രചന : വൈഗ ക്രിസ്റ്റി✍
കവിയാകയാൽ
ഉന്മാദിയായതോ ,
ഉന്മാദിയായതുകൊണ്ടു മാത്രം കവിയായതോ
ആയ ഒരുവൾ
തൻ്റെ കവിതയിൽ തന്നെ
ഉറങ്ങാൻ കിടക്കുന്നു
കാറ്റിനെ പോലെയാണവൾ,
എങ്ങുനിന്നുമല്ലാതെ ,
പാറി വന്ന്
അവൾ
സ്വന്തം കവിതയിലേക്ക് വീഴുന്നു
അലസമായിട്ടെഴുതിയതു കൊണ്ട്
പാതിക്ക് മുറിഞ്ഞുപോയ
അക്ഷരത്തിൽ ,
അവളുടെ മുടിയിഴകൾ
കുരുങ്ങുന്നു .
നാലോ അഞ്ചോ വരികൾ നീളുന്ന
അസ്വസ്ഥമായൊരുറക്കം
അവളെക്കാത്തിരിക്കുന്നുണ്ട്
അവളുടെ വസ്ത്രങ്ങൾക്കുള്ളിലേക്ക് ,
ഒരു കടൽ വന്നു നിറയുന്നു
അവൾ തന്നെ
പലവട്ടം എഴുതുകയും മായ്ക്കുകയും ചെയ്കയാൽ
മുനതേഞ്ഞു പോയ
പ്രണയം എന്ന വാക്ക്
അവളുടെ കണങ്കാലിൽ
ചുറ്റിപ്പിണയാൻ കിണഞ്ഞു ശ്രമിക്കുന്നു
കവിയാകയാൽ ,
നക്ഷത്രങ്ങളെ കാവൽ നിർത്തി
അവൾ
തൻ്റെയുറക്കത്തെ
മുറുകെപ്പിടിക്കുന്നു
ഉന്മാദിയാകയാൽ ,
അവളുടെ സൂര്യൻ
അസമയത്ത് ,
അവളുടെ ഉറക്കത്തിലേക്ക്
ഉദിക്കുന്നു
വെയിൽ ചാരിയിരിക്കുന്ന
പുഴയുടെ കരയിൽ
അവൾ
ഉറക്കം ഉണക്കാനിടുന്നു
ഏതോ വരിയിൽ
മരണം എന്ന വാക്ക് ,
പതുങ്ങുന്നതറിയാതെ
വീണ്ടും വീണ്ടും
അവൾ
അശാന്തമായൊരുറക്കത്തിലേക്ക്
നോക്കിയിരിക്കുന്നു
ഉന്മാദിയായവൾ
ഇങ്ങനെയാണ്
കവിതയിൽ നിന്നും
മരണത്തിലേയ്ക്ക് ഊർന്നു വീഴുന്നത്.