രചന : കൃഷ്ണ മോഹൻ കെ പി ✍

മുറ്റത്തു ഞാൻ നട്ടൊരു മുല്ലയിൽ വിടർന്നതാം
മുഗ്ദ്ധ സൗന്ദര്യമോലും പൂക്കളേ എന്നെ വിട്ട്
മാനത്തു ചേക്കേറിയീ മാനവനെന്നെ നോക്കി
വാനത്തിൻ പുഷ്പങ്ങളായ് നിങ്ങളിതെന്തേ മാറീ

സൗവർണ്ണ സ്വപ്നങ്ങളാൽ ഭാവന വിരിയിക്കും
സൗന്ദര്യമുതിർക്കുന്ന താരങ്ങളായീ നിങ്ങൾ
എങ്കിലും മനസ്സിന്റെ ഉള്ളറ തുറക്കുമ്പോൾ
എന്തിനോ വേണ്ടീ നിങ്ങൾ കേഴുന്നതും കേട്ടൂ

കാലത്തിൻ രഥത്തിലീ ഭൂതലംകുതിക്കുമ്പോൾ
കാലചക്രം തന്റെ ഉരുളിൽ കിതയ്ക്കുമ്പോൾ
കാത്തു ഞാൻ വച്ചീടിന ജീവിത സുഗന്ധത്തിൻ
കാഴ്ചകളൊഴിവാക്കി എന്തിനായ് പിരിഞ്ഞു പോയ്?

ജീവിതചക്രത്തിന്റെ ആരക്കാലുകൾ തോറും
ജീവിത പന്ഥാവിന്റെ നാൾവഴി തോറും മെല്ലേ
ജീവിതസാക്ഷാത്ക്കാരം കണ്ടെത്താനുഴറുന്ന
ജീവികൾക്കാശ്വാസമായ് ഭൂമിയിൽ നിന്നാൽ പോരേ

ക്ഷണികമീ ജീവൻ തന്റെ നിമിഷാർദ്ധപ്രഭാവത്തിൽ
ക്ഷിതിയും മരിക്കില്ലേ ഒട്ടുനാൾ ചെല്ലുന്നേരം
ക്ഷണിതാവായിട്ടിങ്ങു ഭൂമിയിൽ പിറന്ന ഞാൻ
ക്ഷണിപ്പൂവീണ്ടും, താരേ, ഒന്നിനീം വന്നീടുമോ?

പച്ചയായ്പറഞ്ഞാൽ ഞാൻ ഉച്ചിയിൽ കിറുക്കുള്ള
കൊച്ചനായ് വസിക്കുന്നീ ഭുവനം തങ്കലെന്ന്
മെച്ചത്തിൽ ചിന്തിക്കുന്ന കൂട്ടരെ സന്ദർശിക്കാൻ
കൊച്ചിളം താരങ്ങളേഅണയൂ പുഷ്പങ്ങളായ്.

കൃഷ്ണ മോഹൻ കെ പി

By ivayana