രചന : സുനു വിജയൻ ✍

“ഗീതേ നീ മുടങ്ങാതെ രാത്രിയിൽ പാലിൽ കുങ്കുമപ്പൂ ചേർത്തു കുടിക്കണം. പിന്നെ പഴങ്ങളും കഴിക്കണം. എങ്കിലേ കുഞ്ഞിന് നിറമുണ്ടാകൂ. ആൺകുഞ്ഞ് ആണെങ്കിൽ പോട്ടെന്നു വക്കാം. ഇനി പെൺകുഞ്ഞെങ്ങാനം ആണെങ്കിൽ അതിനിത്തിരി നിറമൊക്കെ വേണം നിന്നെപ്പോലെ കറുമ്പി ആയാൽ തീർന്നില്ലേ “

സരസ്വതി അമ്മായി ചിരിച്ചുകൊണ്ട് തമാശ രൂപേണ പറഞ്ഞതാണെങ്കിലും അതിൽ മുഴുവൻ കാര്യമാണുള്ളതെന്നു ഗീതക്ക് മനസ്സിലായി. അമ്മായിയുടെ അർത്ഥഗർഭമായ ചിരിക്ക് ഗീത ഒത്തിരി വ്യാഖ്യാനങ്ങൾ കണ്ടു.

ഭർത്താവിന്റെ വീട്ടിൽ നിന്നും ഏഴാം മാസം ഗീതയെ പ്രസവത്തിനു കൂട്ടിക്കൊണ്ട് സ്വന്തം വീട്ടിലെത്തിക്കാൻ എത്തിയ അകമ്പടിക്കാരിൽ ഒരാൾ മാത്രമായിരുന്നു സരസ്വതിഅമ്മായി. അവരെപ്പോലെ എത്തിയവരൊക്കെ ഒളിഞ്ഞും തെളിഞ്ഞും പിറക്കാനിരിക്കുന്ന കുഞ്ഞിന് നിറം, അതും വെളുത്തനിറം ഉണ്ടാകേണ്ട ആവശ്യത്തേക്കുറിച്ച് ഗീതയോട് തമാശ രൂപത്തിലും, കാര്യമായിട്ടും പറയാൻ മറന്നില്ല.

വിരുന്നുകാരൊക്കെ പോയപ്പോൾ വെയിൽ ചാഞ്ഞു തുടങ്ങിയ മുറ്റത്തെ ചാമ്പയുടെ ചുവട്ടിൽ എഴുമാസം തികഞ്ഞ വയറിൽ വെറുതെ വാത്സല്യത്തോടെ തടവിക്കൊണ്ട് ഗീത പോക്കുവെയിൽ കൊണ്ടിരുന്നു.
“അകത്തു പോയിരിക്കു പെണ്ണെ. ഇനി ഈ ഇളവെയിൽ കൊണ്ട് ആ വയറ്റിൽ കിടക്കുന്ന കുഞ്ഞുകൂടി കറുത്തു പോകണ്ട ” മുത്തശ്ശി ശുണ്ഠിയോടെ പറയുന്നത് ഗീത കെട്ടില്ലെന്നു നടിച്ചു.

ചാമ്പയുടെ ചുവട്ടിൽ നല്ല റോസ് നിറത്തിൽ തുടുത്ത ചാമ്പങ്ങ വീണുകിടക്കുന്നു. ഗീത അതിൽനിന്നും ചതവ് പറ്റാത്ത രണ്ടു ചാമ്പങ്ങ എടുത്തു തിന്നു തുടങ്ങി.
“കുഞ്ഞാവക്ക് നല്ല റോസു നിറം ഉണ്ടാകാനാണോ ഗീതാന്റി പഴുത്ത ചാമ്പങ്ങ തിന്നണെ “
അടുത്ത വീട്ടിലെ എട്ടു വയസ്സുള്ള രേഷ്മമോൾ ചോദിക്കുന്നത് കേട്ടപ്പോൾ ഗീത അറിയാതെ ചിരിച്ചു പോയി.

കൊച്ചു കുട്ടിക്കും, പ്രായമായവർക്കുമൊക്കെ ഒന്നേ തന്നോട് പറയാനുള്ളൂ. പിറക്കുന്ന കുഞ്ഞിന്റെ നിറത്തെക്കുറിച്ച്. എല്ലാവർക്കും വെളുത്ത കുഞ്ഞിനെ മതി. വെളുത്ത് തുടുത്ത കുഞ്ഞിനെ.
ഗീത നെടുവീർപ്പിട്ടു. ഈശ്വരാ എന്റെ കുഞ്ഞ് എന്നെപ്പോലെ കരിപോലെ കറുത്തതാകരുതേ. അതിനിത്തിരി നിറമുണ്ടാകണേ. മനസ്സിൽ നിശബ്ദം ഗീത പ്രാർത്ഥിച്ചു.

വെയിൽ മങ്ങി മുറ്റത്ത് കറുത്ത നിഴലുകൾ തെളിഞ്ഞു തുടങ്ങിയപ്പോൾ ഗീതയുടെ മനസ്സിലും സങ്കടത്തിന്റെ കരിനിഴലുകൾ ചേക്കേറി.
ഓർമ്മവച്ച നാൾമുതൽ കറുമ്പിയായ താൻ എന്തൊക്കെ അവഗണനകൾ നേരിട്ടു. എപ്പോഴും, എല്ലായിടത്തും അവഗണനയും, പരിഹാസവും. കാരണം നിറം അത്രക്ക് കറുപ്പായിരുന്നു.
വീട്ടിൽ ആരും കറുത്തവരില്ല. എന്നിട്ടും താൻ കറുത്തുപോയി. അതും കാക്കകറുപ്പ്. ഗീത എന്ന പേരിനെക്കാൾ കറുമ്പി എന്നപേരാണ് തന്നെ കൂടുതൽ വിളിച്ചിരുന്നത്. പണ്ട് തൊഴുത്തിൽ ഒരു പശു ഉണ്ടായിരുന്നു. അവളുടെയും പേര് കറുമ്പി എന്നായിരുന്നു. പക്ഷേ അവൾക്കും എന്നേക്കാൾ നിറമുണ്ടായിരുന്നു എന്നായിരുന്നു മുത്തശ്ശി പറയാറുണ്ടായിരുന്നത്.

കറുത്തു പോയതിനാൽ അച്ഛൻ ഒരിക്കലും തന്നെ ലാളിച്ചിരുന്നില്ല. കുഞ്ഞിലേ, അനിയത്തിയെയും അനിയനെയും അച്ഛൻ മടിയിൽ കയറ്റിയിരുത്തി കളിപ്പിക്കുമ്പോൾ ദൂരെ കൊതിയോടെ അതു നോക്കി നിന്നിട്ടുണ്ട്.
ഉള്ളിന്റെ ഉള്ളിൽ തൻറെ കറുപ്പിനോട് അമ്മയ്ക്കും അവജ്ഞ ആയിരുന്നു. എപ്പോഴും അമ്മ പറയും.
“എന്റെ കുടുംബത്തിൽ ഇത്ര കറുത്തവർ ആരുമില്ല. പിന്നെങ്ങനെ ഈ പെണ്ണുമാത്രം ഇങ്ങനെ കറുത്തുപോയി എന്റെ കൃഷ്ണാ “
അമ്മയുടെ ഇഷ്ട ദൈവമായ കൃഷ്ണനും, അച്ഛന്റെ ഭഗവാൻ പരമശിവനും കറുത്തവർ ആയിരുന്നെങ്കിലും അവരെയൊക്കെ അമ്മയ്ക്കും അച്ഛനും ഇഷ്ടമായതെങ്ങനെ എന്ന് ചെറുപ്പത്തിൽ ചിന്തിച്ചിട്ടുണ്ട്. അതു മുത്തശ്ശിയോട് ചോദിച്ചിട്ടും ഉണ്ട്. എന്റെ ആ ചോദ്യം കേൾക്കുമ്പോൾ മുത്തശ്ശി ദേഷ്യത്തോടെ പറയും.

“ചുമ്മാതല്ല നീ കറുത്തു പോയത്. ദൈവദോഷമേ പെണ്ണ് പറയൂ “
സ്കൂളിലും വിവേചനം നേരിട്ടിരുന്നു. അഭിനയത്തിന് ഏറെ ഇഷ്ടമുണ്ടായിരുന്നിട്ടും സ്കൂളിലെ ഒരു നാടകത്തിനും തന്നെ മുൻനിരയിൽ കാണിച്ചിരുന്നില്ല. കറുമ്പി ആയതിനാൽ, വേഷങ്ങൾ എപ്പോഴും, വേലക്കാരിയുടേതോ, പിശാചിനിയുടേതോ ആയിരുന്നു. പിന്നെപ്പിന്നെ അതിൽ നിന്നൊക്കെ സങ്കടത്തോടെ താൻ പിന്മാറി.
കറുപ്പിന് ഏഴഴകാണ് എന്നൊക്കെ പറയുന്നത് ശുദ്ധ വിഡ്ഢിത്തരം ആണെന്ന് കോളേജിൽ ചെന്നപ്പോൾ മനസ്സിലായി.എന്തിനും, ഏതിനും ആളുകൾക്ക് താൽപ്പര്യം വെളുപ്പിനോട് മാത്രമാണെന്ന് തിരിച്ചറിഞ്ഞു. ഒരു സിനിമയിലും, നോവലിലും ഒന്നും കറുത്ത നായികയെ കണ്ടില്ല.അഥവാ ഉണ്ടങ്കിൽ അവർ വേലക്കാരിയോ, തീരെ നിർദ്ധനയോ ആയിരിക്കും.

ആഫ്രിക്കയിലെ കറുത്തു തടിച്ച ഭീകര രൂപങ്ങൾ ഉള്ള സ്ത്രീകൾ, സോമലിയയിലെ എല്ലുന്തി മെലിഞ്ഞുണങ്ങിയ വിറകു കൊള്ളിപോലെയുള്ള പെൺ കോലങ്ങൾ, അവരെയൊക്കെ ആര് ആരാധിക്കാൻ.
കുറുത്ത് ആരോഗ്യമുള്ളശരീരത്തോട് കൂടിയ , മെഴുത്ത, കരുത്തിന്റെ പ്രതീകങ്ങളായി, ഉറച്ച പേശികളുള്ള, ആണുങ്ങൾ വിജയത്തിന്റെ പ്രതീകങ്ങളായി മാറുന്നത്, അമ്പരപ്പോടെ തിരിച്ചറിഞ്ഞപ്പോൾ, കറുത്ത പെണ്ണുങ്ങൾ പേക്കോലങ്ങളും, ദുർമന്ത്രവാദിനികളും, അല്ലങ്കിൽ വേലക്കാരികളും, രോഗികളും മാത്രമാകുന്നതിന്റെ രഹസ്യം എത്ര ആലോചിച്ചിട്ടും മനസ്സിലാക്കാനായില്ല.

കോളജിൽ നിന്നും പഠനം കഴിഞ്ഞു ചില ജോലിക്ക് ശ്രമിച്ചപ്പോൾ അവിടെയും കറുപ്പ് വില്ലനായി. ആണിന്റെ കറുപ്പ് അലങ്കാരം ആണെങ്കിൽ പെണ്ണിന്റെ കറുപ്പ് അവജ്ഞ ആണെന്ന് തിരിച്ചറിഞ്ഞു. ഒന്ന് നൃത്തചുവടു വക്കണമെങ്കിൽ പോലും മുഖം വെളുപ്പിച്ചു വികൃതമാക്കി കാണിക്കണം, എങ്കിലേ മനോഹരം എന്ന പ്രശംസാ വാക്ക് ലഭിക്കൂ എന്നു തിരിച്ചറിഞ്ഞു.

കറുത്ത നിറത്തിന്റെ പേരിൽ കല്യാണ ആലോചനകൾ മുടങ്ങി തുടങ്ങിയപ്പിൽ വെളുക്കാനുള്ള മരുന്നുകൾ, ക്രീമുകൾ, ഗുളികകൾ അങ്ങനെ പലതും..
ഒന്നും ഫലിച്ചില്ല എന്നു മാത്രമല്ല, കറുപ്പ് കൂടുതൽ കൂടിയോ എന്ന് സംശയം ബാക്കിയായി.പിന്നെ എങ്ങനെയെങ്കിലും, ആരുടെയെങ്കിലും തലയിൽ കെട്ടിവച്ചു ഭാരം ഒഴിവാക്കാനായി വീട്ടുകാരുടെ ശ്രമം
കറുപ്പിനെ തുരത്താൻ സ്വർണ്ണം കൂടുതൽ നൽകി അച്ഛൻ ഭർത്താവിനെ കണ്ടെത്തിത്തന്നു. അദ്ദേഹവും കറുത്തു തന്നെ.

പക്ഷേ അദ്ദേഹത്തിന്റെ പ്രതീക്ഷയും വെളുത്ത് തുടുത്ത പെണ്ണായിരുന്നു. പണത്തിന്റെയും, പൊന്നിന്റെയും അളവ് കൂടുതൽ കിട്ടിയപ്പോൾ വിട്ടുവീഴ്ച്ചക്ക് തയ്യാറായി എന്നാണ് അറിഞ്ഞത്. നാളിതേവരെ വെളിച്ചത്തിൽ ഭർത്താവ് തൻറെ നഗ്നത കണ്ടിട്ടില്ല. അങ്ങനെ കണ്ടാൽ ഒന്നും തോന്നില്ലത്രേ.. അതും പെണ്ണിന്റെ കറുപ്പിന് മാത്രമേ ബാധകമുള്ളു എന്നതാണ് വിരോധാഭാസം.

ഇക്കാലത്ത് ഇങ്ങനെയൊക്കെ പറയുന്നതേ വിഡ്ഢിത്തം എന്ന് പലരും വെറുംവാക്ക് പറയും. കാര്യത്തോടടുക്കുമ്പോൾ ആർക്കും കറുപ്പ് വേണ്ട. കറുപ്പ് ഇരുട്ടാണ്. ഇരുട്ടിനെ ഭയക്കുന്നവരാണ് അധികവും.കറുപ്പ്നിറം ആരും ആഗ്രഹിക്കുന്നില്ല. മുഖത്തൊരു കറുത്ത പാടുവന്നാൽ നെഞ്ചു കത്തുന്നവരാണ് അധികവും. കറുപ്പിനെ തുരത്തികളയാൻ എങ്ങും, എവിടേയും ആളുകൾ ആഗ്രഹിക്കുന്നു.
“ഗീതേ ഈ സന്ധ്യക്ക്‌ നീ എന്നാ ആലോചിച്ചിരിക്കുവാ മുറ്റത്ത്. അകത്തു കയറിപൊക്കേ.

ആ ബ്രഹ്മീ കൃതം കഴിക്കാൻ മറക്കണ്ട. കുഞ്ഞിന് കളറും, ബുദ്ധിയും ഉണ്ടാകും എന്നാ വൈദ്യൻ പറഞ്ഞേ. ഇത്തിരി ബുദ്ധി കുറഞ്ഞാലും വേണ്ടൂല, നിറം ഉണ്ടായാൽ മതിയായിരുന്നു എന്റെ ഭാഗവാനേ “
അമ്മ ആരോടെന്നില്ലാതെ പറഞ്ഞു.

ഈ ആഫ്രിക്കയിലെങ്ങാനം ജനിച്ചാൽ മതിയാരുന്നു. നമ്മുടെ നാട്ടിൽ കറുപ്പിന്റെ വീമ്പു പറഞ്ഞു കറുപ്പിനെ ഇകഴ്ത്തുന്നവരാണ് എല്ലാവരും. ഗീത മനസ്സിൽ പറഞ്ഞു. അതിപ്പോൾ വീട്ടിലായാലും, പുറത്തായാലും, ബന്ധങ്ങളിലായാലും. പിന്നെ സൗഹൃദങ്ങളിൽ മാത്രം ഇതുവരെ ആ വിവേചനം അത്ര കടന്നിട്ടില്ല. കാരണം അതു വെറും സൗഹൃദങ്ങൾ ആയതുകൊണ്ട് മാത്രം.
സന്ധ്യക്ക്‌ കുളിച്ച് കുറിതൊട്ട്, നിലവിളക്കിന് മുൻപിൽ നാമജപം കഴിഞ്ഞു ഗീത മനസ്സു തുറന്നു പ്രാർത്ഥിച്ചു.
“ദൈവമേ എന്റെ കുഞ്ഞ് ഒരു കറുമ്പനായാലും ഒരിക്കലും കറുമ്പിയാകരുതേ ഭഗവാനേ “
“കറുമ്പി വേണ്ട ഒരിക്കലും “

കുറിപ്പ്

സ്വന്തം നിറത്തിൽ അഭിമാനം കൊള്ളുന്ന പലരും തങ്ങളുടെ ജീവിതത്തിൽ വെളുപ്പ് മതി എന്നു ശഠിക്കുന്നു. പച്ചയായ പൊള്ളത്തരം പറഞ്ഞു കറുപ്പ് ഉഗ്രനാണ് എന്നു വീമ്പിളക്കുന്ന പലർക്കും കാര്യത്തോട് അടുക്കുമ്പോൾ വെളുപ്പ് മതി. കറുത്ത നിറത്തിന്റെ പേരിൽ അപഹസിക്കപ്പെട്ട ഒരു നൂറുപേരെ എനിക്കറിയാം. പക്ഷേ അതൊക്ക കൂടുതലും സ്ത്രീകളായിരുന്നു. “കറുമ്പികൾ “.

By ivayana