രചന : ജനകൻ ഗോപിനാഥ് ✍

ഞാൻ ഒരു യാത്രയിലായിരുന്നു..
വഴിയിൽ
ഞാൻ സ്പാർട്ടക്കസിനെ കണ്ടു,
മധ്യ കാലഘട്ടത്തിലെ
ശിരോ കവചമണിഞ്ഞ പോരാളികൾ
ട്രോജൻ കുതിരയിൽ നിന്നുമിറങ്ങി
എന്നെ കടന്നു പോയി,
നൈലിന്റെ കരയിലെ പിരമിഡുകളിൽ നിന്നുമിറങ്ങിയ ഫറവോമാർ
മുഖംമൂടികൾക്കുമുള്ളിൽ നിന്ന്
എന്നെ ഉറ്റു നോക്കി,
മോഹൻ ജദാരോയിൽ നിന്നും മെസ്സപ്പൊട്ടേമിയയിലേക്കുള്ള ദൂരത്തെ,
ഞാൻ
മനസ്സു കൊണ്ടളക്കാൻ ശ്രമിച്ചു,
ജറുസലേമിലേക്കുള്ള വഴിയിൽ
പോരടിക്കുന്ന തുർക്കികളെയും പ്രഭുക്കന്മാരെയും കണ്ടു,
ഗംഗാ നദിക്കുമപ്പുറത്തെ ഇൻഡസിലേക്ക് മാസിഡോണിയയിൽ നിന്നും പട നയിക്കുന്ന അലക്സാണ്ടറേയും,
മറുകരയിൽ ശത്രുവിനെ കാത്തിരിക്കുന്ന പോറസിനേയും കണ്ടു,
വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള ഒരു നൂറു പ്രവാചകന്മാർ
എന്നെ കടന്നു പോയി,
കലിംഗയിലേയും, രൺഥംഭോറിലേയും,
പാനിപ്പത്തിലേയും, പ്ലാസിയിലേയും
നിണ ധാരകൾ കണ്ടു,
ഏകാധിപതികളേയും സാമ്രാജ്യങ്ങളേയും കടന്ന് ഞാൻ നടന്നു,
ഒടുവിൽ
തെരുവിൽ മുദ്രാവാക്യങ്ങൾ മുഴക്കുന്ന പല നിറമുള്ള കൊടി പിടിച്ചവരേയും,
പരസ്പരം തെരുവിൽ കൊന്നു വീഴ്ത്തുന്നവരേയും കണ്ടു,
ഭക്തി കച്ചവടം ചെയ്യുന്നവരേയും,
ആശയങ്ങളെ വൃഭിചരിക്കുന്നവരേയും കണ്ടു,
അപ്പോൾ
ഞാനൊരു സത്യം മനസ്സിലാക്കി…
ചരിത്രമെന്നാൽ
പലപ്പോഴും വഞ്ചനകളുടെയും,
വംശ വെറിയുടേയും,
അടിമകളുടെയും,
രക്തഗന്ധമുള്ള….
വരികൾ
വികലമാക്കപ്പെട്ട
ഒരിക്കലും പൂർണമാവാത്ത,
ഒരു കവിത മാത്രമാണെന്ന്…
ഓരോ
നിമിഷവും തുടരുന്ന
ആവർത്തനങ്ങളിലെ വിലാപങ്ങൾ..

By ivayana