തുർക്കിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റഷ്യ-യുക്രൈന്‍ സമാധാന ചർച്ചയില്‍ നിർണ്ണായക പുരോഗതി. കീവിനും വടക്കൻ ഉക്രേനിയൻ നഗരമായ ചെർനിഹിവിനും ചുറ്റുമുള്ള സൈനിക പ്രവർത്തനങ്ങൾ ഗണ്യമായി കുറയ്ക്കുമെന്ന് റഷ്യ വാഗ്ദാനം ചെയ്തപ്പോള്‍ അന്താരാഷ്ട്ര ഉറപ്പുകളോടെ നിഷ്പക്ഷ നിലപാട് തുടരാം എന്ന നിലപാടാണ് യുക്രൈന്‍ നിർദേശിച്ചിരിക്കുന്നത്. ‘നാറ്റോ പോലെയുള്ള സൈനിക സഖ്യത്തില്‍ യുക്രൈന്‍ ചേരില്ല, സൈനിക താവളങ്ങള്‍ക്ക് ഇടം നല്‍കില്ല തുടങ്ങിയവയാണ് നിഷ്പക്ഷത കൊണ്ട് ഉദ്ദേശിക്കുന്നത്. സുരക്ഷാ ഉറപ്പുകള്‍ക്ക് പകരമായാണ് യുക്രൈന്‍ ഈ ഉറപ്പ് നല്‍കിയത്. സുരക്ഷാ വിഷയത്തില്‍ പോളണ്ട്, ഇസ്‌റാഈല്‍, തുര്‍ക്കി, കാനഡ എന്നീ രാജ്യങ്ങളാകും ജാമ്യം നില്‍ക്കുക. തുടക്കം മുതല്‍ തന്നെ റഷ്യ മുന്നോട്ട് വെക്കുന്ന ഒരു നിർദ്ദേശമാണ് ഇത് റഷ്യന്‍ ഉപ പ്രതിരോധ മന്ത്രി അലക്‌സാണ്ടര്‍ ഫോമിനാണ് തലസ്ഥാനമായ കീവിലെയും ചെര്‍ണിഹീവിലെയും ആക്രമണങ്ങള്‍ കുറക്കാമെന്ന് വ്യക്തമാക്കിയത്. ചർച്ച ആരംഭിക്കുമ്പോള്‍ വലിയ പ്രതീക്ഷ പ്രമുഖരായ പല നയനന്ത്ര വിദഗ്ധർ പോലും മുന്നോട്ട് വെച്ചിരുന്നില്ല. എന്നാല്‍ തികച്ചും അപ്രതീക്ഷിതമായിട്ടാണ് കാര്യമായ പുരോഗതികളിലേക്ക് ചർച്ച നീങ്ങിയത്. ചര്‍ച്ചയില്‍ വലിയ പുരോഗതിയുണ്ടായതായി തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലുത് കവുസോഗ്ലു പറഞ്ഞു.

തുർക്കി പ്രസിഡന്റ് എർദോഗാന്റെ ഓഫീസിലാണ് ചർച്ച ആരംഭിച്ചത്. ഏകദേശം മൂന്ന് മണിക്കൂറോളം ചർച്ച നീണ്ട് നീണ്ട് നിന്നു. റഷ്യന്‍ കോടീശ്വരനായ റോമന്‍ അബ്രാമോവിച്ചും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പരസ്പരം അഭിവാദ്യം പോലും അർപ്പിക്കാതെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ച ആരംഭിച്ചത്. വെടി നിർത്തലാണ് ലക്ഷ്യമിടുന്നതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ മുഖാമുഖ ചർച്ചകള്‍ നടക്കുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുമെന്ന് തുർക്കി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സംഘർഷം അവസാനിക്കാത്തതില്‍ വലിയ ദുഖമുണ്ട്. ഇരുരാജ്യങ്ങളുമായും സൌഹൃദം പങ്കിടുന്ന രാജ്യമാണ് തുർക്കി. അതിനാല്‍ തന്നെ ചർച്ചകളില്‍ മധ്യസ്ഥത വഹിക്കാനുള്ള കടമു തങ്ങള്‍ക്കുണ്ട്. ദുരന്തം തടയുക എന്നത് ഇരു കൂട്ടരുടെയും കൈകളിലാണെന്നും എർദോഗൻ കൂട്ടിച്ചേർത്തു. നാറ്റോ അംഗ രാജ്യമാണെങ്കിലും റഷ്യയുമായി വളരെ നല്ല ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് തൂർക്കി.

By ivayana