രചന : എൻ. അജിത് വട്ടപ്പാറ ✍
ചന്ദനച്ചോലകളിൽ ചന്ദ്രിക പൂത്തിറങ്ങി
സ്വപ്നം വിരിയുന്ന പൂവാടി തീർത്തു ,
മന്ദഹാസങ്ങളാൽ മന്ദാരപ്പൂന്തെന്നൽ
സൗരഭം പൂശി പ്രണയാർദ്ര ഭാവമായ് .
പൂന്തേൻ നുകരുവാൻ ചിത്രശലഭങ്ങൾ
വർണ്ണങ്ങൾ നോക്കി പറന്നു ചേർന്നു ,
പൂമ്പൊടിയിൽ മുക്കി പൂവുകൾ ശലഭത്തെ
ഹംസ പരാഗത്തിൽ സഞ്ചാരിയാക്കി.
വെണ്ണിലാവിൽ ചന്ദ്രബിംബം തുടിക്കുന്നു
ആകാശ ഗംഗതൻ തീരങ്ങൾ നിറയെ ,
വെൺ മേഘ ചിറകുള്ള അരയന്ന പക്ഷികൾ
നീന്തി തുടിക്കുന്നുപൂനിലാ തിരകളിൽ .
പ്രകൃതിക്കു നീരാടാൻ വൃക്ഷലതാതികൾ
മഞ്ഞുകണങ്ങളാൽ പൂമഴ തീർക്കുന്നു ,
മധുര പ്രണയത്താൽ ഭൂമിതൻ ശ്യംഗാരം
പ്രകൃതിതൻ വിരിമാറിൽ ചേർന്നൊഴുകുന്നു.
കുയിലുകൾ നാദതരംഗമായ് മാറി
അരുവികൾ നൃത്ത ചിലങ്കകൾ ചാർത്തി,
കാടിന്റെ താളവും നാടിന്റെയോളവും
മന്ദാര ധ്വനിയായ് പ്രണയ സംഗീതമായ്.