രചന : യു.എസ്. നാരായണൻ✍

ഒരു വീട് പൊളിയ്ക്കൽ
ഒരു സംസ്കാരത്തിന്റെ അപനിർമാണം ആണ് .
നിർമാണത്തേക്കാൾ സങ്കീർണമായ വൈകാരിക സംഘർഷങ്ങളുടെ ഒത്തുതീർപ്പ്‌ !
ഉറ പൊഴിയ്ക്കുന്ന സർപ്പത്തിന്റെ നിസ്സംഗതയല്ല അതിനുള്ളത് .,
സ്ഥല രാശികളിൽ വിന്യസിയ്ക്കപ്പെട്ട ആത്മ സത്തയുടെ
വേദനാപൂർണവും
അതേ സമയം പ്രതീക്ഷാ ഭരിതവുമായ നിരാസം!
ഈശാന കോണിൽ കരഞ്ഞു കരഞ്ഞ് വെള്ളം കോരിത്തളർന്ന വായാടി!
വിയർത്തു നനഞ്ഞ പകലുകൾക്ക് ജീവൻ പകർന്ന
മൂല പൊട്ടിയ അടുപ്പുകല്ല്!
കരിക്കട്ട കൊണ്ടു കോറി വരഞ്ഞ ബാല്യ കൌതുകങ്ങൾ !
എത്ര നിശ്വാസങ്ങളും നോവുകളും ഈ മച്ചുകൾ തടഞ്ഞിരിയ്ക്കും !
തനിയെ പുറപ്പെട്ട് എങ്ങുമെത്താതെ അലിഞ്ഞൊടുങ്ങിയ എത്ര വാക്കുകൾക്കു ഈ ചുമരുകൾ കാതേകി യിരിയ്ക്കും ?
മുലപ്പാൽ വഴിയുന്ന എത്ര ശൈശവങ്ങളെ പിച്ച നടത്തിയിരിയ്ക്കും ചാണകം മെഴുകിയ ഈ നിലങ്ങൾ !
പകലൊടുക്കങ്ങളിലെ ചുമടിറക്കങ്ങൾ ,!
ഞാറ്റുവേലകളുടെ കേറ്റിറക്കങ്ങൾ !
പട്ടിണി ക്കൂട്ടുള്ള രാവുറക്കങ്ങൾ !
കെട്ടിയടച്ച ഈ ഇടങ്ങൾ കഥകൾ പറഞ്ഞു കൊണ്ടേ യിരിയ്ക്കുകയാണ് !
കോലായയിലെ കാലൊടിഞ്ഞ കസേരയിൽ ഇരുന്നു ചി രിച്ച മുത്തശ്ശൻ !
അറയിലെ ആടി ഞരങ്ങുന്ന കയറു കട്ടിലിൽ കിടന്നു മരിച്ച മുത്തശ്ശി !
അടുക്കള പ്പുകയിൽ ചുമച്ചു നരച്ച അമ്മ !
വലിച്ചു കേറ്റിയ പുക കവർന്നെടുത്ത ശ്വാസത്തിൽ പുളഞ്ഞൊടുങ്ങിയ അച്ഛൻ !
പൊളിച്ചു മാറ്റുന്നത് അവരെയൊക്കെ കൂടിയാണ് !
ഉത്തര പ്പൊത്തിൽ ഒളിച്ചു വെച്ചിരുന്ന പൊടിഡ്ഡപ്പി !
അടുക്കള ക്കൂട്ടിലെ കമഴ്ത്തി വെച്ച മൺകലം !
കയ്യെത്തും ഉയരത്ത് മണ്ണെണ്ണ വിളക്ക് !
കേടായ കളിപ്പാട്ടം !
തേഞ്ഞ സ്ലേറ്റ് പെൻസിൽ , ക്ലാസ് കയറ്റം കിട്ടാത്ത പാഠ പുസ്തകം ,ബാഗ്‌ !
ഭാഗ്യ മേതുമില്ലാത്ത ഒരു ഭാഗ്യക്കുറി ടിക്കറ്റ് !
മോഹങ്ങൾ മണ്ണിൽ കുഴച്ചു പടുത്ത ഒരു സ്വപ്നവീട് !
കാരണവരുടെ പഴയ ചിത്രത്തിനു പിന്നിൽ തല നീട്ടുന്ന കൊച്ചു പല്ലി !
മണ്‍ ചുമരിലെ പഴുതിൽ ചുരുണ്ടിരിയ്ക്കുന്ന വെള്ളിക്കെട്ടൻ !
തറയ്ക്കടിയിൽ തപസ്സിരിയ്ക്കുന്ന ചിതലുറുമ്പുകൾ !
കുടികിടപ്പ് അവകാശമാക്കിയവർ!മാറ്റുന്നത്
മണ്ണും കല്ലും ഇഷ്ടികയും സിമന്റും കമ്പിയും കൊണ്ട് നമുക്കുണ്ടാക്കാവുന്നതിലും അപ്പുറം ,ഒരുവീട് എന്തൊക്കെ സ്വയം നിർമ്മിക്കുന്നു !

By ivayana