രചന : മൻസൂർ നൈന ✍
ആർത്തട്ടഹസിച്ച് വരുന്ന രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണനായും , ഉത്തമ പുരുഷനായ ശ്രീരാമനായും , ശ്രീകൃഷ്ണനായും , ഹനുമാനായും പിന്നെ വ്യത്യസ്ഥ വേഷങ്ങളിൽ തിളങ്ങുന്ന നല്ലൊരു നാടക നടനും , കൊച്ചിൻ തിരുമല ദേവസ്വം ക്ഷേത്രത്തിലെ മുഖ്യഅർച്ചകനും ( പൂജാരി ) കൂടിയായ എൽ. കൃഷ്ണ ഭട്ടിനെ നമുക്കൊന്ന് പരിചയപ്പെടാം .
കേരളത്തിലെ ഗൗഡ സാരസ്വത ബ്രാഹ്മണരായ കൊങ്കണി സമുദായത്തിന്റെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ സാമൂഹിക-മത സ്ഥാപനമാണ് കൊച്ചിൻ തിരുമല ദേവസ്വം ക്ഷേത്രം (വലിയമ്പലം ) , ഗോശ്രീപുരം എന്നും അറിയപ്പെടുന്നു . കേരളത്തിലെ ജി.എസ്.ബി.യുടെ ആദ്യകാല സെറ്റിൽമെന്റുകളിലൊന്നായ കൊച്ചി പ്രദേശത്തെ മട്ടാഞ്ചേരിയിലെ ചെർളായിയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഏകദേശം AD 1540 കൾക്ക് ശേഷം ഗോവയിൽ നിന്ന് കൊച്ചിയിലേക്കെത്തിയ ഗൗഡ സാരസ്വത ബ്രാഹ്മണരായ കൊങ്കണികളാൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ തന്റെ കുടുംബത്തിലെ പൂർവ്വികരിൽ നിന്ന് കൈമാറിയെത്തിയ മുഖ്യഅർച്ചകനായ ഒമ്പതാം തലമുറയിൽപ്പെട്ടയാളാണ് കൊങ്കണി സമുദായക്കാരനായ എൽ. കൃഷ്ണ ഭട്ട് . ഹൃദ്യമായ പെരുമാറ്റം , വിഭാഗീയതയില്ലാത്ത മനസ് , തുറന്ന സംസാരം അതെ കലാഹൃദയമുള്ള മുഖ്യഅർച്ചകൻ ( പ്രധാന പൂജാരി ) അതാണ് എൽ. കൃഷ്ണ ഭട്ട് .
സ്വന്തമായി ആനയുണ്ടായിരുന്ന , ആനപ്രേമിയായ മുഖ്യഅർച്ചകൻ …..
മറ്റൊരു പ്രത്യേകത കൂടി ഇദ്ദേഹത്തിനുണ്ട് ആനപ്രേമിയാണ് . പലപ്പോഴായി മൂന്നോളം ആനകളെ സ്വന്തമായി വളർത്തിയിരുന്നു . തിരുമല വിഷ്ണു എന്ന ആനക്കുട്ടി , തിരുമല നീലകണ്ഠൻ , പിന്നെ തിരുമല ബാലാജി എന്നീ ആനകളാണ് സ്വന്തമായി ഇദ്ദേഹത്തിനുണ്ടായിരുന്നത് . ക്ഷേത്രത്തിനടുത്തുള്ള ഇദ്ദേഹത്തിന്റെ വീട്ട് വളപ്പിൽ അന നിൽക്കുന്നത് പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട് . നോട്ടത്തിൽ തന്നെ ആനകളുടെ ലക്ഷണം മനസിലാക്കുo , ആനകളുടെ ആഹാരക്രമം , അതിന്റെ രോഗ ലക്ഷണങ്ങൾ എന്നിവ ഇദ്ദേഹത്തിന് അറിയാം . കേരളത്തിൽ പലയിടത്തും ആനകളെ പോയി കാണുകയും , ആനക്കാരുമായും ( പാപ്പാൻ ) , ആനകളുടെ ഉടമസ്ഥരുമായുമുള്ള സഹവാസവും , ആനചികിത്സകരുമായുള്ള ബന്ധവും ഇദ്ദേഹത്തിനുണ്ട്. ഇപ്പോൾ ആനകളെയൊന്നും വളർത്തുന്നില്ല .
കൊങ്കണി ഭാഷയിലെ നാടക നടൻ ……
മട്ടാഞ്ചേരിയിലെ TD സ്ക്കൂളിൽ നിന്ന് ഹൈസ്ക്കൂൾ വിദ്യഭ്യാസം കഴിഞ്ഞ് അച്ഛനോടൊപ്പം ക്ഷേത്ര കാര്യങ്ങളിലേക്ക് പ്രവേശിച്ചു . ഇതിനിടയിലാണ് കലാ രംഗത്തേക്ക് ആകൃഷ്ട്ടനാകുന്നത് . കൊങ്കണി ഭാഷ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യം കൂടി തന്റെ നാടകങ്ങൾക്ക് പിന്നിലുണ്ടെന്ന് മുഖ്യഅർച്ചകനായ കൃഷ്ണ ഭട്ട് പറയുന്നു .
ഗോവയിലെ ഔദ്യോഗിക ഭാഷയാണ് കൊങ്കണി . മഹാരാഷ്ട്ര, കർണാടക സംസ്ഥാനത്തിലെ ഉത്തര കന്നഡ , ദക്ഷിണ കന്നഡ , കേരളത്തിൽ കൊച്ചി , ആലപ്പുഴ , കണ്ണൂർ , കാസറഗോഡ് എന്നിവിടങ്ങളിലും കൊങ്കണി ഭാഷ മാതൃഭാഷ ആയിട്ടുള്ളവർ ധാരാളം ഉണ്ട് . ദേവനാഗരി ലിപി ഉപയോഗിച്ചാണ് ഈ ഭാഷ ഇപ്പോൾ എഴുതുന്നത് . കൊങ്കണികളിൽ കൃസ്ത്യാനികളും , മുസ്ലിംകളുമുണ്ട് . കർണ്ണാടക മുതൽ മഹാരാഷ്ട്രവരെയുള്ള കൊങ്കൺ പ്രദേശത്തെ കൃസ്ത്യാനികളും , മുസ്ലിംകളുമെല്ലാം കൊങ്കണി ഭാഷയാണ് സംസാരിക്കുന്നത് .കേരളത്തിൽ കൊങ്കണി സംസാരിക്കുന്ന പ്രമുഖ ‘സമൂഹങ്ങളാണ് ഗൗഡ സാരസ്വത ബ്രാഹ്മണരും , സോനാർ വിഭാഗവും (സ്വർണ്ണ പണിക്കാർ ) , വൈശ്യ ബ്രാഹ്മണരും , കുഡുംബി സമുദായക്കാരും .
കൊങ്കണി ഭാഷ വളരെ ഭംഗിയായി അറിയാമായിരുന്ന കൊച്ചിയിലെ രണ്ട് മുസ്ലിംകളായിരുന്നു കൊച്ചി കപ്പലണ്ടി മുക്കിൽ പലചരക്ക് കട നടത്തിയിരുന്ന ടി.എ. മുഹമ്മദ് എന്ന മമ്മുക്കയും , ഹസൻ കോയയും .
1972 മുതൽ കൊങ്കണി ഭാഷാനാടക രംഗത്തേക്ക് പ്രവേശിച്ച ഇദ്ദേഹം അമ്പതോളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് . കൂടാതെ സ്ത്രീ വേഷങ്ങളടക്കം എഴുപതോളം നാടകങ്ങളിൽ അഭിനയിച്ചു . ഗാനരചനയും ഇതോടൊപ്പം നിർവ്വഹിക്കുന്നു . മലയാളത്തിൽ രചിച്ച ഒരു ഗാനം ഗായകൻ വിധുപ്രതാപ് ആലപിച്ചിട്ടുണ്ട് . ഒരു കൊങ്കണി ഗാനം , ഉച്ചാരണം പഠിപ്പിച്ചെടുത്തു ഗാനഗന്ധർവ്വൻ യേശുദാസിന്റെ സഹോദര പുത്രൻ മരിയദാസിനെ കൊണ്ടും പാടിച്ചിട്ടുണ്ട് . തന്റെ ഭാര്യ സുപ്രഭയും കലാ രംഗത്തോടു താൽപ്പര്യമുള്ളയാളാണെന്ന് കൃഷ്ണ ഭട്ട് പറയുന്നു . ചില നാടകങ്ങളിൽ ഭാര്യയും ഇദ്ദേഹത്തോടൊപ്പം അഭിനയിച്ചിട്ടുണ്ട് .
കൊച്ചിയിലും , കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലും , ഗോവ , ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം നിരവധി നാടകങ്ങളിൽ അഭനയിച്ചു , നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു . ഒരിക്കൽ തിരുവനന്തപുരത്ത് വെച്ച് അന്ന് മന്ത്രിയായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തിൽ ഒരു നാടകത്തിൽ അഭിനയിച്ചു . കൃഷ്ണ ഭട്ടിന്റെ അഭിനയം കണ്ടു കടന്നപ്പള്ളി നേരിട്ടെത്തി കൃഷ്ണ ഭട്ടിനെ അഭിനന്ദിച്ചു.
കോലായി ഹനുമാൻ …..
ഒരു നടന്റെ തീവ്രമായ അഭിനയ മോഹത്തിൽ നിന്ന് പിന്നീടയാൾ മാനസിക നില തെറ്റിയ അവസ്ഥയിലേക്കെത്തുന്ന കൃഷ്ണ ഭട്ടിന്റെ ഒരു മികച്ച കഥാപാത്രമാണ് കോലായി ഹനുമാൻ . അച്ഛന്റെ നാടക അഭിനയത്തിൽ അതൊരു കുറച്ചിലായി തോന്നിയ മക്കൾ പിന്നീട് അദ്ദേഹത്തെ അഭിനയ രംഗത്തേക്ക് വിടാൻ അനുവദിക്കുന്നില്ല . ഇതിൽ അയാൾ മാനസികമായി തകർന്നു പോകുന്നു . താൻ സ്ഥിരമായി കളിക്കുന്ന ഹനുമാൻ വേഷം അഴിച്ചു വെക്കാതെ വീടിന്റെ കോലായിൽ ഭ്രാന്തമായ ഒരു മാനസികാവസ്ഥയുമായി ജീവിക്കുന്ന , തന്റെ ഹനുമാൻ വേഷത്തിൽ താദാത്മ്യം പ്രാപിച്ച , മാനസികമായി താനൊരു ഹനുമാനായി മാറിയ ഒരു നടനെ അവതരിപ്പിക്കുകയാണ് കോലായി ഹനുമാനിലൂടെ കൃഷ്ണ ഭട്ട് .
ബ്രാഹ്മണർ സാധാരണയായി സ്റ്റേജ് കലകളിൽ അഭിനയിക്കാറില്ല , അവർ ആസ്വദിക്കാറേയുള്ളു അതിൽ നിന്ന് വ്യത്യസ്ഥമായി സ്റ്റേജ് കലകളിൽ അഭിനയിക്കുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന , കലകളെ പ്രണയിക്കുന്ന വ്യത്യസ്ഥനായ ഒരു മുഖ്യ അർച്ചകനാണ് കൃഷ്ണ ഭട്ട് .