രചന : ലത അനിൽ ✍

അന്തിയാവോളം പണിയെടുത്തനവധി ഭവനങ്ങൾ നിർമ്മിച്ച പണിക്കാരാ
സ്വന്തമായുണ്ടോ നിനക്കു വീട്?
വിയർപ്പാറും വരേക്കു നടുനിവർത്താൻ.
നുരയും ദ്രാവകം സിരകളെ കുടിച്ചോ?
മുറ്റും തഴമ്പു കൈരേഖ മറച്ചോ?
മോഹഭംഗച്ചുനയേറ്റു പൊള്ളിയ സ്മിതം
കുമ്പസാരത്തിന്റെ നേർക്കാഴ്ചയാവുന്നോ?
ലഹരിയിലാണു പോക്കുവെയിലിപ്പോഴും
‘നാളെ’യെന്ന മിഥ്യയിൽ കൊരുത്തിട്ടിരിയ്ക്കയാണാഷാഢ०.
പത്നിയോ മഴയായിടിമിന്നലായി,
പുഴയായി,പ്രളയമായിന്ദ്രചാപമായി
പരിക്രമണം ചെയ്തു തളർന്നിരിപ്പൂ.
അവൾ കാച്ചിക്കുടിച്ച കനവുകൾക്കൊക്കെയും വെറുമൊരു രാവിന്റെ ദഹനദൈർഘ്യ०.
അറയിൽ വിളക്കു കൊളുത്തിയു०
അപമൃത്യു തീണ്ടല്ലേയെന്നു മാഴ്കിയു०
ദിനചര്യ തെറ്റാതിരിക്കുവാനകതാരിൽ
താരാട്ടിൻ ശ്രുതി മീട്ടി സാധക० ചെയ്തു०
അവളമ്മയു० ഭാര്യയു० മകളുമായി ചമയുന്നു.
ഇടമുറിയുമൊച്ച കേട്ടപോൽ നിദ്ര വിട്ടുണരു० പണിക്കാരാ
വറുതിയിലുമൊരു വട്ടി കണിക്കാഴ്ച്ചയൊരുക്കിയു०,
കുട്ടക० മൂലയ്ക്കൊതുങ്ങിയിട്ടു० നിറപുത്തരിയിലൂർജ്ജ० നിറച്ചുവെച്ചു०,
ജന്മമാസ० പിറക്കെ,യരുതിനി മകനേ മുടിവെട്ടരുതെന്നോതി ശൈശവ० തന്നെ കടമെടുത്തു०
അമ്മയെത്തുന്നുവോ?
രാമഴയായ് വന്നു നിശ്ശബ്ദം തേങ്ങിക്കടന്നുപോകുന്നുവോ?
നിൻ പുത്രബോധ० പിടയുന്നുവോ ?
ശപിക്കരുതമ്മേ, ഞാൻ, ഞാനായിരുന്നില്ല, സത്യമെന്നാണയിടുന്നുവോ ?
നെഞ്ചിൻകൂടിലപ്പോൾ ക്ഷയമാഞ്ഞുകൊത്തുന്നുവോ
നിന്റെ സ്വാർത്ഥതയ്ക്കന്നമായ മറുപാതി നിശ്വാസച്ചൂടാലുയിരേകുന്നുവോ ?
ഇന്നെന്ന സത്യത്തെ കോരിക്കുടിച്ചപ്പോൾ നാളെയു’മിന്നാകു’മെന്നറിഞ്ഞില്ലയോ
ചാന്തിട്ടു തേച്ചുറപ്പിച്ചില്ല, മുഴക്കോലിനാളന്നില്ല, രൂപരേഖ വരച്ചതുപോലുമില്ല.
അതിമോഹനസൗധങ്ങൾ വാർത്തിട്ട കൈകളാലീ ചോർച്ചകളൊക്കെയുമേറ്റുകൊൾക,
കരൾക്കോണിൽ ബന്ധിച്ച നിലാവിനെ കുടഞ്ഞിട്ട്
താരസൗന്ദര്യമാർന്നൊരാലയ० സൃഷ്ടിക്ക.
സ്നേഹമെന്നതിനു പേരിടുക.

ലത അനിൽ

By ivayana