുള്ളവന്റെ അതിജീവനം…
പ്രണയത്തെക്കുറിച്ചെന്താണ്
പറയാനുള്ളതെന്ന് ഞാനവനോട് ചോദിച്ചു. അവൻ പറഞ്ഞു;
“വിശപ്പ് മാറ്റുന്നു. ഇണചേരുന്നു.
വീണ്ടും വിശക്കുന്നു.വിശപ്പ് മാറ്റുന്നു.
കാമം തോന്നുമ്പോൾ വീണ്ടുമിണചേരുന്നു.
വീണ്ടും വിശപ്പ് വരുമ്പോൾ,
വിശപ്പിനും, കാമത്തിനുമിടയിൽ
ഒരു തെരഞ്ഞെടുപ്പ് വേണ്ടി വരുമ്പോൾ
ഭക്ഷണത്തിനാകുന്നു ആദ്യപരിഗണന.
ഇണയവിടെ വെറുമൊരു എതിരാളി മാത്രം…”

പകലുറങ്ങി ചീർത്ത കണ്ണുകളുമായൊരു
മൂങ്ങ ഞങ്ങളോടൊപ്പം ചേർന്നു.
കടൽക്കരയിൽ ഒരു കപ്പലിന്റെ ചിത്രം
വരച്ചുകൊണ്ടിരുന്ന ഒരു വൃദ്ധനെ അത്
ഞങ്ങൾക്ക് കാണിച്ചു തന്നു.
വൃദ്ധന്റെ ഇടംകൈ ഇനിയും പിറക്കാത്ത
സുന്ദരിയായൊരു യുവതിയുടെ
നഗ്നമായ മുലകളിൽ തലോടിക്കൊണ്ടിരുന്നു.
വലംകൈ ക്യാൻവാസിലും…
“ഇതുതന്നെയാണ് നിങ്ങളുടെ കാമുകി”
നായ പറഞ്ഞു.
“പക്ഷേ, അവളെവിടെ…? ഞാൻ വിഹ്വലതയോടെ ആരാഞ്ഞു.
“അവളിനിയും പിറന്നിട്ടില്ല.” മറുപടി
പറഞ്ഞത് മൂങ്ങയാണ്.
“അവളിനിയും പിറക്കേണ്ടിയിരിക്കുന്നു…”

നിർത്താതെ മഴ പൊടിഞ്ഞുകൊണ്ടിരുന്ന
വിറങ്ങലിച്ച പുലരിയിൽ തിരികെ
മടങ്ങുമ്പോൾ മൂങ്ങ പറഞ്ഞു ;
“ഏകാന്തത തന്നെയാണ് നിങ്ങളുടെ
കാമുകി. അല്ലെങ്കിൽ നിങ്ങളുടെ
കാമുകിയാണീ ഏകാന്തത…” മൂങ്ങ തുടർന്നു.
“ഏകാന്തത എന്നാലെനിക്ക് രാവും, പകലും
പോലെ വ്യത്യസ്തങ്ങളാണ്.
രണ്ട് മുഖങ്ങളുള്ളവ.
നിങ്ങളുണർന്നിരിക്കുന്ന പകലിൽ
ഞാനെന്റെ ഏകാന്തതയോട്
ചേർന്നിരുന്നുറങ്ങുന്നു.
നിങ്ങളുറങ്ങുന്ന രാത്രിയിൽ ഞാനെന്റെ
ഏകാന്തതയോടൊപ്പം ഇരതേടുന്നു.
നാം പരസ്പരം വ്യത്യസ്തങ്ങളായി
കരുതുന്ന രണ്ട് തലങ്ങൾക്ക് എത്രകണ്ട്
യോജിപ്പുണ്ടെന്നത് നോക്കൂ….”
മൂങ്ങ പറഞ്ഞു നിർത്തി.
“പക്ഷേ….” എന്റെ വാക്കുകൾ ഇടറി.
“എന്റെ കാമുകി…”
“അവളിനിയും പിറക്കേണ്ടിയിരിക്കുന്നു…”
എന്ന് പറഞ്ഞുകൊണ്ട് മൂങ്ങ അതിന്റെ
ഏകാന്തതയോടൊപ്പം നിദ്രയുടെ തീരങ്ങളിലേക്ക് പറന്നുപോയി.
നായയാകട്ടെ വഴിയരികിലെ കുപ്പത്തൊട്ടിയിൽ
ഭക്ഷണം തിരയാനും തുടങ്ങി….
അകലെ കിംഗ്സ് ലോഡ്ജിന്റെ ജാലകങ്ങളിലൂടെ അസഹനീയമായ ഏകാന്തതയുടെ കറുത്ത പുകച്ചുരുളുകൾ ആകാശത്തെ തൊടുന്നതെനിക്ക് കാണാനായി. ഞാനവിടേക്ക് മടങ്ങിയില്ല!
സുഹൃത്തേ, ഒരാൾ സംഭോഗത്തിനിടെ മരണപ്പെട്ട തന്റെ
കാമുകിയെത്തേടിയിറങ്ങുന്നത് തീർത്തും
അസംഭവ്യമായ കാര്യമാണെന്നാണോ
ഇപ്പോഴും നിങ്ങൾ കരുതുന്നത്…? “
⭕⭕⭕⭕
‘ജെ’ യുടെ പത്താം നമ്പർ തെരുവിലെ കടത്തിണ്ണയിലായിരുന്നു ഒരു കാലത്ത് എന്റെ രാത്രിയുറക്കം. ആഡം ലൂയിസ് എന്ന യുവകവിയെ പരിചയപ്പെടുന്നത് അവിടെ വെച്ചാണ്. ദസ്തയെവ്സ്കിയുടെ ‘ഇഡിയറ്റ് ‘ എനിക്ക് വായിക്കാൻ തരുന്നത് ആഡം ലൂയിസാണ്. ലൂയിസിന്റെ ചിന്തകളുടെ പങ്കുപറ്റുക എന്നത് എളുപ്പമുള്ള കാര്യമല്ലായിരുന്നു. എന്നാൽ അയാൾ നീട്ടിയ ഒരു കഞ്ചാവുപുകയുടെ ബലത്തിൽ ഞാനാ കൊടുങ്കാട്ടിൽ പ്രവേശിക്കുക തന്നെ ചെയ്തു. ആഡം ലൂയിസിന്റെ മനോരാജ്യങ്ങളുടെ ഒരു പരിച്ഛേദം മാത്രമാണ് ഞാനിവിടെ നിങ്ങളുമായി പങ്കുവെച്ചത്. അറിയാൻ ഇനിയുമേറെയോ….
മായക്കാഴ്ച്ചകളുടെ നഗരത്തിലൂടെ അനുഭവങ്ങളുടെ കടലാസുവഞ്ചി ഒഴുകിക്കൊണ്ടേയിരിക്കുന്നു…

By ivayana