രചന : ബിന്ദു കമലൻ✍
മാനിനിയാമവളെ കാൺകെ
സടകുടഞ്ഞ പൗരുഷമേ…
കാമനലീലകളർത്ഥിച്ചു,
ചാരേ പോവത് വങ്കത്തം.
കാമ്യസുഖമതേറെ കിട്ടും
ധനമുണ്ടെങ്കിൽ പലരാൽ
അതാത്മാവില്ലാ ജഡഭോഗം
തീരാതൃഷ്ണകളാധികളാകും.
ദൂരമതേറെയവളുടെ
ഹൃദയം നേടുകയാദ്യം.
പോവുക… ദുർഘടമേറുന്നാ –
വഴി താണ്ടുകയാണുചിതം.
മുഖംമൂടിയതാദ്യം മാറ്റു…!
പറിച്ചു നൽകുക സ്വത്വം.
രതിസുഖ തീരത്തണയാൻ
ഭിക്ഷാപാത്രമതെന്തിനു വേറെ.
അകതാരിന്നാഴമളന്നി –
ട്ടവളുടെ ചേതനയിൽ
ഏകശ്വാസമായെന്നാളുമാ
സ്മൃതികളിൽ ഉയിരേകു…