രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍

ഇന്നലെ രാവില്‍ ഭോപ്പാലില്‍
ഉഗ്രവിഷക്കാറ്റൂതീ പോല്‍
ഒന്നല്ലായിരമിയ്യാംപാറ്റകളൊ-
ന്നായ് വീണു മരിച്ചൂ പോല്‍
ഇന്നലെ രാവില്‍ ഭോപ്പാലില്‍
ഗര്‍ഭശതങ്ങള്‍ കുരുത്തൂ പോല്‍
ഇന്നവയില്‍ കിങ്ങിണി കെട്ടിയ
കൊന്നപ്പൂക്കള്‍ കരിഞ്ഞൂ പോല്‍

ഇന്നലെയിന്നലെ ദില്ലിത്തെരുവിലൊ-
രമ്മ പിടഞ്ഞു മരിച്ചൂ പോല്‍
എണ്‍പതുകളിലെ ശോകാന്തികയില്‍
ചെമ്പരുത്തികള്‍ പൂത്തൂ പോല്‍
ഇന്നലെ രാത്രിയിലിരുളിന്‍ മറവില്‍
കങ്കാളങ്ങളിറങ്ങീ പോല്‍
കിന്നരര്‍ വാഴ്ത്തിയ യമുനാതീരം
പങ്കിലമാക്കി തീര്‍ത്തൂ പോല്‍

സ്വര്‍ണം തോല്‍ക്കും ഗോതമ്പം
വര്‍ണം തേടും പഞ്ചാബില്‍
പഞ്ചാസ്യന്മാര്‍ ഗര്‍ജ്ജിച്ചുള്ളോ-
രിന്ത്യക്കാരുടെ പഞ്ചാബില്‍
വെറുപ്പുകൊയ്യാന്‍ കൃപാണമൂരി
കറുപ്പുതിന്നും ഭീരുത്വം
താടി വളര്‍ത്തിയ മരണം പാകി
ചോരയില്‍ മുക്കിയ ഗോതമ്പം

പണ്ടേ വന്നവര്‍ ഇന്നലെ വന്നവര്‍
പണ്ടത്തേതാം പൈതൃകമുണ്ടവര്‍
പടപൊരുതുമ്പോള്‍ ബോധിമരത്തി-
ന്നടിയില്‍ ലങ്ക വിതുമ്പുന്നു
ബുദ്ധസ്മരണക്കഞ്ജലികൂപ്പും
തുമ്പപൂക്കള്‍ ചുവക്കുന്നു
ത്രികോണമലയിലൊരമ്പലമുറ്റം
നിണാഭമാകുന്നു

ജീവിതമാം വടവൃക്ഷത്തിന്‍
നീര്‍ ദാഹിക്കും വേരുകളില്‍
രാസവളങ്ങള്‍ കൂട്ടിയെടുത്തൊരു
ധാര നടത്തിയ ശാസ്ത്രജ്ഞന്‍
പുതിയൊരു തളിരിന്‍ നാണം കാണാന്‍
കൊതിപൂണ്ടരികെയിരിക്കുമ്പോള്‍
തെക്കൊരു പെണ്ണിന്നമ്മിഞ്ഞപ്പാല്‍
“എന്‍ഡ്രിന്‍” കൊണ്ടു നിറഞ്ഞൂ പോല്‍*

വിഷുചിയില്ല വസൂരിയില്ല
ഭിഷക്ക് പാടുന്നു
വിഷങ്ങള്‍ തിന്നിട്ടര്‍ബുദകോശം
പടര്‍ന്നു കേറുന്നു
സ്ഫടികക്കുഴലില്‍ ഭ്രൂണകണങ്ങള്‍
ത്രുടിച്ചു നില്‍ക്കുന്നു
മനസ്സുപൂക്കും പൂവനസീമകള്‍**
അകന്നു പോകുന്നു

ഏഴാംകടലിന്നക്കരെയുണ്ടൊരു
വെള്ളക്കൊട്ടാരം
കൊട്ടാരത്തിലെ ദേവനുണ്ടൊരു
ശസ്ത്രഭണ്ഡാരം
ആണവശസ്ത്രം കൈകളിലേന്തും
ദേവനു വാര്‍ദ്ധക്യം
ആകാശങ്ങളിലാസുരയുദ്ധം
പടര്‍ത്തുമൗത്സുക്യം

മരണം ക്ഷീണം മാറ്റാനായ്
ബേറൂത്ത് തെരുവിലിരുന്നു പോല്‍
മകനെക്കാണാതവിടെയൊരുമ്മ
ഹൃദയം നൊന്തു കരഞ്ഞു പോല്‍
മാത്സര്യത്തിന്‍ യന്ത്രത്തോക്കുകള്‍
ഇടവിട്ടിടവിട്ടലറീ പോല്‍
അതു കേ‍ട്ടവിടെ കൊച്ചുകിടാങ്ങള്‍
വിതുമ്പി വീണു മയങ്ങീ പോല്‍

നീലനദത്തിന്‍ ജന്മദേശം
നീരിനു കേഴുന്നു
വരണ്ട ഹൃദയം കീറിമുറിഞ്ഞി-
ട്ടത്ബര*** തേങ്ങുന്നു
വരള്‍ച്ചയില്‍പ്പെട്ടുഴലും ജീവന്‍
പട്ടിണി തിന്നുന്നു
മരിച്ച കണ്ണുകളാകാശത്തിന്‍
കനിവുകള്‍ തേടുന്നു

ലങ്കതന്നാതങ്കവുമിന്ത്യതന്‍ വ്യഥകളും
പങ്കിലസംഗ്രാമങ്ങള്‍ പങ്കിടും കാടത്തവും
സ്ഫടികക്കുപ്പിക്കുള്ളില്‍ പിടയും ഭ്രൂണങ്ങളും
തുടിക്കും ദുഃഖത്തിന്‍റെയമ്ലവും ക്ഷാമങ്ങളും
കലിയാം പെണ്ണിന്നക്ഷിവിക്ഷേപം, അതിലുതിരും
സ്ഫുലിംഗങ്ങളൊപ്പുന്നെന്നന്തര്‍ദാഹം

പൊതിരുപിടിച്ചോരെന്നന്തസ്സത്തയിലഗ്നി-
ക്കതിരും പേറി കണ്ഠം പൊട്ടി ഞാന്‍ വിളിക്കുന്നു
ഈ അപാരതയുടെയന്ത്യത്തിലേതോ രത്ന-
ഗോപുരങ്ങളില്‍ ചിരിച്ചരുളും മഹാദേവാ
ഈയഗാധമാം ഗര്‍ത്തഗര്‍ഭത്തില്‍ കരിഞ്ഞീടും
പൂവനങ്ങളെത്തിരിഞ്ഞൊന്നു നോക്കണേ വീണ്ടും

നക്ഷത്രം പൂക്കും നിന്‍റെയക്ഷയനിസ്സീമമാം
വക്ഷസ്സില്‍നിന്നും തൊടുത്തീടണേ ഞങ്ങള്‍ക്കുണ്ണാന്‍
ഒരു തേന്‍ കണം നിന്‍റെ കനിവിന്‍ മധുകണം
യുഗസംക്രമത്തിന്‍റെയൊരു പൊന്നോണം തീര്‍ക്കാന്‍

  • കോയമ്പത്തൂരില്‍ നിന്നുമുള്ള പത്രവാര്‍ത്ത – ഒരമ്മയുടെ മുലപ്പാലില്‍
    എന്‍ഡ്രിന്‍ കണ്ടത്രെ.
    ** ടെസ്റ്റ് ട്യൂബ് ബേബികളെ സൃഷ്ടിച്ച ശാസ്ത്രത്തിന് മനസ്സിനെപ്പറ്റി ഇനിയും അധികമൊന്നും അറിയില്ലത്രെ.
    *** നീല നൈലും അത്ബരയും എത്യോപ്യയില്‍ ഉത്ഭവിക്കുന്ന നൈലിന്‍റെ പോഷകനദികളാണ്.
    1985ല്‍ എഴുതിയ കവിതയാണിത്. ആ കാലഘട്ടത്തിലെ ദുരന്തങ്ങളും സംഭവങ്ങളുമാണ് അതിനാല്‍ ഇതിലെ പ്രതിപാദ്യവിഷയങ്ങള്‍. ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ദുരന്തം, ഇന്ദിരാഗാന്ധി വധം, അതേത്തുടര്‍ന്നുണ്ടായ സിഖ് കൂട്ടക്കൊല, പഞ്ചാബ് ഭീകരത, ശ്രീലങ്കയിലെ സിംഹള-തമിഴ് സ്പര്‍ധ, അമേരിക്കന്‍ രാഷ്ട്രപതി റീഗന്‍റെ നക്ഷത്രയുദ്ധ പദ്ധതികള്‍, ലെബനോണിലെ ആഭ്യന്തരയുദ്ധം, എത്യോപ്യയിലെ വരള്‍ച്ച, എന്നിവ.
മഠത്തിൽ രാജേന്ദ്രൻ നായർ

By ivayana