രചന : ദിലീപ്…✍

നിന്നിൽ ഞാൻ മറന്നുവച്ചതെന്റെ
ആത്മാവിനെത്തന്നെയാണ്!!!!
ഹാഫിസ് ഇബ്രാഹിമിന്റെ
വരികൾക്കിടയിലെവിടെയോ
വച്ചാണ് ഞാൻ നിന്നെ
നൈലിലേക്ക് പരിഭാഷപ്പെടുത്തിയത്,
അത്രമേൽ നൈലും നീയും
ഇന്നെന്റെ സിരകളിലൊഴുകുന്നു…
കെയ്റോയിലെ
അത്തിമരങ്ങൾ നൈലിനോട്
ഇപ്പോഴും
നമ്മുടെ പ്രണയത്തെക്കുറിച്ച്
ചോദിക്കാറുണ്ടത്രേ,
നൈൽനദിയപ്പോൾ
അത്തിമരച്ചില്ലയിലൊരു
വസന്തം വരച്ചിടാറുണ്ട്,
നമ്മുടെ കണ്ടുമുട്ടലുകൾക്കെല്ലാം
നൈൽ സാക്ഷിയായിരുന്നു
തീരങ്ങളിൽ
മുട്ടിയിരുമിയിരിക്കുന്ന
തോണികളെക്കാൾ നൈൽ
നമ്മെ സ്നേഹിച്ചതുകൊണ്ടാവും
പാദങ്ങളെ അത്രമേൽ
ആർദ്രമായി ചുംബിച്ചുകൊണ്ടിരുന്നത്,
നൈൽ
അത്തിമരത്തിനോടെന്നപോലെ
നമ്മൾ പരസ്പരം
കൈമാറിയ ചുംബനങ്ങൾക്ക്
അത്തിപ്പഴത്തിന്റെ
മധുരമായിരുന്നു,
നിനക്കിപ്പോൾ
അത്തിപഴത്തിന്റെ
സുഗന്ധമാണെന്ന്
എത്രയോ വട്ടം ഞാൻ നിന്റെ
കാതുകളിൽ മന്ത്രിച്ചിരുന്നു,
അപ്പോഴൊക്കെ നിന്റെ
കവിൾച്ചുവപ്പിൽ
അത്തികൾ പൂക്കുന്നതുകാണാം,
നൈലിന്റെ തീരങ്ങളെ
കടത്തു വഞ്ചികൾ
ചുംബിച്ചുറങ്ങുമ്പോൾ
പെയ്യാൻ മടിച്ചുനിൽക്കുന്ന
നിലാവിന്റെ ചുവട്ടിൽ
നമ്മൾ മറ്റൊരു
അത്തിയും നൈലുമാകും
പുലരിക്കുമുൻപേ
നൈൽ നമ്മെ
തഴുകിയുണർത്തും വരെ,
ആ രാവിലെന്നൊ
നീ പറഞ്ഞിരുന്നു
ഈജിപ്തിനു നൈൽ
എന്നപോലെയാണ്
നീയെനിക്കെന്ന്…
നൈലിലെ കുഞ്ഞോളങ്ങൾ
അതുകേട്ടേറെ
കുളിർമ്മയോടെ
നമ്മെ നനച്ചുമടങ്ങിയതോർമ്മയുണ്ടോ,
പിരമിഡുകളുടെ
നഗരത്തിലേക്ക് നീ
പലായനം ചെയ്തതിൽപിന്നെ
ഫാറാവോയുടെ ചെവികളിൽ
പ്രാർത്ഥനാ മന്ത്രങ്ങൾ
എത്രയോവട്ടം ഉരുവിട്ടിട്ടുണ്ട് ഞാൻ
അലക്സാൻഡ്രിയയിൽ നിന്നും
കെയ്റോയിലേക്കുള്ള ദൂരം
നൈൽ പോലെയാവാതിരിക്കാൻ,
കെയ്റോയുടെ
മണൽത്തരികൾക്കുമേൽ
കാത്തിരിപ്പുകൾക്കിടയിൽ
പലതവണ ഞാൻ നിന്നെ
വരച്ചു വച്ചിട്ടുണ്ടായിരുന്നു
ഒരു കാറ്റ് വന്നു മായ്ച്ചുപോകുംവരെ
ഞാൻ ഏറെ സ്വകാര്യമായി
അതിൽ നോക്കി
സംസാരിച്ചിരുന്നു,
നമ്മൾ അറിയാതെ
ഹപി നൈലിനെ അത്രമേൽ
പ്രണയിച്ചിരുന്നുവത്രേ
ഒരിക്കൽ അവർ ഒന്നിച്ചായിരുന്നു
നിന്നെ വരച്ചുവച്ച
കെയ്റോയുടെ മണൽത്തരികളെ
ശ്വാസംമുട്ടിച്ചു കൊന്നത്,
കെയ്റോയിലെക്ക്
ദിവസങ്ങളുടെ കാത്തിരിപ്പിനു
ശേഷം വീണ്ടുമെത്തുമ്പോൾ
അലങ്കാരങ്ങളില്ലാത്ത
പിരമിഡുകളേറെയുണ്ടായിരുന്നു
അവയ്ക്കിടയിലെവിയാണ്
ഞാൻ നിന്നെ തിരയേണ്ടതെന്ന്
കെയ്റോയുടെ മണൽത്തരികൾ
എന്നോട് പറഞ്ഞിരുന്നില്ല,
അഹമ്മദ് സ്വക്കിയുടെ
കവിതപോലെ
എന്റെ മണൽപൂക്കൾക്കുമേൽ
വിരഹത്തിന്റെ ചോരപ്പാടുകൾ
ഉണ്ടായിരുന്നു,
നൈൽ പിന്നെയും
സുന്ദരിയായിരുന്നു
ഈജിപ്തിന്റെ
ഹൃദയ ചുവപ്പുകളിലൂടെ
പ്രണയം പറഞ്ഞൊഴുകിയിരുന്നു
തീരത്തിരുന്ന് ഞാൻ
നിന്നെ തിരക്കിയതിനൊക്കെയും
മൗനമായിരുന്നു ഉത്തരം,
നൈൽ ഇന്നും ഒഴുകുന്നു
അത്തിമരങ്ങളോട്
വസന്തത്തിന്റെ
നിർവ്വചനങ്ങൾ പറഞ്ഞുകൊണ്ട്,
പക്ഷെ നമ്മുടെ
ഹൃദയങ്ങളിൽ പിന്നൊരു
അത്തിയും പൂത്തിരുന്നില്ല
സ്വപ്നങ്ങളുടെ നിഴലിൽ
നമ്മുടെ പ്രണയം
നൈലിന്റെ ഇരുകരകളിലേക്കും
പറിച്ചുനടപ്പെട്ടപോലെയായിരുന്നു,
നൈലിനോട് നിലാവിപ്പോൾ
പുഞ്ചിരിക്കാറില്ല,
ഓളങ്ങളിൽ ആകാശം
നക്ഷത്രങ്ങളെ വിതറിയിടാറില്ല
തീരങ്ങളിൽ തോണിയുടെ
നിഴൽമാത്രമുണ്ട്,
ആത്മാവുകൊണ്ട്
നമ്മളിപ്പോഴും പ്രണയത്തിന്റെ
ചിത്രം വരക്കുന്നുണ്ട്…

ദിലീപ്

By ivayana