രചന : റെജികുമാർ ചോറ്റാനിക്കര ✍

എണ്ണവറ്റി,ക്കരിന്തിരികത്തുമ്പോ-
ലെണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളി –
ന്നൊക്കെയുള്ളിലായ് നീറിനിൽക്കുമ്പോഴും
ഒന്നിനും കഴിയാതുഴലുന്നവർ..
എന്തിനീനേരു:മീലോക സത്യവും
നിത്യവും പോർക്കളങ്ങൾ തീർത്തീടുന്നൂ..
സത്വരം വന്നുചേരും ധനാദികൾ
മാത്രമീജന്മധർമ്മമെന്നോതുവോർ..
വാഴുമീഭൂവിലുണ്ടാമധർമ്മങ്ങൾ
വാൾമുനത്തുമ്പിനാലേയതെന്നുമേ..
കർമ്മബന്ധങ്ങൾക്കേകുന്നതില്ലല്ലോ
പുല്ലുപോലും വിലയെന്നു നിശ്ചയം..
ധൂർത്തുമാത്രമായാർത്തകൺകാഴ്ചകൾ
പേർത്ത ജീവനോയീവഴിത്താരയിൽ..
പുറ്റുപോൽ,ശലഭങ്ങളായ് ജീവിതം
പട്ടടക്കുള്ളിലായെരിയും നാളിൽ…
പട്ടുമെത്തമേൽ ശയ്യതീർക്കുന്നോരാ-
ശക്തനും ചാരമായ്തീർന്നിടുമല്ലോ..
ഓർത്തിടാതിന്നുമോരോ കരുക്കളും
ഓർത്തവൻചേർത്തു നീക്കുന്നുവല്ലോ..
പിന്നിലേക്കായ്തിരിഞ്ഞുനോക്കും മനം
പുത്തരിച്ചോറതുണ്ടതിൻ സൗഖ്യവും..
പിന്നതിൽക്കത്തിനിൽക്കും സ്മരണയിൽ
മിന്നിമായുമീ സർവ്വ സത്യങ്ങളും..
ഒക്കെയീമണ്ണുചേരും ദിനങ്ങൾക്കി –
ന്നൊത്തിരിദൂരമില്ലെന്നറിക നാം..

റെജികുമാർ ചോറ്റാനിക്കര

By ivayana