രചന : പള്ളിയിൽ മണികണ്ഠൻ ✍

അർദ്ധനിമീലിതഹൃദയവുമായി
നീപിടയുന്നൊരു നേരം
നിന്റെവിതുമ്പലിലെന്നുടെ മനവും
നിന്നോടൊപ്പം പിടയാൻ
പറയൂ പറയൂ പനിമതിയാളേ….
നീയെനിയ്ക്കാരായിരുന്നു.. ..
നീയെനിയ്ക്കാരായിരുന്നു.?
ശ്യാമനിശ്ശബ്ദനിശീഥിനിയാമെൻ
വേദനയൊപ്പാനായി
ശ്രാവണബിംബസ്മിതചാരുതത-
ന്നെന്നെ ചേർത്തുപിടിയ്ക്കാൻ…
പറയൂ പാലല പകരാൻ മാത്രം
ഞാൻ നിനക്കാരായിരുന്നു.. പ്രിയതേ
ഞാൻ നിനക്കാരായിരുന്നു.?
പേരറിയാത്തവികാരവുമായി
നാമിരുദിക്കിൽ നിൽക്കേ
നാമനുരാഗികളാണെന്നാരുടെ
ഭാവന പാരിലുണർന്നൂ…
പറയൂ പറയൂ പറയാതുള്ളിൽ നമ്മളൊതുക്കിയൊരിഷ്ടം… പ്രിയതേ
അനുരാഗമതുതന്നെയല്ലേ…

By ivayana