രചന : ഷിംന അരവിന്ദ് ✍

അതിശൈത്യത്തിൽ അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ ചോദിക്കുന്ന ഒരേ ഒരു ചോദ്യം “നമ്മളെന്നാ അമ്മെ ഉത്സവം കാണാൻ പോവുന്നത് ? “
“ദൈവത്തിൻ്റെ സ്വന്തം നാടിനെ കുറിച്ച് ”അമ്മയും ,അച്ഛനും അവളോട് വാ തോരാതെ പറഞ്ഞിട്ടുണ്ട്.

അപ്പോൾ മുതലുള്ള അവളുടെ ആഗ്രഹമാ എങ്ങനെയെങ്കിലും ദൈവത്തിൻ്റെ
നാട്ടിൽ എത്തിയാൽ മതിയെന്നുള്ളത്.
സോനയെ സാരിക്കുള്ളിലെ ഊഞ്ഞാലിൽ കിടത്തി മാറോട് ചേർത്തുകൊണ്ട് കത്തുന്ന വേനലിലും , തോരാമഴയിലും ഒരുനേരത്തെ അന്നത്തിന് വേണ്ടി, വഴിനീളെ ബലൂണും ,പട്ടവുമായ് താണ്ടിയ കഥകളും ഒക്കെ ആ കുഞ്ഞുമനസ്സിൽ അമ്മ പറഞ്ഞ് കൊടുത്തത് പോലെ തെളിഞ്ഞ് വരാറുണ്ട്. അന്ന് മുതൽ ആ കുഞ്ഞു മനസ്സിൽ നാമ്പെടുത്തതാണ് അച്ചനെയും ,അമ്മയെയും സഹായിക്കാൻ എനിക്കും പോവണം എന്നുള്ള ചിന്ത. “വർണ്ണപ്പട്ടങ്ങളും ,ബലൂണുകളും എനിക്കും വിൽക്കണം.

വരാൻ പോവുന്ന ഹോളിയിൽ അമ്മയോടൊത്ത് ഒത്തിരി മധുരങ്ങൾ ഉണ്ടാക്കാനും ,കുഞ്ഞുടുപ്പ് വാങ്ങിക്കാനും , വർണ്ണങ്ങളിൽ കളിക്കാനും “അങ്ങനെ ഒത്തിരി സ്വപ്നങ്ങൾ സോന അവളുടെ കൂട്ടുകാരോടൊത്ത് പങ്ക് വെച്ചു.
സോന സ്വപ്നം കണ്ട ദിവസം അവൾക്ക് മുന്നിലെത്തി .അവളുടെ അച്ഛൻ ഗോപിയോടും ,അമ്മ മന്ദയോടും ഒത്ത് രാജസ്ഥാനിൽ നിന്നും ദൈവത്തിൻ്റെ സ്വന്തം നാട്ടിലേക്ക്.
ഓരോ ചൂളം വിളിയിലും അവൾ ചോദിച്ച് കൊണ്ടേയിരുന്നു “അമ്മേ ക്ഷേത്രം എത്താറായോ?”

നെൽവയലുകൾക്ക് നടുവിൽ സ്ഥിതി ചെയ്യുന്ന തലശ്ശേരിയിലെ ജഗന്നാഥ ക്ഷേത്രത്തെ അവൾ കണ്ണിമ ചിമ്മാതെ നോക്കി നിന്നു. ഉത്സവ പറമ്പിലെ വർണ്ണക്കാഴ്ചകൾ ഏഴ് വയസ്സുകാരിയായ സോനയെ ഒരു പുതുലോകത്തേക്കെത്തിക്കുകയായിരുന്നു. ക്ഷേത്രനടയിൽ ബലൂണും കളിപ്പാട്ടവുമായ് അവളും ഇരുന്നു ,ദൈന്യതയാർന്ന
കണ്ണോടെ ,”ഒരു ബലൂൺ വാങ്ങിക്കുമോ ചേച്ചീ… ചേട്ടാ…” നൊമ്പരം കലർന്ന സ്വരത്തോടെ അവളും യാചിച്ചു കൊണ്ടേയിരുന്നു.

കൊടും ചൂടിൽ അമ്മയുടെ സമ്മതം വാങ്ങീട്ടാവാം കൂട്ടുകാരോടൊത്ത് ക്ഷേത്രക്കുളത്തിലേക്ക് പോയത്.
അതോ ജീവിതം കരകയറ്റാനുള്ളശ്രമത്തിനിടയിൽ “ക്ഷേത്രക്കുളത്തിൽ പോയ്ക്കോട്ടെ “എന്ന മകളുടെ ചോദ്യം അമ്മ മനസ്സ് കേട്ടില്ലാന്നുണ്ടോ?
സോന കൂട്ടുകാരോടൊത്ത് പാറി നടക്കുന്ന പല വർണ്ണ പട്ടങ്ങളേയും
നോക്കി പുഞ്ചിരിച്ചു കൊണ്ട് പടവുകളിറങ്ങി. ചുട്ടുപൊള്ളുന്ന മണലിലൂടെ നടന്ന കുഞ്ഞിക്കാലുകളിൽ നനവ് പടർന്നപ്പോഴുള്ള ആശ്വാസം കൊണ്ടാണോ തിരിച്ച് പടവുകൾ കയറാൻ തോന്നാഞ്ഞത്.

കുളത്തിൽ കിടന്ന്നീ മുങ്ങിത്താഴുമ്പോഴും മനസ്സിൽ “അമ്മേ ” എന്ന് നീ പ്രാവശ്യം വിളിച്ചിട്ടുണ്ടാവും. ആകാശത്തിലെ പലവർണ്ണ പട്ടങ്ങൾ നിനക്ക് വഴികാട്ടിയായത് കുഞ്ഞു താരമായ് മാറാനായിരുന്നോ? സോന ഊതി വീർപ്പിച്ച എത്രയെത്ര ബലൂണുകൾ അവൾ പോയതറിയാതെ വിണ്ണിൽ പാറി കളിക്കുന്നു. ജഗന്നാഥൻ്റെ
മണ്ണിൽ സ്വപ്നങ്ങളാക്കെ ബാക്കിയാക്കി ഏത് വർണ്ണങ്ങളുള്ള ലോകത്തേക്കാണ്
നീ പോയതെന്നറിയാതെ …

ഷിംന അരവിന്ദ്

By ivayana