രചന : പി.ഹരികുമാർ ✍

സൂര്യനെ,
മർത്യമനസ്സിന്നിരുൾ വീണ കോണുകളിൽ
ഭദ്രദീപങ്ങൾ കൊളുത്തുന്ന സൂര്യനെ,
ഭൂമിദേവിയെ
ഓമനിച്ചനുദിനമുണർത്തുമായിരം
അഗുലീസ്പർശങ്ങളെ,
തൊട്ടാവാടിപ്പെണ്ണിനാവേശ
കർമ്മവീര്യം പകരുമാദിത്യനെ,
ജീവൽത്തുടിപ്പിന്നുൾവീര്യമാം
ഊർജ്ജ സ്രോതസിനെ,
വാക്കിന്റെ വടിവുകളെ
വിരൽതൊട്ടു കാട്ടുവാനെന്നും
തെളിയുമാദിമ വെട്ടത്തിനെ,
ഗ്രഹണം ഗ്രസിച്ചു.

നാട്ടുകാർ നമ്മളുറക്കം നടിച്ചു,
വാതായനങ്ങൾ പാടേയടച്ചു,
കരിങ്കൊടികൾ കീറിയ തുണികൊണ്ട് നമ്മൾ
വെളിച്ചം കടത്താതിരിക്കാൻ ശ്രമിച്ചു.
അരമുണ്ടു നനയുന്ന നിലയോളമരുവികളിൽ
നിലകൊണ്ടു നമ്മൾ തർപ്പണം ചെയ്തു.
അപശകുനമെന്നപോലന്തരീക്ഷത്തിൽ
തണുവിന്റെ നേരിയോരല വന്നുവീണു.
കലപിലകൾ പറയുന്ന പക്ഷീകുലങ്ങൾ
നാവനങ്ങീടാതുറഞ്ഞപോൽ നിന്നു.
തുമ്പികൾ തുള്ളിക്കളിക്കാൻ മറന്നു
അയവിറക്കീടാതെ മാടുകൾ നിന്നു.

ഗ്രഹണം വരുത്തിയതാരെന്ന് കേൾക്കണോ?
കതിരവനുദിച്ചാൽ വിളർത്തങ്ങു ദൂരെ
പടിഞ്ഞാറു നിൽക്കുമുഡുരാജനത്രേ.
സൂര്യൻ മറഞ്ഞാൽ പിൻവാതിലൂടെ
കള്ളച്ചിരിയുമായെത്തുന്ന ചന്ദ്രൻ,
സ്വന്തമായൊട്ടും വെളിച്ചമില്ലെന്നിട്ടും
സൂര്യനോടൊട്ടുമേ തണ്ടിയല്ലെന്നിട്ടും
നമ്മുടെ കണ്ണിലെ സൂര്യനെയെങ്ങനെ
പാടേ മറച്ച് ജയിച്ചൂ നിശാപതി?
മാദകലഹരിപ്രിയരാം നമ്മൾക്കമ്പിളിയോടല്ലോ
അടുപ്പമെല്ലായ്പ്പോഴും.

അക്ഷരം കാണുവാനുതകില്ലയെങ്കിലും
കുളിരുമ്പൊഴേകുവാൻ ചൂടില്ലയെങ്കിലും
തിങ്കളാണേവർക്കുമിഷ്ടതോഴൻ.
വെണ്ണിലാമദ്യമുതലാളിയാണയാൾ.
വീടുവീടാന്തരരമന്നും കൊതിക്കുന്ന വീഞ്ഞത്
വാസനസോപ്പിന്റെ സൗമ്യതയുണ്ടതിൽ
ഒട്ടും വിയർക്കില്ല വെണ്ണിലാച്ചോലയിൽ.

മാദകലഹരിയാണെങ്കിലുമതിനുള്ളിൽ,
കാളകൂടത്തിന്റെ നീലിമ കാണ്മൂ ഞാൻ.

“സൂര്യനേക്കാളെത്രയോ ചെറുതെങ്കിലും,
ഭൂമിയോട് അടുപ്പത്തിലുള്ള ചന്ദ്രന്
സൂര്യനോളം വലുപ്പമുണ്ടെന്ന് നമുക്ക് തോന്നുന്നു.”

പി.ഹരികുമാർ

By ivayana