രചന : മനോജ് മുല്ലശ്ശേരി നൂറനാട്✍
കൈക്കല ചേർത്ത് പിടിച്ച് ചോറും കലം വാങ്ങി വെച്ച ശേഷം.. അടുപ്പിലെ തീ ഒന്നും കൂടി കുത്തിയിളക്കി ചെറിയ. രണ്ട് കഷ്ണം
വിറക് കൊള്ളിയും കൂടി വെച്ച് തീ ഊതി ജ്വലിപ്പിച്ച് .
മൺചട്ടിയെടുത്തടുപ്പിൽ വെച്ചു. ചട്ടി ചൂടായതും അല്പം എണ്ണയൊഴിച്ച് കൊടുത്തു. എണ്ണ നന്നായിചൂടായതും അല്പം കടുകിട്ടു .
കടുക് പൊട്ടിയതും കുറച്ച് ഉലവയും
ചതച്ച് വെച്ചിരിക്കുന്ന ഇഞ്ചിയും വെളുത്തുളളിയും പച്ചമുളകും ഒപ്പം ചേർത്ത് നന്നായി ഇളക്കി .
ശേഷം വറുത്തരച്ച്
കലക്കി വെച്ചിരിക്കുന്ന മീനുള്ള അരപ്പ് ഇരുകൈകൊണ്ട് നന്നായിയൊന്ന് കറക്കി അടുപ്പിലിരിക്കുന്ന ചട്ടിയിലേക്കൊഴിച്ചു..
ഉപ്പും, കൊടംപുളിയും പാകത്തിന് ചേർത്ത ശേഷം അടച്ച് വെച്ചു .
വെട്ടികഴുകി വൃത്തയാക്കി വെച്ചിരിക്കുന്ന നല്ല പച്ച അയിലയെടുത്ത് കഷ്ണങ്ങളാക്കി വെള്ളത്തിലേക്കിട്ടു.
വീണ്ടും ഒന്നും കൂടി കഴുകി വെള്ളം കളഞ്ഞ്
അടുപ്പിന്റെയരികിലേക്ക് വന്നു.
അരപ്പ് നന്നായി തിളയ്ക്കുന്നുണ്ട്.
അടപാത്രം മാറ്റി കഷ്ണങ്ങളാക്കി മാറ്റിയ മീൻ പെറുക്കി ശ്രദ്ധയോടെ അരപ്പിലേക്കിട്ടു.
വീണ്ടും കൈക്കല ചേർത്ത് പിടിച്ച്
നന്നായിയൊന്ന് കറക്കി വെച്ചു.
മറ്റൊരു അടപ്പിൽ വെള്ളം പോകാനായി ചായ്ച്ച് വെച്ചിരിക്കുന്ന കപ്പ കലം നേരയാക്കി അടുപ്പത്ത് വെച്ചു.
മീൻ ചട്ടിയുടെ അടിയിൽ നല്ല തീയുണ്ട്
നല്ല ഉണക്ക വിറകാളി കത്തുന്നുണ്ട്.
അതിൽ നിന്നുമൊരു വിറക് കൊള്ളിയെടുത്ത് കപ്പ കലത്തിനടിയിൽ വെച്ചു
കപ്പയിലെ വെള്ളം വറ്റിച്ചെടുത്തു.
കലമൊരു മൂല ചേർത്ത് ചരിച്ച് വെച്ച് .
പച്ചതേങ്ങയും. മഞ്ഞളും .ചെറുജീരകവും ചേർത്തരച്ച അരപ്പ് കപ്പയിലേക്കിട്ടു.
തെങ്ങിൻ മടൽ ചെത്തിമിനുക്കി അവിടെ
ചാരിവെച്ചിരിക്കുന്ന തുടുപ്പെടുത്ത് നന്നായി തുടച്ച് ശേഷം കപ്പ നന്നായി കുഴച്ചെടുത്തു.
കടുകും, കൊച്ചുള്ളിയും , കറിവേപ്പിലയും, വറ്റൽ മുളകും ചേർത്ത് വെളിച്ചെണ്ണയിൽ താളിച്ച് കപ്പയിലേക്കൊഴിച്ച് . നന്നായി അടച്ച് വെച്ചു..
മീൻ കറിയുടെ മുകളില അടപാത്രം മാറ്റിയതും.
ആഹാ ..നല്ല മണം മൂക്കിലേക്ക് ഇടിച്ചു കയറി. മീൻകറി നന്നായി തിളയ്ക്കുന്നുണ്ട്. അല്പം കായപ്പൊടി വിതറി, ഒപ്പം അല്പം കറിവേപ്പിലയും കുറച്ച് പച്ചവെളിച്ചണ്ണയും ചേർത്തു. കറി നന്നായൊന്ന് കറക്കി അടുപ്പിൽ വെച്ചു. ഒരു ചെറുതവിയിൽ അല്പം മീൻ ചാറെടുത്ത് ഉപ്പ് നോക്കി. ഉം .. കൊള്ളാം മനസ്സിൽ ആത്മഗതം പറഞ്ഞു .
ശേഷം അടുപ്പിലെ തീ കെടുത്തി. മീൻ ചട്ടി അടുപ്പത്ത് തന്നെ വെച്ചു.
അപ്പോഴാണ് മുറ്റത്ത് കളിച്ചു കൊണ്ട് നിൽക്കുകയായിരുന്ന ഹരികുട്ടന്റെ ഉറക്കെയുള്ള വിളി.
അമ്മെ .. അമ്മേ ഓടി വരണെ ..
ഓടി വാ ..
എന്താണ് എന്ന് ചോദിച്ച് പുറത്തേക്ക് വന്ന
രമണി കണ്ടത് മുറ്റത്ത് കരഞ്ഞ് കൊണ്ട് നിൽക്കുന്ന മകനെയാണ്.
എന്താടാ കരയുന്നത് ? നിന്റെ ചേച്ചിയെന്തിയെ? അടിവെച്ചൊ ? രണ്ടാളും
ഇല്ലമ്മെ .. ചേച്ചിയുടെ കാലിൽ പാമ്പ് കടിച്ച് . ദാ ചേച്ചി അവിടെ നിന്ന് കരയുന്നു.
ദൈവമെ പാമ്പൊ ?
നിലവിളിച്ചു കൊണ്ട് രമണി മകളുടെ അടുത്തേക്കോടി.
മുട്ടറ്റം വരെയുള്ള പാവാടയും ബ്ലൗസുമാണ് അവളുടെ വേഷം .
അമ്മ ഓടി വരുന്നത് കണ്ടവൾ ഭയന്ന് .
.കുരുമുളക് ചെടി ആർത്തിയോടെ വളർന്ന് പന്തലിച്ച് നിൽക്കുന്ന
ആ വയസ്സൻ പ്ലാവിന്റെ അരികിലേക്ക് ചേർന്ന് നിന്നു .
അടിക്കരുതമ്മെ ഞാനൊരു തെറ്റും ചെയ്തട്ടില്ലെന്ന് പറഞ്ഞവൾ കരഞ്ഞു.
എന്നാലിതൊന്നും ശ്രദ്ധിക്കാതെ രമണി മകളെ തന്റെ അരികിലേക്ക് ചേർത്ത് കാലിലേക്ക് നോക്കിയ അവരുടെ കണ്ണുകളിൽ ഇരുട്ട് കയറി. തല ചുറ്റും പോലെ ആകെയൊരു തളർച്ച അവർ താഴെക്കിരുന്നു. ഉപ്പൂറ്റിയിൽ കൂടി ചോരയൊലിച്ച് ഇറങ്ങുന്നു
തന്റെ നീയന്ത്രണം വിട്ട് പോകുന്നുവെന്ന് മനസ്സിലാക്കിയവർ വേഗം യാഥാർത്ഥ്യത്തിലേക്ക് തിരച്ച് വരുകയും
തൊണ്ട പൊട്ടുമാറും ഉച്ചത്തിലൊരു
നിലവിളിയായിരുന്നു.
ഓടി വരണെ ..എന്റെ പൊന്നുമോളെ പാമ്പ് കടിച്ചെ…
എന്റെ മോളെ പാമ്പ് കടിച്ചെ…
തന്നെ പാമ്പാണ് കടിച്ചതെന്ന് അമ്മ പറഞ്ഞപ്പോളാണ് കാവേരിയും തിരിച്ചറിഞ്ഞത്. പിന്നെയൊരു കൂട്ട നിലവിളിയായി. അമ്മയ്ക്കും ചേച്ചിയ്ക്കൊപ്പം ഹരികുട്ടനും കൂടി ചേർന്ന്
രംഗം ഭംഗിയായി കൊഴുപ്പിച്ചു.
കപ്പ കഴുകിയ വെള്ളം അടുക്കള വാതിലിലൂടെ മുറ്റത്തേക്കൊഴിക്കാനാഞ്ഞ
കാർത്ത്യായനി തള്ളയുടെ ചെവിയിലാണ് ആദ്യം നിലവിളിയെത്തിയത്.
വെള്ളവും പാത്രവും ഒന്നിച്ച് മുറ്റത്തേക്കെറിഞ്ഞ് അത്‌ലറ്റിക് താരം
പി.ടി ഉഷയെപ്പോലും അതിശയിപ്പിക്കും വിധം മിന്നും പ്രകടനം കാഴ്ച വെച്ച് എഴുപത്തെട്ട്കാരിയായ കാർത്ത്യായനിയമ്മ
രമണിയുടെ വീട്ടുമുറ്റത്തെത്തി.
ശബദ്ധം പുറത്തേക്ക് വരുന്നില്ലങ്കിലും ഓടിത്തളർന്നണപ്പോടുകൂടി കൈകൊണ്ടുള്ള അംഗ്യത്തിലവർ കാര്യങ്ങൾ തിരക്കി.
നിലവിളിയിൽ അല്പം മയം വരുത്തി കൊണ്ട്
രമണി പറഞ്ഞു.
എന്റെ കുഞ്ഞിന്റെ കാലിൽ പാമ്പ് കടിച്ചെ..
പാമ്പെന്ന് കേട്ടതും കാർത്ത്യായനിയമ്മയുടെ ഉള്ളൊന്ന് പിടഞ്ഞു.. എങ്കിലും പുറത്ത് കാണിക്കാതെ എവിടെന്ന് ചോദിച്ചു കൊണ്ട്
കാവേരിയുടെ കാൽ വിദഗ്ദ്ധയായൊരു
ഡോക്ടറിനെ പോലെ പരിശോധിച്ചു.
രക്തകറകളിലെ പരിശോധന പോകുന്നത്. അവളുടെ തുടയിലേക്കാണ് കാര്യം
മനസ്സിലായവർ.
എടീ പൊട്ടി നിനക്ക് മനസ്സിലായില്ലെ? പെണ്ണിന് വയസ്സറിയിച്ചിരിക്കുന്നു.
എന്ത്? മനസ്സിലാകാത്തതു പോലെ രമണി ചോദിച്ചു.
എടീ പെണ്ണിന് പ്രായമായി.
എന്റെ പൊന്നു മോളെ അമ്മ പേടിച്ചു പോയെന്ന് പറഞ്ഞു രമണി മകളെ ഉമ്മ കൊണ്ട് പൊതിഞ്ഞു.
കാര്യമെന്തന്നറിയാതെ അപ്പോഴും കാവേരി അമ്മയേയും കാർത്ത്യായനിയമ്മയേയും മാറി മാറി നോക്കുന്നുണ്ട്.
എടിയെ .. പെണ്ണിന് വയസ്സെത്രയായി?
കാവേരിയെ വീടിനുള്ളിലേക്ക് കയറ്റി കൊണ്ട് രമണി പറഞ്ഞു ഈ ചിങ്ങത്തിൽ പന്ത്രണ്ട് തികഞ്ഞു..
അതെയൊ വിരലിൽ കണക്ക് കൂട്ടി കൊണ്ട് കാർത്ത്യായനി തള്ള. പറഞ്ഞു.
ഉം ഉടനെ കെട്ടിക്കാൻ വേണ്ടതെല്ലാം ഇപ്പോഴെ ചെയ്യാൻ നോക്കിക്കൊ. ചിരിച്ചു കൊണ്ടവർ പറഞ്ഞു.
എടീ ഇനി പന്ത്രണ്ട് ദിവസത്തെ കുളിയാണ്.
അവിശ്യമായ സാധനങ്ങളെല്ലാം മേടിക്കണം.
ആദ്യം പച്ചയോല വെട്ടിയൊരു മറപ്പുര കെട്ടണം.
നീ നിന്റെ ഭർത്താവിനെ വേഗം വിവരം അറിയിക്കാൻ നോക്ക്.
ഇത് കേട്ടതും രമണി..
എന്താണ് സംഭവിച്ചതെന്നറിയാതെ എല്ലാ വരെയും മാറി മാറി നോക്കി നിൽക്കുന്ന മകനോട് പറഞ്ഞു.
മോനെ അച്ഛൻ കടയിലുണ്ടാകും. വേഗം പോയി അച്ഛനോട് ഇങ്ങോട്ട് വരാൻ അമ്മപറഞ്ഞതായ് പറയു
. സൂക്ഷിച്ച് പോകണം റോഡിൽ കൂടി പോകരുത്. പാടത്ത് കൂടി പോയാൽ മതി .
ഇത്രയും കേട്ടതും ഹരികുട്ടൻ മറ്റൊന്നും ചിന്തിക്കാതെ ഇറക്കത്തിൽ വണ്ടിയുടെ നീയന്ത്രണം പോയാലെങ്ങനെ അതെ പോലെ .ആ എട്ട് വയസ്സുകാരൻ പാഞ്ഞു.
പാടവരമ്പിലൂടെയോടിയ അവന്റെ ബട്ടൻസ്
പൊട്ടിയ ഷർട്ട് കാറ്റിന്റെ വേഗതയിൽ പാറി കളിക്കുന്നുണ്ട്. എന്നാലിതൊന്നും ശ്രദ്ധിക്കാതവൻ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് ഒരു ഭാന്ത്രൻ കുതിരയെപ്പോലെ കൃതിക്കുകയാണ്.
ഓടിയോടി കിതച്ചവൻ ചെമ്മണ്ണ് നിറഞ്ഞ റോഡിലെത്തി അവിടുന്ന് ചെറിയൊരു കയറ്റം കയറിയാൽ ചെറിയൊരു
നാൽക്കവലയാണ് അവിടെയൊരു ചായ പീടികയിലാണ് അവന്റെ അച്ഛന് ജോലി.
കയറ്റം കയറി ഓടി വരുന്ന കുട്ടിയെ ആദ്യം കണ്ടത് ചായ പീടികയിൽ സൊറ പറഞ്ഞിരുന്ന ബാർബർ ഗോപാലനാണ്.
എടാ .. ശങ്കരാ വേഗം വാ നിന്റെ മകനല്ലെ
ആ ഓടി വരുന്നത്.
ഇത് കേട്ടതും ഉഴുന്ന് ഉരുട്ടി തള്ളവിരലുകൊണ്ട് തുളയിട്ട്
തിളച്ച എണ്ണയിലേക്കിട്ട്
കൊണ്ടിരുന്നയ്യാൾ വേഗം കൈ വെള്ളത്തിൽ മുക്കി വെളിയിലെത്തി.
അപ്പോഴേക്കും അവനോടി കടയുടെ മുൻപിലെത്തി. വിയർപ്പിൻ തുളളികൾ കണ്ണിലൂടെ ഒലിച്ചിറങ്ങിയതിനാൽ അവൻ കണ്ണൊന്ന് ഞെരടി അച്ഛന്റെയടുക്കിലേക്ക് എത്തി.
അയ്യാളോടി വന്നവനെ എടുത്തു. എന്താടാ
മോനെ ഇത്രയും ദൂരം നീ ഒറ്റയ്ക്ക് .
അച്ഛാ .. അമ്മ പറഞ്ഞു വേഗം വീട്ടിലേക്ക് വരാൻ.
ഇത് കേട്ടതും പീടികയിലിരുന്നവരും എഴുനേറ്റ് അവരുടെ അടുത്തേക്കെത്തി.
എന്താ മോനെ കാര്യം. ?
അച്ഛാ .. ചേച്ചിയെ പാമ്പ് കടിച്ചു ഇത്രയും പറയുകയും അവനൊരു കരച്ചിലായിരുന്നു.
അല്പനിമിഷം അയ്യാൾ ഇതികർത്തവ്യമൂഡനായി നിന്നു.
എടാ ഷംഷീറെ വേഗം ഓട്ടോയുമായി വാ..
ശങ്കരന്റെ മോളെ പാമ്പ് കടിച്ചു. ബാർബർ
ഗോപാലന്റെ ശബദ്ധമാണയാളെ ഉണർത്തിയത്.
പറഞ്ഞ് തീരും മുന്നെ ഷംഷീർ ഓട്ടോയുമായെത്തി. ശങ്കരൻ മകനും മായി ഓട്ടോയിൽ കയറി കൊണ്ട്.കടയുടമ പണിക്കരമ്മാവനോട് വിളിച്ചു പറഞ്ഞു ഉഴുന്നുവട അടുപ്പത്താണ് നോക്കണെ.
നീ പൊയ്ക്കോളു ഞങ്ങൾ പിറകിലുണ്ട്.
ഇതിനിടയിൽ രാഷ്ട്രീയത്തിൽ അല്പ്പം ബന്ധമുളള ബാർബർ ഗോപാലൻ അടുത്തുള്ള ടെലിഫോൺ ബൂത്തിൽ കയറി പഞ്ചായത്ത് മെമ്പറിനേയും . പ്രസിഡന്റിനെയും വിവരം അറിയിച്ചു. കൂട്ടത്തിൽ ടാക്സികാരനെയും വിളിച്ചു. കാര്യങ്ങളുടെ ഗൗരവം പറഞ്ഞു.
ആ ഗ്രാമത്തിൽ ആകെ ഒന്നൊ രണ്ടൊ കാറുകൾ മാത്രമെയുള്ളൂ. ഏതയാലും നിമിഷ നേരം കൊണ്ട് കാറെത്തി.
പണിക്കരമ്മാവൻ കട പൂട്ടി കാറിൽ കയറി
കൂടെ ഗോപാലനും.
അവരും ശങ്കരന്റെ വീട്ടിലേക്ക് പാഞ്ഞു.
ഓട്ടൊ വീട്ടിലെത്തിച്ചേർന്നതിനൊപ്പം കാറുമെത്തി.
ഓട്ടോയിൽ നിന്നും ഇറങ്ങിയ ശങ്കരൻ വീടിനുള്ളിലേക്ക് ഓടി.
പിറകിൽ നിന്നും പണിക്കരമ്മാവൻ പറയുന്നുണ്ട് വേഗം കുട്ടിയെ കാറിൽ കയറ്റു
കൊട്ടയംമെഡിക്കൽകോളേജ് ഹോസ്പിറ്റലിൽ പ്രസിഡന്റ് കാര്യങ്ങളെല്ലാം പറഞ്ഞ് ശരിയാക്കിയട്ടുണ്ട്.
വേഗം വേഗം അയ്യാൾ ധൃതി വെച്ചു.
എന്നാൽ വീടിനുള്ളിൽ കയറിയ ശങ്കരനെ തടഞ്ഞ് കാർത്ത്യായനിയമ്മ .
പാർവ്വതിദേവിയുടെ നീരാട്ട് നേരം അകത്തേക്ക് കടക്കാൻ ശ്രമിച്ച ശ്രീപരമേശ്വരനെ തടയുന്ന ഉണ്ണിഗണപതിയെ പോലെ
ശങ്കരന് മാർഗ്ഗം തടസ്സം വരുത്തിയവർ നിന്നു .
എന്താണിവർ കാണിക്കുന്നത്. സാക്ഷാൽ ഭഗവാനെപ്പോലെ രോഷത്തോടെ അയ്യാൾ ഭാര്യയെ വിളിച്ചു.
എടീ.. രമണിയെ ടീ ..
എത്ര തൊള്ള കീറിയാലും കാര്യമില്ല ശങ്കരാ..
ഇനി കുറെ ദിവസം നിനക്ക് കുട്ടിയുടെ മുറിയിൽ പ്രവേശനമില്ല.
ഈ സമയം മുറിക്കുള്ളിൽ നിന്നും വന്ന രമണി ഭർത്താവിന്റെ അരികിലേക്ക് നീങ്ങി നിന്നു .
നീ വേഗം മോളെ വിളി ആശൂപത്രിയിൽ പോകാം. കാറ് വന്നിട്ടുണ്ട്.
കാറൊ ? ആശുപത്രിയൊ? പ്ഫ..
ഈ കാർത്ത്യായനിയുള്ളപ്പോഴാണ് ആശുപത്രി .
ശങ്കരൻ അവരെ എന്തൊ പറയാൻ തുടങ്ങിയതും തടഞ്ഞു കൊണ്ട് രമണി പറഞ്ഞു.
അതെ ഏട്ടാ .. ഹോസ്പിറ്റലിൽ പോകേണ്ട അവിശ്യമില്ല. ഇതിന് ഞങ്ങൾ പെണ്ണുങ്ങൾ
മാത്രം മതി.
എന്ത്? പാമ്പ് കടിച്ചാൽ ആശുപത്രിയിൽ പോകണ്ടെ?
അതിന് ഇവിടെ ആരെയും പാമ്പ് കടിച്ചില്ല.
രമണി കാര്യങ്ങളെല്ലാം ഭർത്താവിനെ
ധരിപ്പിച്ചു.
എല്ലാം കേട്ട ശേഷം അമ്മയുടെ കൈയ്യിൽ തൂങ്ങിയാടി നിൽക്കുന്ന മകനെ അയ്യാളൊന്ന് സൂക്ഷിച്ചൊന്ന് നോക്കി.
ഉള്ളിലൊരു ചിരിയുടെ മാലപടക്കത്തിന് തിരി കത്തിയെങ്കിലും. പുറത്ത് കാത്ത് നിൽക്കുന്നവരുട കാര്യമോർത്തപ്പോൾ കത്തി വന്ന തിരിയിലേക്ക് ഒരു ബക്കറ്റ് വെള്ളം കൊണ്ട് വന്നൊഴിച്ച അവസ്ഥയിലായി അയ്യാൾ .
തലകുനിച്ച് പുറത്തേക്ക് ഇറങ്ങിയ ശങ്കരന്റെ അടുത്തേക്ക് ഓടി വന്നു അവിടെ കുടി നിന്നവർ .
പണിക്കരമ്മാവനാണ് ആദ്യം ചോദിച്ചത്.
എന്താടാ മോനെ വിഷമം? നീ പറയു കുഞ്ഞിനെന്തങ്കിലും ?
ഇല്ല പണിക്കരമ്മാവാ മോൾക്ക് കുഴപ്പമൊന്നുമില്ലന്ന് പറഞ്ഞു കൊണ്ട് പണിക്കരുടെ കൈയ്യിൽ പിടിച്ചു കൊണ്ട് സ്നേഹത്തോടും അല്പം ലജ്ജയോടും കൂടി അയ്യാൾ കാര്യങ്ങൾ പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ എല്ലാവരരുടെയും മുഖത്ത് സന്തോഷത്തിന്റെ ഒരു ചിരി വിരിഞ്ഞു.
എന്നാൽ പിന്നെ എല്ലാവരും പോയ്ക്കോളു
വെന്ന് പണിക്കരമ്മാവൻ പറഞ്ഞ് തിരിഞ്ഞതും വരാന്തയിൽ നിന്നും കാർത്ത്യായനിയമ്മയുടെ ദേഷ്യത്തിലുളള
സംസാരം കേൾക്കാം.
ഇതൊക്കെ രഹസ്യസ്വഭാവമുള്ളതാണ്. എന്നാലൊ നാട്ടുകാരെ മൊത്തം കൂട്ടി വിശദീകരണം നടത്തുന്നൊരച്ഛൻ.
ഇത്രയും കേട്ടതും, അടുത്തത് കാർത്ത്യായനി വല്ല്യാമ്മയുടെ വായിൽ പച്ചതെറിയാണ് വരുന്നതെന്നറിയാവുന്ന
പണിക്കരമ്മാവൻ തന്റെ കയ്യിലുള്ള ബാഗ് തുറന്ന് എണ്ണിയൊന്നും നോക്കാതെ കുറച്ച് കാശെടുത്ത് ശങ്കരന്റെ പോയ്ക്കറ്റിൽ വെച്ചു.
വേണ്ടാന്ന് പറയും മുന്നെ അയ്യാൾ ഇറങ്ങി
നടത്തത്തിനായിൽ പറഞ്ഞു. ഇനിയിന്ന് അവധിയെടുത്തൊളു. നാളെ കാണാം.
അങ്ങനെ വന്നവരെല്ലാം പിരിഞ്ഞു പോയി.
ശങ്കരാ.. പച്ചയോല വെട്ടി മെടഞ്ഞ് വേഗം
മറപ്പുര കെട്ടണം. കൂട്ടത്തിൽ നല്ല രണ്ട് തെങ്ങിൻ കൂമ്പും കൂടി എടുക്കണം.
എല്ലാം കുറച്ച് വേഗത്തിലായിക്കൊട്ടെ.
ബാക്കിയെല്ലാം സാധനങ്ങളുടെയും ലിസ്റ്റ് കൊടുത്തട്ടുണ്ട്.
പച്ചമരുന്നുകളൊക്കെ വേണം എല്ലാം തൊടിയിലുണ്ടാകും അതും പറിച്ച് ഞാനുടനെ എത്താം.
ഇവിടുത്തെ കാര്യം വേഗം ചെയ്ത് തീർത്ത്
കുറച്ച് ദിവസം നീ എന്റെ വീട്ടിൽ പോയി കിടക്കുക. ഞാൻ കുറച്ച് ദിവസം .ഇവിടാണ് താമസം.
എല്ലാം കേട്ടയ്യാൾ തലയാട്ടി.
പിന്നെയങ്ങോട്ടൊരു ഉത്സവത്തിരക്കായിരുന്നു. കാര്യങ്ങളെല്ലാം ഭംഗിയായി നടന്നു. പച്ചമരുന്നുകളുടെ
ഗന്ധം നിറഞ്ഞ് നിന്നാ വീട്ടിൽ. സകല നേരവും.
അങ്ങനെ ദിവസങ്ങളേറെ കൊഴിഞ്ഞു വീണു. കാർത്യായനിയമ്മയുടെ ജോലി ഭംഗിയായി തീർത്തവർ.
ശങ്കരാ..നിന്റെ മകൾ മിടുക്കി ആയിട്ടുണ്ട്.
തലക്കുറിയെടുത്തട്ടുണ്ടൊ ?
അയ്യാൾ ഭാര്യയെ നോക്കി . ഇല്ലെന്ന ഭാവത്തിലവർ തലയാട്ടി.
ഈശ്വരാ .. എന്താണ് ഈ കേൾക്കുന്നെ ?
ഒരു പെൺകുഞ്ഞ് ജനിച്ചു കഴിഞ്ഞാലാദ്യം വേണ്ടത് ജാതകമെഴുതിക്കുകയാണ്.
മക്കളെ എത്രയും പെട്ടന്ന് നമ്മുടെ അമ്പലത്തിന്റെ പടിഞ്ഞാറെ നടയിലുള്ള ശ്രീകണ്ഠൻ ജോത്സ്യനെ കണ്ട് ഉടനെ തലക്കുറിയെടുക്കുക. അയ്യാൾ പറഞ്ഞാൽ അച്ചിട്ടാണ്.
നാളെ തന്നെ പൊയ്ക്കളയാം.
കാർത്യായനിയമ്മെ. ശങ്കരൻ പറഞ്ഞു.
രാവിലെ നീ പത്ത് മണിയാകുമ്പോൾ അമ്പലത്തിനടുത്തേക്ക് വാ. ഞാൻ കടയിൽ നിന്നും അങ്ങോട്ട് വരാം.
എനിക്ക് നല്ലൊരു മുണ്ടും ഷർട്ടും തേച്ച് വെയ്ക്കണം ട്ടൊ. ഭാര്യയെ നോക്കി അയാൾ
പറഞ്ഞു.
ശരിയെന്ന് അവർ തലയാട്ടി.
പറഞ്ഞത് പോലെ രാവിലെ അവർ ജോത്സ്യനെ കണ്ടു. കാര്യങ്ങളെല്ലാം പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശേഷം ജ്യോത്സ്യൻ കാര്യങ്ങളിലേക്ക് കടന്നു.
നിലവിളക്ക് കത്തി നിൽക്കുന്നു ഇഷ്ടമൂർത്തികളുടെ ചിത്രങ്ങളിൽ പലവിധ വർണ്ണങ്ങളാലുള്ള പൂമാലകൾ ചാർത്തിയിരിക്കുന്നു. അവരുടെ മിഴികൾ അവിടമാകെ പരതി നടക്കുന്നതിനിടയിൽ .
കവടി നിരന്നു പല കണക്ക് കൂട്ടലുകളും നടത്തിയ ശേഷം .ജ്യോത്സ്യൻ പറഞ്ഞു.
ചെറിയൊരു പ്രശ്നമുണ്ട് ജാതകവശാൽ
മറച്ചുവെയ്ക്കാതെ കാര്യങ്ങൾ പറയാം കുട്ടിയ്ക്ക് പതിനെട്ട് തികഞ്ഞാലപ്പോൾ വിവാഹം.
അതിന് കഴിഞ്ഞില്ലെന്ന് വെച്ചാൽ പിന്നെ നാല്പ്പത് കഴിയണം. വേറെ പോംവഴികളൊന്നുമില്ല.
ഇതിന് പ്രശ്നവശാൽ യാതൊരു പരിഹാര ക്രീയകളുമില്ല.
ജ്യോത്സ്യന്റെ ഒരൊ വാക്കുകൾ കേൾക്കുമ്പോഴും അവരുടെ ശിരസ്സിൽ കട്ടിയുള്ള തടി കഷ്ണം കൊണ്ട് തുടരെ തുടരെ അടിക്കുന്ന അവസ്ഥയിലായിരുന്നു..
മറ്റൊന്നും ചോദിക്കാനില്ല. അവർക്ക് പരിഹാരക്രീയകളൊന്നും പ്രശ്നവശാലില്ല. ഇനിയെന്ത് ചോദിക്കാൻ ?
പിന്നെയെല്ലാം യാന്ത്രികമായിരുന്നു.
വീട് വരെയുള്ള യാത്രയിലർ പരസ്പരം സംഭാഷണങ്ങളൊന്നും അവർക്കിടയിലുണ്ടായില്ല. അവർക്കതിന് കഴിഞ്ഞില്ല .തൊണ്ടയിൽ കുരുങ്ങി വാക്കുകൾ പുറത്തേക്ക് വന്നില്ല അതാണ് സത്യം.
ഭാര്യയെ വീട്ടിലാക്കി അയ്യാൾ തിരിച്ച് വരുമ്പോൾ .റോഡിൽ മുഴച്ച് നിന്നൊരു കല്ലിൽ കയറി സൈക്കിളൊന്ന് ഉലഞ്ഞപ്പോഴാണ് അയ്യാൾ ചിന്തയിൽ നിന്നും ഉണർന്നത്.
ഭാര്യയോട് ഒന്നും പറയാതെ പോന്നതിലും
ഒരു ചായ പോലും മേടിച്ച് കൊടുക്കാനും കഴിയാത്തതിലും അയ്യാൾക്ക് ശരിക്കും
.കുറ്റബോധം തോന്നി.
പാവം രാവിലെ വീട്ടിലെ ജോലിയൊക്കെ തീർത്ത് വരുന്നതിനിടയിൽ ഭക്ഷണം പോലും
കഴിച്ച് കാണില്ല .
കടയിലെത്തിയട്ടും ശങ്കരന്റെ വിഷമത്തിന് യാതൊരു മാറ്റവുമില്ല
എന്തായി ശങ്കരാ ജ്യോത്സ്യനെ കണ്ടിട്ട് ?
ബാർബർ ഗോപാലന്റെ ചോദ്യം കേട്ട ശങ്കരൻ ആദ്യമൊന്നും മിണ്ടിയില്ലങ്കിലും
പിന്നീട് നടന്ന കാര്യങ്ങളൊക്കെ പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ ഗോപാലൻ പറഞ്ഞു. ഇതെങ്ങനെ നടക്കും. പതിനെട്ട് വയസ്സിൽ
നിന്നും ഇരുപത്തിയൊന്ന് വയസ്സാക്കി വിവാഹ പ്രായം ഉയർത്തി. പാർലമെന്റ് സമ്മേളനത്തിൽ
നീയമ ഭേദഗതി വരുത്തുമെന്നാണ്.
പിന്നെ എങ്ങനെയാണ് പതിനെട്ടാം വയസ്സിൽ വിവാഹം ?
എടൊ ..ശങ്കരാ എനിക്ക് മൊത്തം അഞ്ച് മക്കളാണ് നാല് പെണ്ണും ഒരാണും.
ആതിൽ മൂന്ന് പെൺകുട്ടികളുടെ വിവാഹം കഴിഞ്ഞു.
എങ്ങനെ ? സത്യം പറഞ്ഞാൽ ഞാനൊന്നും അറിഞ്ഞില്ല .ഞാനവരെ പഠിപ്പിച്ചു. അവർ പഠിച്ചു. അവർ തന്നെ ഗവൺമെന്റിൽ ജോലി കണ്ടെത്തി. അവർക്ക് ഇഷ്ടമുള്ളവരെ അവർ കണ്ടെത്തി. നാലാളറിഞ്ഞ് . വിവാഹവും കഴിച്ചു.
രണ്ടാൾ പഠിക്കുന്നു. പഠിപ്പിക്കുന്നു.സ്വന്തമായി അവക്ക് ട്യൂട്ടോറിയൽ കോളേജും ഉണ്ട്. സർക്കാർ ജോലിയ്ക്ക് ശ്രമിക്കുന്നു. കിട്ടും റാങ്ക് ലിസ്റ്റിലൊക്കെ പേരുണ്ട്.
പെൺകുട്ടികൾക്കൊരു ജോലിയല്ലെ ശങ്കരാ വേണ്ടത് ? അവർക്ക് പത്ത് പൈസ സ്വന്തമായി എടുക്കാനുണ്ടെങ്കിൽ അവരുടെ ഇഷ്ടത്തിന് അനുസരിച്ച് വിനിയോഗിക്കാം. തുല്യമായ പങ്കാളിത്തം വേണം ജീവിതത്തിൽ പെണ്ണിനും ആണിനും .
ഒരായുസ്സ് മുഴുവൻ നമ്മളില്ലങ്കിലും അവർ നടന്ന് തീരണ്ടെ ?
വിവാഹം കഴിക്കുന്നവന്റെ സ്വഭാവം എങ്ങനെയെന്ന് തുരന്ന് നോക്കാൻ ചക്കയൊന്നുമല്ലല്ലൊ?
തലവര നന്നായാൽ എല്ലാം ശുഭം. ഇല്ലങ്കിലും ഒരു മുഴം കയറിൽ അവസാനിക്കാതിരിക്കാൻ അവരെ
സ്വയംപര്യാപ്തരാക്കുക.
അല്ലങ്കിൽ അതിലേക്കുള്ള ഏക വഴി മതിയായ വിദ്യാഭ്യാസവും സ്വയംപ്രവർത്തിക്കാനുള്ള ശേഷിയുമാണ്. അവരെയും സമൂഹത്തിന്റെ ഭാഗമാക്കി വളർത്തുക. അല്ലാതെ കൂലിപ്പണിക്കാരന്റെ മക്കൾ ആ പണി ചെയ്ത് ജീവിക്കേണ്ടവരല്ല.
പൊന്ന് കൊണ്ട് മൂടി വിവാഹം കഴിപ്പിച്ചാലും
അത് തീരുമ്പോൾ നാം കാണാറില്ലെ?
എത്രയെത്ര കുട്ടികൾ മരണത്തിലേക്ക് പോകുന്നു.
ഏതയാലും നിങ്ങളുടെ വിശ്വാസം തെറ്റിക്കെണ്ട വിവാഹ പ്രായം നീയമപരമായി ഇരുപത്തിയൊന്നാക്കിയ വിവരം ജ്യോത്സ്യനെ അറിയിക്കുക. അദ്ദഹമെന്താണ് പറയുന്നതെന്ന് നമ്മൾക്ക് നോക്കാം
ശരി അയ്യാൾ തലയാട്ടി.
പിറ്റെ ദിവസം രാവിലെ തന്നെ ശങ്കരനും ഭാര്യയും ജ്യോത്സ്യന്റെ വീട്ടിലെത്തി.
അവരെ കണ്ടതും.
എന്താണ് ശങ്കരാ.. കാര്യം ?
മകളുടെ കാര്യത്തിനാണങ്കിൽ എന്റെ നോട്ടത്തിലൊരു പോംവഴിയുമില്ല.
അതല്ല ! ജോത്സ്യരെ വിവാഹ പ്രായം പതിനെട്ടിൽ നിന്നും ഇരുപത്തിയൊന്നായി ഉയർത്തിയിരിക്കുന്നു ഗവൺമെന്റ് .
അപ്പോൾ എങ്ങനെ പതിനെട്ടാം വയസ്സിൽ കുട്ടിയെ വിവാഹം കഴിപ്പിക്കും. ?
ആര് പറഞ്ഞു ? ഇങ്ങനെയൊരു നീയമം
എനിക്കറിയില്ല. ജോത്സ്യാൻ പറഞ്ഞു.
നിങ്ങൾ ഇരിക്കു ഞാനിപ്പോൾ വരാം’
അകത്തേക്ക് പോയ ജ്യോത്സ്യൻ മറ്റാരുമായൊ ഫോണിൽ സംസാരിക്കുന്നത് കേൾക്കാം.
അക്ഷമരായി കാത്തിരുന്ന അവരുടെ അടുത്തേക്ക് ജോത്സ്യനെത്തി. കുട്ടിയ്ക്ക് ഇപ്പോൾ പന്ത്രണ്ട് വയസ്സായതല്ലെയുള്ളു.
നീയമത്തിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചതല്ലെയുളളു. പ്രാഭല്യത്തിലെത്തട്ടെ
അപ്പോൾ നമ്മൾക്ക് നോക്കാം.
അങ്ങനെയാണന്ന് വെച്ചാൽ ഇരുപത്തിയൊന്ന് വയസ്സിൽ വിവാഹം മതി.
നീയമത്തെ എതിർത്താൽ നമ്മൾ ജയിലിലാകും.
എന്നാൽ ശരി നിങ്ങൾ പോയ്ക്കൊളു.
ആയിക്കൊള്ളട്ടെ ജോത്സ്യരെ . അവരിറങ്ങി.
തിരിച്ച് വരുമോൾ വലിയൊരു മഴക്കാർ നീങ്ങി അന്തരീക്ഷം തെളിഞ്ഞത് പോലെ അവരുടെ മനസ്സുകളിൽ. നല്ല ഉത്സാഹവും ഉന്മേഷവും നിറഞ്ഞു നിന്നു .
രമണീ ഞാനൊരു കൂട്ടം പറയട്ടെ .?
ഉം ഏട്ടൻ പറയു . അവർ എന്താണന്ന ഭാവത്തിൽ ഭർത്താവിനെ നോക്കി.
നമ്മൾക്ക് നമ്മളുടെ മക്കളെ അവർക്ക് ഇഷ്ടമുള്ളത്രയും പഠിപ്പിക്കാം. നല്ല ഭക്ഷണവും വസ്ത്രവും നല്കാം. അവർ പഠിച്ച് ജോലി കണ്ടെത്തട്ടെ.
ഇതാണ് നമ്മുടെ മകൾക്ക് നമ്മൾക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ നന്മ ..
ശരി എട്ടാ ..അവർ ഭർത്താവിന്റെ കയ്യിൽ പിടിച്ചു.
ആ കണ്ണുകളിലെ തിളക്കം .. മാനത്ത് പൂത്ത
താരകങ്ങളെക്കാലേറെ ശോഭിച്ചിരുന്നു.
ശുഭം.🙏🙏