രചന : എസ്. ജോസഫ്‌✍

പലപ്പോഴും
വഴക്കുമൂലം ശരണക്കേട് തോന്നി
‘നോക്കിക്കോ ഞാനെന്റെ വീട്ടിലേക്ക് ഒറ്റ നട വച്ചു കൊടുക്കും’
എന്ന് തലേന്നു രാത്രി പറഞ്ഞപ്രകാരം
അമ്മ ചട്ടയും മുണ്ടുമെടുത്ത് വീടിറങ്ങി,
എന്നാൽ ചായന്തെങ്ങിനു താഴെയുള്ള കുത്തുകല്ലിൽ
അമ്മ ഇരുന്നു പോകും.
കുറേനേരം അങ്ങനെയിരുന്നിട്ട് തിരിച്ചു പോരാറുള്ള
അമ്മയോട്
‘പോക്കെടമില്ല അല്ലെ? ‘
ഞങ്ങൾ ആണ്മക്കൾ
കളിയാക്കി ചോദിക്കും
കൂകിച്ചിരിക്കും .
ഇന്ന് കവിയായിപ്പോയ ഞാനാണ് ആദ്യം കളിയാക്കിയത്.
പരസ്യമായ്റ്റ വഴക്കുകൾ ഇപ്പോൾ വീട്ടിലില്ല
എല്ലാം സൂചിപ്പിച്ച് നിർത്തുകയേഉള്ളൂ.
അമ്മ നടുക്കത്തെ ചാണകം മെഴുകിയ മുറിയിലും
തിണ്ണയിലും
പുറകുവശത്ത് വിറകടുക്കിവയ്ക്കുന്നിടത്തെ
സിമന്റ്കെട്ടിലുമൊക്കെ
ഇരുന്നും കിടന്നും നേരം കളയും
വൈകാതവർ ഒരുങ്ങിയിറങ്ങി
ഈ വീടും ലോകവും വിട്ടുപോകും എന്ന്
ചില നേരങ്ങളിൽ ഞാൻ സങ്കടപ്പെടാറുണ്ട്.
അച്ഛന്റെ ഭാഗത്തുനിന്നുകൊണ്ട്
അന്ന് അമ്മയെ കളിയാക്കാൻ പറഞ്ഞ
‘പോക്കെടമില്ല അല്ലെ’ എന്ന വാക്യമാണ്
ഞാൻ പ്രയോഗിച്ചിട്ടുള്ള ഏറ്റവും വലിയ ധ്വനി
എന്നു തോന്നുന്നു.,
കവിതയിലായാലും ജീവിതത്തിലായാലും…

(വക്കനാൽ)

By ivayana