രചന : ജയന്തി അരുൺ.✍
അവനും ഞാനും ഒന്നിച്ചൊരു
സ്കൂളിലാണ് പഠിച്ചത്.
എന്നിട്ടും, വീട്ടിൽ കിണർ കുത്താൻ
വന്നവൻ
ഇന്നലെ വരച്ചു കൊടുത്ത
ചിത്രം കണ്ടു കുഞ്ഞദ്‌ഭുതപ്പെട്ടു.
ഇതച്ഛന്റെ സ്കൂളല്ലല്ലോ.
അവൻ വരച്ചു വച്ചിട്ടുപോയ
ചിത്രത്തിലേക്കോർമയോടിച്ചു.
അതേ, ഞങ്ങളുടെ സ്കൂളു തന്നെ.
ഉച്ചവിശപ്പുകത്തിക്കയറുന്ന
നീണ്ടവരാന്തയിതുതന്നെ മോളെ.
കഞ്ഞി വീഴ്ത്തുന്ന സുമതിച്ചേച്ചിയും
കുട്ടികളെ ചൂരൽ ചൂണ്ടി
വരിനിർത്തുന്ന പ്രഭ സാറും
എത്ര മിഴിവോടെ നിൽക്കുന്നു.
“എന്താടാ ഇത്രയും ആർത്തി?
ഇവനൊക്കെയെന്താ ആഹാരം
കാണാതെ കിടക്കുന്നോ ? “
പുച്ഛത്തിൽപ്പുളഞ്ഞു
പാത്രം വലിച്ചെറിഞ്ഞു നിൽക്കുന്ന
ധിക്കാരിയെയൊന്നു നോക്കൂ.
എത്ര ഭംഗിയായാണവൻ സ്വയം വരഞ്ഞിരിക്കുന്നത്.
അതായിരുന്നവന്റെ
അവസാനത്തെ സ്കൂൾ ദിനം.
അവനെങ്ങനെ
നവീകരിച്ച വായനശാലയും
അസംബ്ലി വരാന്തയും
പുതിയ പൂന്തോട്ടവും വരയ്ക്കും?
ഏഴാം ക്ലാസ്സിൽ
പടിയിറങ്ങിയവന്റെ പള്ളിക്കൂടവും
അച്ഛൻ പഠിച്ച സ്കൂളെന്നു
അഭിമാനം കൊണ്ട
‘എന്റെ വിദ്യാലയവും ‘
ഒന്നാകുന്നതെങ്ങനെ?
ഓർമകളുടെ കാറ്റുപിടിച്ച
കൈയിൽനിന്നാ പള്ളിക്കൂടം
അവൻ കുത്തിയ
കിണറ്റിലേക്കുകൂപ്പുകുത്തി.
കിണറ്റിനടിയിൽ നിന്ന്
” ഞാനിന്ന് കഞ്ഞി വാങ്ങിക്കൊള്ളാം
നിനക്ക് കാലു വയ്യല്ലോ
പൊതിച്ചോറ് നീയെടുത്തോ “
എന്നൊരലയൊലിയങ്ങനെ
അവന്റെ ശബ്ദത്തിൽ കിതച്ചു.
നമ്മുടെ സ്കൂളെത്ര മാറിയെന്നു
വെറുതെയിന്നവനോട്
സാഭിമാനം ഓർമകളയവിറക്കിയല്ലോ.
ജീവിതത്തോളം
മാറിയില്ലെന്നല്ലേയവന്റെ
കണ്ണുകൾ പാറ പൊട്ടിച്ചു
വെള്ളം കണ്ടു?