രചന : ജയശങ്കരൻ ഒ ടി ✍

ഇല കൊഴിഞ്ഞു പോയ്
വേനലിൽ നൊന്തു
തളിരിടും ചില്ല പോലെ
പുഴകളിൽ തെളിർ
നീരിൽ വേഗമാർ
ന്നണയുമോടികൾ പോലെ
തുഴകൾ മൂളുന്ന
കഥകളായ് സ്വരം
നിറയെ ഗദ്ഗദം പോലെ
അരികിൽ വന്നിടാ
തൊരു ചിരാതുല
ഞ്ഞകലു മഴിമുഖം പോലെ
പിരിമുറുക്കമാ
യൊഴുകിനീങ്ങുന്ന
വഴിയിൽ മരു പഥം പോലെ.
മണലുയർത്തുന്ന
സാർത്ഥവാഹക
പ്പടയിലാരവം പോലെ
പുതുമഴത്തുമ്പി
ലേറിയെത്തുന്ന
നവസുഗന്ധങ്ങൾ പോലെ
കതിരുകൾ കാറ്റി
ലാടിയിളകുന്ന
ശിശിര ബാല്യങ്ങൾ പോലെ
കുരുവി പാടുന്ന
കുളിരു തൂവലിൽ
പൊതിയുമാശകൾ പോലെ
അരികെയെത്തുവാ
നോടി വീഴുന്ന
പൈതലിൻ മുഖം പോലെ
കവിത മൂകമായ്
അയവിറക്കുന്ന
പവിഴ മണ്ഡപം പോലെ
കനിവു തീരെ
യറിയാത്ത ജീവിതം
തലയുയർത്തുന്ന പോലെ
അറിവു വെന്ത മൺ
ചിതകളിൽ നിലാ
ച്ചിറകു കരിയുന്ന പോലെ
ദുരിത വർഷ
കാലങ്ങളിൽ മഴ
ക്കാറു നീങ്ങുന്ന പോലെ
മിഴികളിൽ കനം
മുറിവിൽ സാന്ത്വനം
മറവി തൻ സ്നേഹഗീതം

By ivayana