കള്ളിമുൾപാല പൂത്തു നില്ക്കുന്ന സെമിത്തേരിയിൽ
ഒറ്റയ്ക്ക് ഒരു പള്ളിപ്പാക്കാൻ
ഓലിയിടുന്നത്
ആരെ കണ്ടിട്ടാണ്…?
നക്ഷത്രങ്ങൾ പകർന്ന വെളിച്ചത്തിൽ
സെമിത്തേരി പറമ്പിനരികെ
ഇണ ചേരുന്ന രണ്ടു വെള്ളരിപ്രാവുകൾ
മുതിര മുളച്ചു നില്ക്കുന്ന
സ്ലാവുകൾക്കിടയിൽ നിന്നും
തേങ്ങലുകൾ കേൾക്കാം
ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ
കൊല്ലപ്പെട്ട പ്രമാദമായ കേസിൽ കിടക്കുന്ന
ശവശരീരം പുറത്തെടുത്ത് വീണ്ടും
അപമാനിച്ചതാകും
ആ തേങ്ങലിൻ്റെ ഉള്ളടക്കം.
“ഇവിടെ ഞാൻ അന്തിയുറങ്ങുന്നു “
എന്നെഴുതിയ മാർബിൾ ഫലകത്തിൽ
കരി കൊണ്ട് ഏതോ കുരുത്തംകെട്ടവൻ എഴുതിയിരിക്കുന്നു
“തന്തയ്ക്ക് വെള്ളം കൊടുക്കാത്തവൻ “
അമ്മ മരിച്ചിട്ടും
കാണാനെത്താത്ത മകനരുകിൽ
അന്തിയുറങ്ങുന്ന അമ്മച്ചിയുടെ
കുഴിമാടത്തിന് മുകളിൽ
അമ്മച്ചി വളർത്തിയ ഡോബർമാൻ
കാവൽ നിൽക്കുന്നു.
ഓരോ സെമിത്തേരിയും ഓരോ കഥ പറയുന്നു
സെമിത്തേരിക്കരികിൽ പൂത്ത
വാകമരത്തിനറിയാം
വന്നവരെയും,
പോയവരെയും
മെഴുകുതിരി കത്തിച്ചവരെയും
സെമിത്തേരിയിൽ പൂത്ത വാകയും
കള്ളിമുൾച്ചെടിയും
ഇന്നും അവരോടു സംസാരിച്ചുകൊണ്ടിരിക്കുന്നു.
……….. താഹാ ജമാൽ