രചന : ശിവൻ മണ്ണയം ✍
മന്ത്രവാദം ,യക്ഷി ,പ്രേതം, അസ്പർസ് ,ഗന്ധർവാസസ്,കൂട് വിട്ട് കൂടുമാറൽ ഇവയെ കുറിച്ചാകട്ടെ ഇന്ന്.
ഒള്ളത് ഒള്ളതു പോലെ പറഞ്ഞാൽ, ഈ ഭൂലോകത്തിലെ ഒരു പെണ്ണും ഇന്നാ എടുത്തോ എന്നും പറഞ്ഞ് ഒരു ടീസ്പൂൺ പ്രണയം പോലും എനിക്ക് തന്നിട്ടില്ല. പിശുക്കീസ്സ്… ഐ ഹേറ്റ് ദീസ് ടൈം ദോസ് ഫീമെയിൽസ് ആറ്റിറ്റ്യൂഡ്സ് .. !
തോർത്തും വിരിച്ചിരിന്നിട്ടുണ്ട് രാവും പകലും.ഒരണത്തുട്ടുപോലും വീഴാത്ത തോർത്തായിരുന്നു എൻ്റെത്.തോർത്തിൻ്റെ കുഴപ്പമാകാം. ഇത്തിരിപ്പൂലം പ്രണയത്തിനുവേണ്ടി അലഞ്ഞിട്ടുണ്ട് ഒരുപാട് … കിട്ടീല! ഞാൻ കാമുകിയെ തേടി തവളയെപ്പോലെ രാത്രി മുഴുവൻ ഇരുന്ന് കാറിയിരുന്നു, കുയിലിനെപ്പോലെ പകല് മുഴുവൻ ഇരുന്ന് കൂവിയിരുന്നു… പക്ഷേ എന്റെ സഖിയത് കേട്ടില്ല .. എൻ്റെ ഇണയത് കണ്ടില്ല. എന്റെ സഖി വന്നില്ല ..! വല്ലാത്ത കാലം കലികാലം! കേട്ടല്ലോ.. സത്യമാണ്. എന്തൊരു അവസ്ഥയാണത് !
പ്രണയത്തിന്റെ ആദ്യാക്ഷരങ്ങൾ ഉരുവിട്ട് പഠിപ്പിച്ച മാത്യു മറ്റത്തിനെ മനസിൽ ധ്യാനിച്ച് പല പെമ്പിള്ളാരുടെ മുന്നിലും പ്രതീക്ഷയോടെ നിന്നിട്ടുണ്ട്. കഠിനഹൃദയകന്യകാരത്നമൂധേവികൾ കനിഞ്ഞിട്ടില്ല. ദൈവം റെക്കമന്റ് ചെയ്താൽ നടക്കും എന്ന് വിചാരിച്ച് അമ്പലത്തിൽ സ്ഥിരം പോയി പ്രാർത്ഥിച്ചു നോക്കി. കുറേ ചെരുപ്പുകൾ നാടിൻ്റെ പല ഭാഗത്തേക്കും പോയി കിട്ടി എന്നല്ലാതെ വേറെ ഗുണമൊന്നുമുണ്ടായില്ല.
ദൈവം പറഞ്ഞിട്ട് പോലും ഈ പെമ്പിള്ളാർ കേട്ടില്ലന്നാണ് .. ധിക്കാരീസ്…! ദൈവത്തിനെ പോലും പേടിയില്ല. ദൈവനിഷേധികൾ!
പത്രത്തിലൊക്കെ വന്നിരുന്ന,ഇന്ന ചെറുക്കന്റെ കൂടെ ഇന്ന പെൺകുട്ടി ഒളിച്ചോടി എന്നുള്ള തരം വാർത്തകളൊക്കെ വായിക്കുമ്പോ, അക്കാലത്ത് അറിയാതെ കണ്ണ് നിറഞ്ഞ് തൂവുമായിരുന്നു. കണ്ണീരാൽ കുതിർന്ന് ഹൃദയം ദ്രവിച്ചു തീർന്നു എന്ന് തന്നെ പറയാം. പക്ഷേ കമിതാക്കൾ ലോഡ്ജ് മുറിയിൽ വിഷം കഴിച്ചു മരിച്ചു എന്ന വിധത്തിലുള്ള വാർത്തകൾ കാണുന്ന നിമിഷം ഞാനറിയാതെ പൊട്ടിച്ചിരിച്ചു പോകുമായിരുന്നു. തെറ്റാണെന്നറിയാം, പക്ഷേ ചിരിച്ചു പോകുമായിരുന്നു!
പെമ്പിള്ളാരുടെ ശ്രദ്ധ പിടിച്ചുപറ്റാനായി ഞാൻ ചെയ്യാത്ത പണികളില്ല അക്കാലത്ത്.
ശരീര അർദ്ധധര നിക്കേഴ്ഴ്സ് മാറ്റി വലിയമുണ്ടുടുത്തു തുടങ്ങി.നിക്കറിന് ഒരു പക്വതയില്ല. എട്ടാം ക്ലാസുവരെ ഞാൻ നിക്കറാണ് ഉപയോഗിച്ചിരുന്നത്.മിക്ക പിള്ളാരും നിക്കറുകാർ തന്നെ. മുണ്ടുടുത്താൽ കൂടുതൽ ശ്രദ്ധ ലഭിക്കുമെന്ന് വിചാരിച്ചാണ് ഞാൻ ഒമ്പതാം ക്ലാസിൽ വച്ച് മുണ്ടനായി മാറിയത്.മുണ്ടിനടിയിൽ വേറെ നിക്കർ ഉണ്ടോ എന്ന് ചോദിച്ചാൽ അത്തരം പരിഷ്ക്കാരങ്ങളൊന്നും അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ എത്തിയിരുന്നില്ല,സത്യം . നിക്കറിന് പകരം മുണ്ട്. അത്ര തന്നെ. അതു കൊണ്ട് ഉണ്ടായ ഗുണമെന്താ, ഇന്റർവെൽ സമയത്തുള്ള കളികൾക്കിടയിൽ അബദ്ധത്തിൽ മുണ്ടഴിഞ്ഞു പോകുമ്പോൾ, നല്ല പ്രോത്സാഹനവും കൈയടിയും സഹപാഠികളുടെ ഭാഗത്ത് നിന്നു ലഭിക്കുകയുണ്ടായി..
പക്ഷേ പെമ്പിള്ളാർ അതിൽ ഇല്ല.അവർ കുടുംബത്തിൽ പെട്ടവരായിരുന്നു.അവർ ആണുങ്ങളുടെ മണമടിച്ചാൽ ഓടിയൊളിക്കുന്നവരാരുന്നു.പതിവ്രതകളാരുന്നു. അസാധാരണമായി വല്ലതും കണ്ടാൽ കൺപൊത്തി പ്രധിഷേധിക്കുന്നവരാർന്നു. (അവരില്ലാതെ നമുക്കെന്താഘോഷം! അവർക്കു വേണ്ടിയാണല്ലോ നമ്മുടെ ആഘോഷമെല്ലാം!എന്നാൽ അവഗണന എനും അവരുടെ ആഭരണമാരുന്നു !)
അവർ, പെമ്പിള്ളാഴ്സ്, ഇന്ന് കാണുന്ന പോലല്ല, പരമപാരകളുമായിരുന്നു അക്കാലത്ത്. അശ്ലീലം എവിടെ കണ്ടാലും അവരത് റിപ്പോർട്ട് ചെയ്യും.അന്നത്തെ സദാചാര പോലീസ് അവരാരുന്നു. ആൺപിള്ളാർ ,പെമ്പിള്ളാർ കൂടി കലർന്ന ക്ലാസുകളിൽ സദാചാരം പുലരാൻ ബദ്ധശ്രദ്ധുക്കളുമായിരുന്നു.
അതു കൊണ്ട് എല്ലാം നല്ലതുപോലെ നടന്നിരുന്നു. സമൂഹത്തിന് മേൽ പെണ്ണിൻ്റെ ഒരു കണ്ണ് എപ്പോഴും വേണമെന്ന് ഞങ്ങളുടെ H Mഎപ്പോഴും പറയുമായിരുന്നു.അത് ശരിയാണ് എന്ന് – കാലം പറയുന്നു.
എൻ്റെ മുണ്ടും മുണ്ടഴിയലും വലിയ ചർച്ചയായി.
പെമ്പിള്ളാരുടെ പരാതിയിൻ പ്രകാരം ക്ലാസ് ടീച്ചർ എന്നെ വിളിച്ചു വരുത്തി, അടിയന്തിരമായിത്തന്നെ പാന്റിലേക്ക് മാറണമെന്ന് നിർദ്ദേശിക്കും വരെ ഈ മുണ്ടഴിയൽ കേളികൾ യാതൊരു റിസൾട്ടും തരാതെ തുടർന്നു കൊണ്ടേയിരുന്നു.
മുണ്ടിലോട്ട് മാറിയിട്ടും ഒരു പെമ്പിള്ളാരും എന്നെ നോക്കിയില്ലന്നാണ്. ഡ്രസിലൊന്നും ഒരു കാര്യവുമില്ല. അത് പെമ്പിള്ളാർക്കറിയാം. പക്ഷേ ആമ്പിള്ളാർക്കറിയില്ല!ഡ്രസ് കണ്ട് പ്രണയിച്ച് ജീവിതം കോഞ്ഞാട്ടയായ എത്രയോ പേരുണ്ട് ആണുങ്ങളിൽ. പാഡ് വച്ച ബ്രായെ പ്രണയിച്ച് ജീവിതം ഹോമിച്ച ഒരു പാട് പേരുണ്ടല്ലോ. അവർ പ്രതിഷേധിക്കട്ടെ. അല്ലേ..?
ഞാൻഫാഷൻ വരുത്തി മുടി ചരിച്ചു കോതി നോക്കി. ഫെയർ ആൻഡ് ലൗലി തേച്ചു നോക്കി. സോപ്പ് മാറ്റി നോക്കി.സ്പ്രേ അടിച്ചു നോക്കി.മുറുക്കി ചുണ്ടു ചുവപ്പിച്ചു നോക്കി. ഒന്നും ഏറ്റില്ല. എന്താണ് ഈശ്വരാ ഈ പെമ്പിള്ളാർക്ക് പറ്റിയത്? ഇവർക്ക് എന്നോടെന്താ ഇത്ര വൈരാഗ്യം. പതിനായിരം കിലോസ്നേഹക്കട്ടി മനസിന്റെ ലോക്കറിലുണ്ട്. എന്താ ആർക്കും വേണ്ടാത്തത്? ഒർജിനലാണ് .. ആരും വന്നില്ല. അതെന്താ?എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.
അവസാനം ഞാൻ തേടിയ ഉത്തരം എനിക്ക് നൽകിയത് സുമേഷാണ്. ഏറ്റുമാനൂർ ശിവകുമാറിന്റെ മന്ത്രവാദനോവലുകൾ വായിച്ച് അതിന് അഡിക്ടായി മന്ത്രവാദ നോവലുകൾ എഴുതിത്തുടങ്ങിയ സുമേഷിന് മന്ത്രവാദം, ഷുദ്രപ്രയോഗം, കൂടുവിട്ട് കൂടുമാറൽ, പൂർവജന്മജ്ഞാനം എന്നിവ ഹൃദിസ്ഥമായിരുന്നു. ഏറ്റുമാനൂർ ശിവകുമാർ ആയിരുന്നു ഗുരു.
എന്റെ സങ്കടങ്ങൾ ഞാനവനോട് പറഞ്ഞപ്പോൾ അവൻ കുറച്ചു നേരം കണ്ണടച്ച് ധ്യാന നിമഗ്നനായി ഇരുന്നു. ആ അവസ്ഥയിൽ തുടർന്നു കൊണ്ട് മന്ത്രവാദി പറഞ്ഞു: നീ കഴിഞ്ഞ ജന്മത്തിൽ ,ഇണചേർന്നു കൊണ്ടിരുന്ന പാമ്പുകളെ തല്ലിക്കൊന്നിട്ടുണ്ട്. ആ പാമ്പുകളുടെ ശാപമാണ്.. അതാ ഒരു പെണ്ണും നിന്നെ തിരിഞ്ഞു നോക്കാത്തത്..
ഞാൻ തകർന്നു പോയി. രാത്രിയിൽ പാമ്പിനെ ദുസ്വപ്നം കാണുന്നതിന്റെ കാരണം അപ്പോഴാണ് എനിക്ക് മനസിലായത്.
എടാ കഴിഞ്ഞ ജന്മത്തിലല്ലേ ഞാൻ പാമ്പിനെ കൊന്നത്. അതിന് ഈ ജന്മത്തിലെന്തിനാ ഇങ്ങനെയിട്ട് ദ്രോഹിക്കണത്..? ഞാൻ വിതുമ്പി.
പാമ്പിന്റെ ശാപം പതിനാല് ജന്മം പിന്തുടരും.. മന്ത്രവാദി സുമേഷ് അർത്ഥശങ്കക്ക് ഇടയില്ലാത്തവണ്ണം ഉറപ്പിച്ച് പറഞ്ഞു.
എനിക്ക് ശാപമോക്ഷം കിട്ടില്ലേ..?
ഒരു വഴിയുണ്ട്. അവൻ പറഞ്ഞു.
ആ വഴിയെന്താണെന്ന് പറഞ്ഞാലും… ഞാൻ കൈകൾ കൂപ്പി .
സർപ്പക്കാവിൽ വിളക്ക് വയ്ക്കണം ..
അപ്പോ ശാപമോഷം കിട്ടുമോ..?
മഞ്ഞൾപ്പൊടിയും പാലും നാഗരുടെമുന്നിൽ അർപ്പിക്കണം.
അപ്പോ ശാപമോക്ഷം കിട്ടുമല്ലേ..?
മഞ്ഞൾപ്പൊടിയും പാലും നാഗരുടെ വിഗ്രഹത്തിന് മുന്നിൽ വച്ച്, തിരി തെളിച്ച് പ്രാർത്ഥിച്ചു നിൽക്കണം ..
അപ്പോ ശാപമോഷം കിട്ടുമായിരിക്കും..ല്ലേ? കണ്ണിൽ പ്രതീക്ഷയുടെ തിരി തെളിച്ച് ഞാൻ ആരാഞ്ഞു.
നിർത്തടാ .. തത്ക്ഷണം സുമേഷ് വയലന്റായി നിന്ന് കത്തി. നീ കുറേനേരമായല്ലോ തോക്കിൽ കേറി വെടി വക്കുന്നു .. എനിക്ക് മുഴുവൻ പറയണ്ടേ.. ആദ്യം അതിന് സമ്മതിക്ക് .. ക്ഷമയോടെ കാര്യങ്ങൾ കേൾക്കാതെ സാപമോസം കിട്ടുമോ സാപമോസം കിട്ടുമോന്ന് ചോദിച്ചോണ്ടിരുന്നാൽ എങ്ങനാ…. എന്റെ മനസിലുള്ളത് മുഴുവൻ എനിക്ക് പറയണ്ടേ..? ഇനി ശാപമോക്ഷം എന്ന് നീ പറഞ്ഞാൽ അപ്പോൾ തന്നെ നിന്നെ ഞാൻ ശപിക്കും. അപ്പോ രണ്ട് ശാപമാകും…. സുമേഷ് നിന്ന് വിറച്ചു.
മാപ്പ്.. ഇനി ഞാൻ മിണ്ടില്ല.. ഞാൻ സുമേഷിന്റെ കാലു പിടിച്ചു.പുല്ലന് മന്ത്രങ്ങളറിയാം. ദേഷ്യം വന്നാൽ വടയക്ഷിയെയോ അറുകൊലമുണ്ടനെയോ ബ്രഹ്മരക്ഷസിനെയോ വിട്ട് എന്നെ അവൻ കൊല്ലും. സത്യം പറഞ്ഞാ ഈ സുമേഷിനെ എനിക്ക് പേടിയായിരുന്നു.പ്രേതങ്ങളുടെ കൂട്ടുകാരനാണവൻ!
ഞാൻ മാപ്പ് പറഞ്ഞപ്പോൾ സുമേഷ് മൈനസ് മൂന്ന് ഡിഗ്രി വരെ തണുത്തു, എന്നിട്ട് പറഞ്ഞു: നീ പാലും മഞ്ഞളും സമർപ്പിച്ച് തിരിതെളിച്ച് നിക്കുമ്പോ നിന്നെ ശപിച്ച പാമ്പുകൾ വരും.ചിലപ്പോ ഇണ ചേരണ അവസ്ഥയിലായിരിക്കും അവര് വരണ.. നീ ഉപദ്രവിക്കല്ല്!അവര് ക്ഷമിച്ചാ വന്ന് പാല് കുടിക്കും. നിനക്ക് ശാപമോക്ഷോം കിട്ടും.
അവര് ക്ഷമിക്വോ…? ഞാൻ ചോദിച്ചു.
നിന്റെ പ്രാർത്ഥന പോലിരിക്കും.. പിന്ന എന്നോട് പെരുമാറണ പോല പാമ്പുകളോട് പെരുമാറരുത്. അത് കൊത്തും ഓർത്തോ.
ഓ..
ങ്ഹാ.. എന്റെ പ്രതിഫലം.. അത് നാളെത്തന്നെ കിട്ടണം. അവൻ ഓർമ്മിപ്പിച്ചു.
കപ്പ് ഐസല്ലേ.. നാളെ വാങ്ങിത്തരാം ..
സന്തോഷത്തോടെ സുമേഷ് എഴുതിക്കൊണ്ടിരിക്കുന്ന മന്ത്രവാദനോവലിന്റ അടുത്ത ഭാഗമെഴുതാൻ 9 C യിലേക്ക് കേറിപ്പോയി.
മണ്ടൻ കുന്നിലൊരു നമ്പൂതിരി ഇല്ലമുണ്ടായിരുന്നു പണ്ട്, അതിനോടനുബന്ധിച്ച് ഒരു കുളവും സർപ്പക്കാവും. ഇല്ലമൊന്നുമിപ്പോ ഇല്ല, നമ്പൂരിമാരും ഇല്ല. ഇല്ലത്തിന്റെ വസ്തുവകകളൊക്കെ പലർ കൈയേറി.ഇപ്പോൾ കുളവും സർപ്പക്കാവും മാത്രമുണ്ട്. ഉടമസ്ഥരായ നമ്പൂതിരിമാർക്ക് എന്ത് സംഭവച്ചു എന്ന് ഒരു ഐഡിയയുമില്ല.
പകല് പോലും ആ സർപ്പക്കാവിലേക്ക് പോകാൻ ആൾക്കാർക്ക് പേടിയാണ്. അവിടെ തിരിവക്കലോ പൂജയോ ഒന്നുമില്ലാതെ മൊത്തം കാടുകയറി കിടക്കുകയാണത്രേ. നടന്ന് പോകാൻ ഒരു വഴി പോലുമില്ലന്നാണ് പറഞ്ഞു കേട്ടത്.
ആ സർപ്പക്കാവിൽ ബ്രഹ്മരക്ഷസുണ്ടത്രേ.. സർപ്പക്കാവിൽ ഒരു അന്തർജ്ജനം തൂങ്ങി മരിച്ചിട്ടുണ്ടു പോലും. ആ പ്രേതവും ഉണ്ട്. സർപ്പക്കാവിൽ തിരിതെളിക്കാൻ വന്ന ഒരു നമ്പൂതിരി പെൺകുട്ടിയെ ആരൊക്കെയോ ചേർന്ന് എന്തൊക്കെയോ ചെയത് കൊന്ന് കെട്ടിത്തൂക്കിയെന്ന കഥയും ഞാൻ കേട്ടിട്ടുണ്ട്.ഇങ്ങനെയുള്ള പല കഥകളുമുണ്ട് പേടിക്കാനായിട്ട്. പക്ഷേ ഞാൻ അതൊന്നും വകവച്ചില്ല.എല്ലാർക്കും കാമുകിയുണ്ട്. എനിക്കും വേണം ഒരു കാമുകി. അതിനു വേണ്ടി ചാവാനും ഞാൻ റെഡിയായിരുന്നു. അതുമല്ല എന്റെ കൂടെ മന്ത്രവാദിയായ സുമേഷിന്റെ ഭൂതഗണങ്ങളുമുണ്ടല്ലോ.
ഒരു സന്ധ്യാനേരത്ത് വെളിച്ചെണ്ണയും തിരിയും പാലും മഞ്ഞൾപ്പൊടിയും കർപ്പൂരവുമായി ഒരു മനുഷ്യനും കേറാത്ത സർപ്പക്കാവിലേക്ക് ഞാൻ ഒറ്റക്കു പോയി.
ആത്മസമർപ്പണം.ലക്ഷ്യബോധം 1
കാടുമൂടിയ വഴിതാണ്ടിയപ്പോൾ പാമ്പുകളെ ഞാൻ പേടിച്ചില്ല:പാമ്പിന് പാലു കൊടുക്കാൻ വന്നിരിക്കുന്നവനാണ് ഈ ഞാൻ! അത് പറഞ്ഞ് എന്നെ ആരും പേടിപ്പിക്കണ്ട.. ആൽ പാമ്പ്സ് ആർ മൈ മിൽക്ക് ഫ്രണ്ട്സ് 1
പിന്നെ ബ്രഹ്മരക്ഷസ്: നമ്പൂതിരി പെണ്ണിൻ്റെ പ്രേതം! എല്ലാരും കൂടി കൊന്ന.. ആർദ്രത തോന്നി. കണ്ടാ അപ്പോ ഐ ലവ് യൂ എന്ന് പറയണമെന്നുറച്ചാണ് ഞാൻ പോയത്. എനിക്കൊരു കാമുകി വേണം. അത് ബ്രഹ്മരക്ഷസായാൽ ഞെട്ടിപ്പായിരിക്കും. എന്റെ ക്ലാസിലുള്ള മുഴുവൻ കെഴങ്ങൻമാരുടെയും കണ്ണ് തള്ളും, തീർച്ച!
സർപ്പക്കാവിലെ പ്രതിഷ്ഠയുടെ അടുത്തെത്തും വരെ എന്നെ ഒരു പാമ്പും കൊത്തിയില്ല ,താങ്ക് യൂ .ബ്രഹ്മരക്ഷസിനെ ഞാൻ വല്ലാതെ മിസ് ചെയ്തു.വന്നിരുന്നെങ്കിൽ പറയാൻ ഒരു പാടുണ്ടായിരുന്നു. യക്ഷിയും അറുകൊലയുമൊന്നും സർപ്പക്കാവിൽ കേറില്ലെന്ന് സുമേഷ് ഉറപ്പ് പറഞ്ഞതു കൊണ്ട് അവറ്റകളോട് ടെ പേടിയും ഇല്ലായിരുന്നു. പക്ഷേ ബ്രഹ്മരക്ഷസിനെ ഞാൻ പ്രതീക്ഷിച്ചു.നമ്പൂരിക്കുട്ടിയല്ലേ, സാധുവായിരിക്കും. പക്ഷേ യക്ഷികളെ എനിക്ക് പേടിയാണ്, തേപ്പ് കേസുകളാണ്, കാര്യം കഴിഞ്ഞിട്ട് നമ്മള എല്ലാം ഊറ്റിക്കോണ്ട് പുല്ലുകൾ സ്ഥലം വിടും.വേണ്ടേ വേണ്ട.
സർപ്പങ്ങളുടെ വിഗ്രഹത്തിൽ മഞ്ഞൾ വിതറി വിളക്ക് കത്തിച്ച് പാൽക്കിണ്ണം മുന്നിൽ വച്ച് ഞാൻ തൊഴുതു നിന്നു.വർഷങ്ങളായി ഒരുത്തനും ചെയ്യാത്ത കാര്യമാണ് ഞാൻ ചെയ്തിരിക്കുന്നത്. സ്വബോധമുള്ള ഒരാളും കേറാത്ത ഒരിടത്ത് ഞാൻ കേറി വിളക്ക് കൊളുത്തി നില്ക്കുകയാണ്, എന്റെ മനസിലെ ആഗ്രഹം സഫലീകരിച്ചു തരാൻ നാഗദൈവങ്ങൾ ബാധ്യസ്ഥരാണ്.
പക്ഷേ, ആത്മാർത്ഥതയോടെ മാപ്പിരന്ന് പ്രാർത്ഥിച്ചിട്ടും എന്നെ ശപിച്ച നാഗങ്ങൾ ഇഴഞ്ഞു വന്നില്ല .. ഞാൻ വച്ച പാലുകുടിച്ചില്ല.. കുറേ സമയം കാത്തു. ഇല്ല വന്നില്ല .. എന്റെ സർപ്പശാപം മാറില്ല ..എന്റെ ജീവിതത്തിൽ ഒരു പെണ്ണില്ല.. എന്റെ ജീവിതം തൊലഞ്ഞു.. ഞാൻ നിന്ന് കരഞ്ഞു.
പെട്ടെന്ന് ഒരു ശബ്ദം. അല്പം അകലെ കാടിനകത്ത് നിന്നും. ശ്ശ്ശ്ശ്പ്ശ്ശ്…
ഹായ്.. ഇഴഞ്ഞിഴിഞ്ഞിതാ വരവായി കരിനാഗങ്ങൾസ് ! വെൽഡൻ!പാമ്പ് വന്നു..! എനിക്കിതാ ശാപമോക്ഷം കിട്ടാൻ പോകുന്നു.
കുറച്ച് നേരം ഞാൻ കാത്തു നിന്നു.അനക്കം മാത്രമേ കേൾക്കുന്നുള്ളൂ. പാമ്പ് പക്ഷേ വരുന്നില്ല. പാലിരുന്ന് തണുക്കുകയാണ് പാമ്പേ.. വാ…!
പാമ്പ് പാലുകുടിക്കാൻ വരുന്നില്ല. എന്തു കഷ്ടമാണ്! ഞാൻ മാപ്പ് പറഞ്ഞില്ലേ.എനിക്ക് ശാപമോക്ഷം താ അലവലാതികളേ..
ഒരു പാട് സമയം കാത്തിരുന്നിട്ടും പാമ്പുകൾ പാല് കുടിച്ച് എനിക്കൊരു മാപ്പ് തരാൻ മുതിരുന്നില്ല. ശബ്ദം അടുത്ത് കേൾക്കുന്നുണ്ട്. അവ ഇണചേരുകയായിരിക്കും.. അക്ഷമയിൽ കുളിച്ച ഞാൻ കോപാകുലനായി.ലോകത്തെ സർവമാന പാമ്പുകളോടും എനിക്ക് ക്രോധം തോന്നി. എന്താ ഇവറ്റകൾക്ക് ഇത്ര താമസം!.സമയം കഴിയുംതോറും ക്രോധം ഏറി വന്നു! ഇവിടെ വാടാ പാമ്പുകളേ ..എനിക്ക് പാമ്പിന്റെ രക്തം വേണം .. ഒറ്റ എണ്ണത്തിനെ ഞാൻ വെറുതെ വിടില്ല! ക്രോധാന്ധനായ ഞാൻ ഒരു കല്ലുമെടുത്തു പാഞ്ഞു. ഇത്രയും അനുഭവിച്ച് ചീട്ട് വാങ്ങിയിട്ടും, എനിക്ക് മാപ്പ് തരാൻ കൂട്ടാക്കാത്ത ക്രൂര ജന്മങ്ങളേ.. നിങ്ങളെ ഈ ജന്മത്തിലും ഞാൻ കൊല്ലും. നിങ്ങട ശാപം എനിക്ക് പുല്ലാണ്..! എനിക്കിനി പെണ്ണ് വേണ്ട!
ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് ഓടി. അവിടെ ഞാൻ കണ്ടു, തുണിയില്ലാതെ കിടന്നുരുളുന്ന രണ്ട് പാമ്പുകൾ. മനുഷ്യരൂപത്തിലാണ് പാമ്പുകൾ വന്നിരിക്കുന്നത്. വന്നപാടേ ഇണചേരുകയാണ്! എന്താ നശൂലങ്ങളേ ഇങ്ങനെ! ഒരു മര്യാദയൊക്കെ വേണ്ടേ!
ഞാൻ ശ്രദ്ധിച്ചു നോക്കി,രണ്ടു പാമ്പിനേം എനിക്കറിയാം. ഒന്ന് എന്നെ ഇങ്ങോട്ടയച്ച സുമേഷിന്റെ അച്ഛൻ കനകൻ. മറ്റൊന്ന് സുലൈമാന്റെ ഭാര്യ പാത്തുമ്മ.
അപ്പോ ഇവരായിരുന്നു എന്നെ കഴിഞ്ഞ ജന്മത്തിൽ ശപിച്ച പാമ്പുകൾ.ഈ ജന്മത്തിൽ എന്നോട് എത്ര സ്നേഹത്തോടെയാണ് ഇവർ പെരുമാറിയിരുന്നത്. പക്ഷേ കഴിഞ്ഞ ജന്മത്തിലെ വൈരാഗ്യം ഇപ്പോഴും ഇവർ മനസിൽ വച്ചിരിക്കുകയാണ്. അത് ഞാനറിഞ്ഞില്ല. അതല്ലേ ഞാൻ വച്ച പാല് ഇവർ വന്ന് കുടിക്കാത്തത്! എനിക്ക് കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങൾ ഒന്നും ഓർമ്മയില്ലെങ്കിലും ഇവർ പഴയതൊന്നും മറന്നിട്ടില്ല. ഈ സർപ്പക്കാവു വരെ ഇഴഞ്ഞു വന്നിട്ടും, ഇണചേർന്ന് സാമിപ്യം അറിയിച്ചിട്ടും ,ഞാൻവച്ച പാലു കുടിച്ച് എനിക്ക് ഒരു ചെറിയ മാപ്പ് പോലും തന്നില്ലല്ലോ ക്രൂരജീവികളേ…
ഈ ജന്മത്തിലും ഞാൻ നിങ്ങളകൊല്ലും.. അലറിക്കൊണ്ട് ഞാനവരെ എറിഞ്ഞു, ഒന്നല്ല പല തവണ!
കനകൻമാമനും പാത്തുമാമിയും അത്യാസന്ന നിലയിൽ ഹോസ്പിറ്റലിലായി.
കനകൻ മാമനും പാത്തുമ്മ മാമിയും ഇന്നും ജീവിച്ചിരിപ്പുണ്ട്.ഞാനവരോട് ഇന്നും മിണ്ടില്ല.ഞാൻ വച്ച പാല് സാമദ്രോഹികൾ കുടിച്ചില്ല.. കഴിഞ്ഞ ജന്മം ഞാൻ ചെയ്ത ചെറിയ ഒരു തെറ്റിന് മാപ്പ് തരാത്ത അലവലാതികളേ നിങ്ങളോടിനി കൂട്ടില്ല .. തരം കിട്ടിയാൽ ഇനീം നിങ്ങളെ ഞാൻ കൊല്ലും..
അച്ഛനെ എറിഞ്ഞതിന്, എന്നെ വടയക്ഷിയെ വിട്ട് കൊല്ലിക്കും എന്ന് സുമേഷ് പറഞ്ഞതായി ഞാനറിഞ്ഞു. അച്ഛൻ ആശുപത്രിയിലായതിന്റെ അന്ന് എന്നോട് പിണങ്ങിയ സുമേഷ് ഇതുവരെ എന്നോട് മിണ്ടിയിട്ടില്ല. സുമേഷ് മന്ത്രവാദിയാണ്. എന്നെ വകവരുത്താൻ ഒരു വടയക്ഷിയെ വിടാൻ അവന് നിസാരമായി കഴിയും. വട യക്ഷിയുമായി സുരതം നടത്തുന്നവനാണ് അവൻ…! ഞാൻ കാത്തിരുന്നു, വടയെ ക്ഷിയെങ്കിൽ വടയയക്ഷി..! പക്ഷേ യക്ഷി പോയിട്ട് ഒരു ഉഴുന്നുവട പോലും വന്നില്ല. സുമേഷ് ഇപ്പോഴും ജീവനോടെയുണ്ട്, മന്ത്രവാദമൊക്കെ ഇപ്പോ ഉണ്ടോ എന്തോ, എന്നാലും അവൻ എന്നെ കൊല്ലാൻ അയക്കുന്ന വടയക്ഷിയെയും കാത്തിരിപ്പാണ് ഞാൻ..!വരുമോ എന്തോ!
⚫