നരേന്‍പുലാപ്പറ്റ ✍
നിറയെ കായ് ഫലമുള്ള പൂക്കളും തളിരുകളുമേറെയുള്ള സുന്ദരിയായ മരത്തിനോട് ഒരില പറഞ്ഞു
” പ്രിയ മരമേ…
എനിക്ക് നിന്നെ വിട്ട് പോകുവാന്‍ നേരമായെന്നു തോന്നുന്നു…
എന്‍റെ ഞരമ്പുകളെല്ലാം കരിഞ്ഞ് തുടങ്ങി എന്നിലെ നിറവും മാറിനരച്ചുണങ്ങികഴിഞ്ഞു ഒപ്പം ഞെട്ടിയും അറ്റു തുടങ്ങുന്നു ഇനി അധികനേരമില്ലാതെ ഞാന്‍ നിന്നെ വിട്ട് മണ്ണിലേക്ക് പൊഴിഞ്ഞടരും നാലുദിനം കൊണ്ട് ഞാന്‍ മണ്ണോടലിയും പിന്നെ എന്‍റെ ഓര്‍മ്മകള്‍ പോലും നിന്നിലുണ്ടായന്ന് വരില്ല എനിക്ക് നിന്നെ വിട്ട് പിരിയുന്നോര്‍ക്കുമ്പോള്‍ വേദനയുണ്ട്… ഇലപൊട്ടികരഞ്ഞ് കൊണ്ട് ചുണ്ട് വിടര്‍ത്തിപറഞ്ഞൂ.
അവസാനമായ് ഞാനൊന്ന് ചോദിച്ചോട്ടെ നിന്‍റെ ജിവശ്വാസം കൊണ്ടും നിന്നിലെ
പച്ചയും നനവും നിന്നിലെ കരുത്തും ഒരിക്കല്‍ക്കൂടി നല്‍കി എന്നെ നിന്നില്‍ തന്നെ നിലനിര്‍ത്തിക്കൂടെ നിന്‍റെ ഉയിരോട് ചേര്‍ത്തി നിന്‍റെ പ്രണയത്താലെന്നെ മരണത്തിലേക്ക് വിട്ട് കൊടുക്കാതിരുന്നൂടെ……
അവസാന ആശ്രയത്തിനായുള്ള അപേക്ഷപോലയുള്ള ഇലയുടെ ചോദ്യം കേട്ട് മരമൊന്ന് ചിരിച്ചു….
ആ ചിരി തന്നെ പരിഹസിച്ചുകൊണ്ടാണോ അതോ മരം സ്വയം നിന്ദിച്ച് ചിരിച്ചതാണോ എന്ന് ഇലക്ക് മനസ്സിലായില്ല.
മരം മെല്ലെയൊന്ന് ദീര്‍ഘനിശ്വോസംവിട്ടു പിന്നെ പറഞ്ഞൂ.
ഹേ ഇലയേ….
ഒരു നാള്‍ എല്ലാവര്‍ക്കും എല്ലാവരേയും വീട്ട് മണ്ണിലേക്ക് മടങ്ങണം അത് തടയാന്‍ ആര്‍ക്കുമാവില്ല എത്ര പ്രിയമുള്ളവരാണേലും അവരെ ഏറെ കാലം നമുക്കൊന്നും ചേര്‍ത്ത് പിടിക്കാനോ ചേര്‍ത്ത് നിര്‍ത്തുവാനോ കഴിയില്ല അതൊരു പ്രകൃതി നിയമാണ് പ്രപഞ്ച സത്യമൊണ്….
എന്നെ ശക്തിയുള്ളവനാക്കാനും എന്നെ നില നിര്‍ത്തുവനും എന്നെ തളിര്‍പ്പിക്കാനും പുഷ്പിക്കാനും കയ്ഫലം നല്‍കാനും മാത്രമാണ് എന്നിലേക്ക് വേരും ചില്ലകളും വല്ലികളും ഇലകളുമൊക്കെ ദൈവം വച്ച് തന്നത് കാലാകാലങ്ങളില്‍ പഴയവ എന്നില്‍ നിന്ന് അടര്‍ന്ന് പോവും അടുത്തവവരും നിന്നെ പോലെ അനേക ലക്ഷം ഇലകളാണ് ഒരോ കാലത്തിലും എന്നില്‍ വിടരുകയും പൊഴിയുകയും ചെയ്യുന്നത് എനിക്കവ ഇല്ലാതാക്കാനാവില്ല നിന്‍റെ ആവശ്യം എനിക്കിനിയില്ല.
അഥവാ നിന്നെ എന്‍റെ ശിഖരത്തില്‍ നിന്ന് അടര്‍ത്തികളയുമ്പോള്‍ ഇനി മറ്റൊരില എന്നില്‍ തളിര്‍ക്കുമോ എന്നൊന്നുമറിയില്ല ഒന്നോര്‍മ്മവക്കുക നീ ഞെട്ടറ്റു വീണാലും അതെന്‍റെ ചുവട്ടില്‍ തന്നെയാണ് നാളെ നീ മണ്ണിലലിഞ്ഞ് ചേരുമ്പോള്‍ അത് വളമായ് എന്നെ കൂടുതല്‍ ശക്തനാക്കാന്‍ കാരണമാവുന്നു
നീയെന്ന ഇല ജീവനോടുള്ളപ്പോഴും മരണപ്പെടുമ്പോഴും എനിക്ക് ഉപകാരപ്പെടുന്നു…എന്നില്‍ വരിഞ്ഞ് എന്നില്‍ നിന്നടര്‍ന്ന് എന്നിലേക്ക് തന്നെ ചേരുകയാണല്ലോ ചെയ്യുന്നത് അല്ലാതെ നീയെന്ന യഥാര്‍ത്തില്‍ വിട്ടുപിരിയുന്നുണ്ടോ..?
എന്തിനാണ് പിന്നെ നി വേദനിക്കുന്നത് ഇങ്ങനെ കരയുന്നത്….എത്രകരുത്തുണ്ടായാലും എത്ര സൗന്ദര്യമുണ്ടായാലും എത്ര കായ്ഫലം ഭൂമിക്ക് നല്‍കിയിലും നിന്നെപോലെ എനിക്കും ഒരു നാള്‍ മണ്ണില്‍ പതിക്കണം മണ്ണോട് ചേരണം അത് സത്യമായൊരു കാര്യമല്ലേ…ഞാന്‍ ദു;ഖിച്ചിട്ട് കാര്യമുണ്ടോ….എന്നിലേക്കാരൊക്കെ വരുന്നു കിളികളും പൂമ്പാറ്റകളും വണ്ടുകളും വസന്തവും ഗ്രീഷ്മവും വേനലും മഴയുമെല്ലൊം എന്നില്‍ വന്ന് സ്പര്‍ശിച്ചുപോവുന്നു അവരെയെല്ലാം ഞാന്‍ സ്നേഹിക്കുന്നുണ്ട് എന്നും പറഞ്ഞ് അവരെ പിരിയാതിരിക്കാനാവുമോ ഒരു നാള്‍…
നീ സങ്കടപ്പെടേണ്ട കുറച്ചുകാലം എന്നെ ആശ്രയിച്ച് എന്നെ സ്നേഹിച്ച് എന്നിലെ ചൂടും ചൂരും കരുത്തും അറിഞ്ഞ് ജീവിച്ചില്ലേ….
അത് പോരെ അങ്ങനയെ പറ്റൂ…ഒരു കാലം വരെമാത്രമേ നമുക്ക് മറ്റുള്ള വരില്‍ ജീവിക്കാന്‍ പറ്റു ഒരു പരുതിവരെ മാത്രമേ അവരുടെ സ്നേഹവും സൗന്ദര്യവും ആശ്രയവും നമ്മള്‍ക്ക് കിട്ടു…അത് കഴിഞ്ഞാല്‍ അവരായ് നമ്മളെ അകറ്റിവിടും അല്ലേല്‍ നമ്മളായിട്ട് അകന്ന് പോവും….എല്ലാ ബന്ധത്തിനും കുറച്ച് കാലമേ ആയുസ്സുള്ളു.. അത് പ്രപഞ്ച നിയമമാണ്….
നിനക്ക് യാത്രാമംഗളങ്ങള്‍
ഇനിയൊരു ജന്മമുണ്ടങ്കില്‍ അന്നെന്‍റെ ചില്ലക്ക് സൗന്ദര്യമേകാന്‍ നിനക്ക് ജനിക്കുവാനാകട്ടേ…
മരം അത്രയും വളരെ നിസാരമായി പറഞ്ഞ് കൊണ്ട് സ്വയം ചില്ലകളൊന്ന് ഉലച്ചു
അതിലെ വന്നൊരിളം കാറ്റ് മെല്ലെ വിതുമ്പികരയുന്ന ഇലയേയും കൊണ്ട് മണ്ണിലേക്കമര്‍ന്നു.
മരം അത് നോക്കി നിസംഗതനായി നിന്നു……
ആവശ്യം കഴിഞ്ഞ പാഴ് വസ്തുവായി ഇല ആ മരണകിടക്കയിലും മരത്തെ പ്രണയത്തോടെ ഏറെ മോഹത്തോടെ നോക്കികിടന്നു പിന്നെ മിഴികള്‍ മെല്ലെയടച്ചു…
ഇലയുടെ കരുവാളിച്ച കണ്ണുകളില്‍നിന്ന് രണ്ടിറ്റ് കണ്ണീര് മെല്ലെ പുറത്തേക്ക് ഉരുണ്ട് വീണൂ…..
NB
എല്ലാ ബന്ധത്തിന്‍റേയും അവസാനമിതാണ് നമ്മളെത്രമാത്രം അവര്‍ക്കുപകാരപ്പെട്ടവനായാലും അവര്‍ക്ക് നമ്മളേയോ നമ്മള്‍ക്കവരേയോ പിരിയാതിരിക്കാനാവില്ല.
എത്ര വലിയ ആത്മബന്ധമായാലും ഒരു നാള്‍ നമ്മളെ അവര്‍ അവരില്‍ നിന്ന് ഇറക്കിവിടുകതന്നെ ചെയ്യും.നമ്മളും അത്പോലെതന്നെയാണല്ലോ..