രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ്. ✍

മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പുരുഷ വിഭാഗം വാര്‍ഡിലെ 19 -)ം ബെഡ്ഡില്‍ അശോകന്‍ ചുരുണ്ടു കൂടികിടന്നു.കട്ടിലിന്‍റെ ഒരറ്റത്ത് ഭാര്യ സതി ഇരിക്കുന്നു .ഒരു നേഴ്സ് വന്നു പറഞ്ഞു ; കൂടെ നില്‍ക്കുന്നവര്‍ എല്ലാം പുറത്തേക്കു പോണം .ഡോക്ടര്‍ വരാന്‍ സമയമായി.

ഇന്നൊരു പുതിയ ഡോക്ടര്‍ കൂടി വരുന്നുണ്ട്.കൂട്ടുനില്‍പുകാര്‍ എല്ലാം പുറത്തേക്കു പോയി .കൂടെ സതിയും പോയി.
കുറച്ചു കഴിഞ്ഞു പുതിയ ഡോക്ടറും എല്ലാ ദിവസവും വരാറുള്ള ചെറി യ ഡോക്ടറും നേഴ്സും കൂടി വാര്‍ഡിലേക്കു വന്നു.ചെറിയ ഡോക്ടര്‍ അവിടെ ഹൗസ് സര്‍ജനായി പ്രക്ടീസ് ചെയ്യുന്ന കുട്ടിയാണ്.നല്ല കുലീനത്വവും സ്നേഹവും ഉള്ള ലേഡീഡോക്ടര്‍ ആണ്.ആ ഡോക്ടര്‍ കുട്ടിയെ കാണുമ്പോള്‍ അശോകനും സതിക്കും വല്യ സന്തോഷമാണ്….ഒരു മാലാഖയെ പോലെ …

എല്ലാ രോഗികളേയും
നല്ല സ്നേഹത്തോടെയും ക്ഷയോടെയും പരിശോധിക്കുകയും വിഷമങ്ങള്‍ ചോദിച്ചറിയുകയും ചെയ്യുന്ന നല്ലൊരു ഡോക്ടര്‍ .
പുതിയതായി വന്ന ഡോക്ടര്‍ക്ക് ഓരോ രോഗികളേയും പരിചയപ്പെടുത്തുകയും ചെയ്തു കൊണ്ട് ഒരു മലാഖയെപോലെ അവള്‍ നടക്കുന്നു.
അശോകന്‍ കിടന്നു കൊണ്ട് ഡോക്ടര്‍ വരുന്നതും നോക്കി കിടക്കുകയാണ് .പുതിയതായി വന്ന ഡോക്ടറുടെ മുഖം കണ്ടപ്പോള്‍ അശോകന്‍ ഒന്നു ഞെട്ടി .അടുത്തേക്കു വരും തോറും അശോകന് ശ്വാസം നിലച്ചു പോകും പോലെ തോന്നി…..
മിഥ്യയോ സത്യമോ…..
അതോ തനിക്കു തോന്നുന്നതോ…..
ദൈവമേ ഒരിക്കലും കാണരുതെന്നും ……എന്നാല്‍, കാണാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതുമായ മുഖം……

അമ്പത്തിനാലു വയസ്സോളം പ്രായം തോന്നുന്നു പുതിയ ഡോക്ടര്‍ക്ക്….
താന്‍ ഉദ്ദേശിച്ച ആളാണെങ്കില്‍….അന്നത്തെക്കാളും കുറച്ചു തടിവച്ചിട്ടുണ്ട്. ആരോഗ്യമുള്ള …ശരിരം …
ഡോക്ടര്‍ ഓരോ രോഗികളേയും പരിശോധിച്ചുകൊണ്ട് ഒരറ്റം മുതല്‍ വരികയാണ്….
രാവിലെ പത്തു മണിയേ ആയിട്ടുള്ളു….പുറത്ത് അപ്പോഴും നന്നായി മഴ പെയ്യുന്നുണ്ട്……
ഇതു പോലെ മഴ പെയ്ത ഒരു കര്‍ക്കിടകരാത്രി …
അശോകന്‍റെ മനസ്സില്‍ തെളിഞ്ഞു…….

ആ രാത്രി ….
തന്‍റെ ജീവിതം തന്നെ വഴി മാറി ഒഴുകിയ ആ രാത്രി…….
സതിയുടെ മൂന്നാമത്ത പ്രസവത്തിനായി അടുത്തുള്ള ഒരു മിഷന്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത ദിവസം…..
താന്‍ ലേബര്‍ റൂമിന്‍റെ മുന്നില്‍ ഒരു ബഞ്ചില്‍ ഇരിക്കുമ്പോള്‍ …. സതിയെ ലേബര്‍ റൂമില്‍ കയറ്റിയിരുന്നു….
അപ്പോള്‍ മൂന്നു സ്ത്രീകളും രണ്ടു പുരുഷന്മാരും ചേര്‍ന്നു ഒരു ഗര്‍ഭിണിയുമായി വന്നു.ഗര്‍ഭിണിയെ വീല്‍ ചെയറില്‍ ഇരുത്തി ഒരു അറ്റന്‍ഡര്‍ കൊണ്ടു വരുന്നു …
വന്ന ഉടനെ ഗര്‍ഭിണിയായാ സ്ത്രീയെ ലേബര്‍ റൂമില്‍ കയറ്റി .കൂടെയുണ്ടായിരുന്ന ചെറുപ്പക്കാരന്‍ തന്‍റെ അടുത്തു വന്നിരുന്നു….
പുറത്ത് മഴയ്കു ശക്തി കൂടിവരുന്നു…. ഈപ്രാവശ്യം കര്‍ക്കിടകപ്പെയ്ത്ത് നല്ല ശക്തിയായിട്ടാണ് …. രണ്ടു മാസമായി എന്തെങ്കിലും പണി കിട്ടിയിട്ട്…. കഴിഞ്ഞ മാസവും വീടിന്‍റെ വാടക കൊടുക്കുവാന്‍ കഴിഞ്ഞില്ല… ഇനി കടം ചോദിക്കാനും ആരുമില്ല…. അതിനിടയ്ക്ണ് സതിക്കു പ്രസവ സമയവും…. ഓര്‍ത്തിട്ടു ഒരു അന്തവും ഇല്ല….

അടുത്ത വീട്ടിലെ ശാരദേച്ചിയുടെ ഭര്‍ത്താവാണ് ഓട്ടോയില്‍ തങ്ങളെ ആശുപത്രിയില്‍ എത്തിച്ചു തന്നത്….. അഞ്ഞൂറു രൂപയും തന്‍റെ കയ്യില്‍ തന്നു…..
തന്‍റെ കുഞ്ഞുങ്ങള്‍ വീട്ടില്‍ ഒറ്റയ്ക്കാവും എന്നോര്‍ത്തപ്പോള്‍ ശാരദേച്ചി തന്നെയാണ് അവിടെ വന്നു കിടന്നോളാം എന്നു ധൈര്യം തന്നത്….. ഉറങ്ങിക്കിടക്കുന്ന മക്കളേയും കണ്ടാണ് പോന്നത് …..
ഒരു ബീഡി കിട്ടിയിരുന്നെങ്കില്‍ ….
അടുത്തിരുന്ന ചെറപ്പക്കാരനോടു ചോദിച്ചു …വലിക്കാന്‍ തരുമോ എന്ന് .അയാള്‍ വലിക്കില്ലെന്നു പറഞ്ഞു . ആകെ ഒരു ടെന്‍ഷന്‍……
നിശബ്ദമായ അന്തരീക്ഷം….. മണിക്കൂറുകള്‍ കടന്നു പോകുന്നൂ ….കുറച്ചു കഴിഞ്ഞു ആമനുഷ്യന്‍ ചോദിച്ചു ;

എപ്പോഴാണ് നിങ്ങള്‍ വന്നതെന്ന്…
ഒമ്പതു മണി കഴിഞ്ഞു കാണും എന്നു പറഞ്ഞു …
പിന്നെ അയാള്‍ സ്വയം പരിചയപ്പെടുത്തി.
ഞാന്‍ ഡോക്ടര്‍ നന്ദകുമാര്‍, മിലിട്ടറിയില്‍ ഡോക്ടര്‍ ആണ് .ലീവില്‍ വന്നിട്ട് രണ്ടാഴ്ചയായി. ഭാര്യ യുടെ പേര് നിമ്മി.ഇതു മൂന്നാമത്തെ തവണയാണ് ഗര്‍ഭിണിയാകുന്നത് . ആദ്യം രണ്ടു പ്രാവശ്യം അബോര്‍ഷനായി. ഈപ്രാവശ്യം ബഡ്റെസ്റ്റ് ടുത്താണ് ഇതുവരെ ആയത്. എട്ടര മാസം പൂര്‍ത്തിയായി .അപ്പോഴാണ് പെട്ടന്ന് പെയിന്‍ വന്നത് .നാളെ ഇവിടെ വന്ന് അഡ്മിറ്റാകാന്‍ ഇരുന്നതാണ് .
താന്‍ എല്ലാം മൂളിക്കേട്ടുകൊണ്ടിരുന്നു…..

അപ്പോഴെല്ലാം സതിയെ കുറിച്ചായിരുന്നു തന്‍റെ ചിന്ത…. അവള്‍ വല്ലാതെ ക്ഷിണിതയായിരുന്നു.. പതിവിലും വയര്‍ വലുതായിരുന്നു.ആശുപത്രിയില്‍ പോകുന്ന കാര്യം പറയുമ്പോള്‍ ഇപ്പോള്‍ ഒരു കുഴപ്പവും ഇല്ലല്ലോ എന്നു പറഞ്ഞ് തന്നെ ആശ്വസിപ്പിക്കും …
പുറത്ത് നല്ല മഴയാണ്…. ഇപ്പോഴും ……പെയ്തിറങ്ങിയ കര്‍ക്കിടകം …..ആര്‍ത്തലച്ചു പെയ്യുന്ന മഴ ,…..ആശുപത്രിയും പരിസരവും വെള്ളത്തില്‍ മുങ്ങുന്നത് പുറത്തെ അരണ്ട വെളിച്ചത്തില്‍ കാണാം….
പെയ്തൊഴിയുകയാണ് കര്‍ക്കിടകം …. നല്ല തണുപ്പും ഉണ്ട്…
ലേബര്‍ റൂമില്‍ നിന്നും ഒരു നേഴ്സ് വന്ന് നന്ദകുമാറിനെ വിളിച്ചു ,ഡോക്ടര്‍ വിളിക്കുന്നു എന്നു പറഞ്ഞു. നേഴ്സിനൊപ്പം അയാള്‍ അകത്തേക്കു പോയി.കൂടെവന്ന സ്ത്രീകള്‍ അവിടെ ബഞ്ചില്‍ ഇരുന്ന് ഉറങ്ങുകയാണ്.
സമയം പിന്നെയും കടന്നുപോയ്ക്കൊണ്ടിരിക്കുന്നു . കുറച്ചു കഴിഞ്ഞു ആ നേഴ്സ് വന്നു തന്നോട് പറഞ്ഞു സതി പ്രസവിച്ചു പെണ്‍കുട്ടിയാണ് .ഡോക്ടര്‍ വിളിക്കുന്നു എന്ന് ഒരു ഞെട്ടല്‍ ….ദൈവമേ എന്തിനാ ഡോക്ടര്‍ തന്നെ കാണണം എന്നു പറഞ്ഞത് ….തന്‍റെ സതി


ഒരു കണക്കിനു താന്‍ ഡോക്ടരുടെ മുന്നില്‍ ചെന്നു നിന്നു…. ഡോക്ടര്‍ എന്‍റെ സതിക്കെന്തെങ്കിലും…
ചോദിച്ചു തീരുന്നതിനു മുമ്പു ഡോക്ടര്‍ തന്നെ ഒരു കസേരയില്‍ പിടിച്ചിരുത്തി….
ഛേയ്…സതി സുഖമായിരിക്കുന്നു … എന്നു പറഞ്ഞു….
ഡോകര്‍ നന്ദകുമാര്‍ മേശയില്‍ കൈകള്‍ പിണച്ചു വച്ച് തലവച്ചിരുന്നു തേങ്ങുന്നു …
എന്താണ് കാരണം എന്നു ചോദിക്കുന്നതിനു മുമ്പേ ഡോകര്‍ സണ്ണി കാര്യം പറഞ്ഞു ….
ഡോക്ടര്‍ സണ്ണി കാര്യങ്ങള്‍ വശദമായി പറഞ്ഞു തുടങ്ങി….
ഡോക്ടര്‍ നന്ദകുമാര്‍ എന്‍റെ സുഹൃത്താണ്….അദ്ദേഹത്തിന്‍റെ ഭാര്യയുടെ മൂന്നാമത്തെ പ്രസവമാണ്….ഇത് പക്ഷേ…

കുഞ്ഞു മരിച്ചു പോയി. ഈ കാര്യം ഇദ്ദേഹത്തിന്‍റെ ഭാര്യ അറിഞ്ഞിട്ടില്ല…..
ഇതൊക്കെ തന്നോടെന്തിനാ പറയുന്നത് എന്ന് ചിന്തിച്ചുകൊണ്ടിരുന്നു ….
അപ്പോള്‍ ഡോകര്‍ സണ്ണി പറയുകയാണ് , അശോകന്‍ , നിങ്ങളുടെ ഭാര്യ പ്രസവിച്ചു രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ ……അതില്‍ ഒരുകുഞ്ഞിനെ ……
അതു കേട്ടപ്പോള്‍ ചാടിയെണീറ്റ തന്നെ ഡോക്ടര്‍ പിടിച്ചിരുത്തി…… രണ്ടു ഡോക്ടര്‍മാര്‍……തന്‍റെ മുമ്പില്‍ യാചനാപൂര്‍വ്വം നോക്കുന്നു…..
ഇല്ലാ…..താനൊരിക്കലും സമ്മതിക്കില്ല …..എത്ര കഷ്ടപ്പാടാണെങ്കിലും …..തന്‍റെയും സതിയുടേയും ജീവനാണു മക്കള്‍ ……ഇല്ലാ സമ്മതിക്കില്ലാ…..
തന്‍റെ മുമ്പില്‍ ഭാര്യയുടെ ജീവനു വേണ്ടി പൊട്ടിക്കരയുന്ന ഒരു ഭര്‍ത്താവ് …..
ഭൂമിയില്‍ പിറന്നു വീണിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത തന്‍റെ ജീവന്‍റെ ജീവനായ കുഞ്ഞുങ്ങള്‍ …………ദൈവമേ എന്തൊരു പരീക്ഷണം ….. നിസ്സഹായനും ദരിദ്രനുമായ എന്നെ ഇങ്ങനെ പരീക്ഷിക്കരുതേ…….യാചനയോടെ ദരിദ്രനും പാവപ്പെട്ടവനുമായ തൻെറ മറുപടിക്കായി രണ്ടു ഡോക്ടർമാർ.

കുറേ സമയം മൂന്നു പേരും നിശബ്ദനായിരുന്നു….നന്ദകുമാറിന്‍റെ തേങ്ങല്‍ നിശബ്ദതയെ ഇടക്കിടെ ഭഞ്ജിച്ചു കൊണ്ടിരുന്നു ……..
ഡോക്ടര്‍ സണ്ണി നേഴ്സിനോട് എന്തോ പറഞ്ഞു……..
നേഴ്സ് ഒരു തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കൊണ്ടുവന്നു നന്ദകുമാറിനെ കാണിച്ചു


അതു കണ്ടപ്പോള്‍…. നന്ദകുമാറിനൊപ്പം താനും കരഞ്ഞു പോയി……
ഡോക്ടര്‍ സണ്ണി പറഞ്ഞു…..
ആരും അറിഞ്ഞിട്ടില്ല നിമ്മി പ്രസവിച്ചതും കുഞ്ഞു മരിച്ചതും …….അശോകന്‍ കുറച്ചു ദയവു കാട്ടിയാല്‍……. ഒരു ജീവന്‍ രക്ഷിക്കാം …… നിമ്മിയുടെ ……. ഒരു കുടുംബവും …..
നിമിഷങ്ങള്‍ കടന്നുപോയി ….
ഡോക്ടര്‍ സണ്ണി പറഞ്ഞു,…
നോക്കു അശോകന്‍ , രണ്ടു പേരും നല്ല മയക്കത്തിലാണ് …..അവര്‍ ഉണരുവാന്‍ സമയമാകുന്നു…… ഉണര്‍ന്നാല്‍…. ഒരാള്‍ തന്‍റെ കുഞ്ഞു മരിച്ചതറിയുമ്പോള്‍ …..ഒന്നുകില്‍ ജീവന്‍ നഷ്ടമാകും…… ഇല്ലെങ്കില്‍ ആജീവനാന്തം തളര്‍ന്നു പോകും…..
കുറച്ചു കഴിഞ്ഞു …താന്‍ കസേരയില്‍ നിന്നും എണീറ്റു…..രണ്ടു ഡോക്ടര്‍ മാരും പ്രത്യാശയോടെ തന്നെ നോക്കുന്നു….ഒടുവില്‍ ഡോക്ടര്‍ നന്ദകുമാറിന്‍റെ കൈകള്‍ കൂട്ടിപ്പിടിച്ച് ……നിറകണ്ണുകളോടെ താന്‍ തലയാട്ടി……

തന്നെ ആലിംഗനം ചെയ്തുകൊണ്ട് ഡോക്ടര്‍ നന്ദകുമാര്‍ കണ്ണുതുടച്ചു……
അവസാനം ….പൊട്ടിക്കരഞ്ഞുകൊണ്ട് താന്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടു……
ഈ സമയം ഭൂമി പിളര്‍ന്നു പോയെങ്കില്‍ …..
സതിയുടെ മുഖം താന്‍ എങ്ങനെ നോക്കും….
അതു മാത്രമായിരുന്നു തന്‍റെ ചിന്ത.

തന്നെ കെട്ടിപ്പിടിച്ചു നന്ദകുമാര്‍ പറഞ്ഞു ജീവിതകാലം മുഴുവനും ഞാന്‍ അശോകനു കടപ്പെട്ടിരിക്കുന്നൂ…..നന്ദി പയുന്നില്ല അശോകന്‍…..
കുറച്ചു കഴിഞ്ഞു ഒരു താന്‍ പുറത്തേക്കു വന്നു.അപ്പോള്‍ ഒരു കുഞ്ഞിനെ നേഴ് കൊണ്ടുവന്നു തന്‍റെ കയ്യില്‍ തന്നു…നിറകണ്ണുകളോടെ താന്‍ ആ കുഞ്ഞിനെ മാറോടു ചേര്‍ത്തു …..

പിന്നെ ഒരു കുഞ്ഞുമായി നേഴ്സ് ആസ്ത്രീകളും നന്ദകുമാറും ഇരിക്കുന്നിടത്തേക്കു പോയി…..താന്‍ വിറയലോടെ അതു നോക്കി നിന്നു….
അവരുടെ ആഹ്ളാദം കണ്ടപ്പോള്‍ താൻ ഒന്നും മിണ്ടാനാവാതെ നിന്നുപോയി…..
അവരുടെ അടുത്തു ചെന്നു , കുഞ്ഞിനെ കണ്ടു…..ആ കുഞ്ഞുനെറ്റിയില്‍ ഒരുമ്മ നല്‍കി…. അതു കണ്ട് നന്ദകുമാര്‍ ആരുമറിയാതെ കണ്ണുകള്‍ തുടച്ചു….
അര മണിക്കൂര്‍ കൂടി കഴിഞ്ഞു രണ്ടു സ്ട്രക്ചറുകള്‍ പുറത്തേക്കു വന്നു .ഒന്നില്‍ തന്‍റെ സതിയും ,മറ്റൊന്നില്‍ …മിലിട്ടറി ഡോക്ടര്‍ നന്ദകുമാറിന്‍റെ ഭാര്യ നിമ്മിയും……
രണ്ടു മുറികളിലേക്കു സ്‌ട്രക്ച്ചറുകള്‍ നീങ്ങി ….

വാര്‍ഡിലെ കട്ടില്‍ പ്രതീക്ഷിച്ചു കുഞ്ഞനേയും പിടിച്ച നടന്ന താന്‍ പേവാര്‍ഡിന്‍റെ മുന്നില്‍ ആണ് നിന്നത് …..
അഞ്ചു ദിവസം കഴിഞ്ഞു …
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതും ഒരുമിച്ച്……
ആശുപത്രിയിലെ ബില്‍ അടച്ചതും നന്ദകുമാര്‍ തന്നെ ആയിരുന്നു ….
എല്ലാം ഒരു നിയോഗം പോലെ …….
ഒരു ടാക്സിയില്‍ താനും സതിയും ….
നന്ദകുമാര്‍ സ്വന്തം കാറില്‍……രണ്ടു പേരും…രണ്ടു വഴിക്ക്…..
ഒരു മാസം കഴിഞ്ഞു …ഒരു ദിവസം നന്ദകുമാര്‍ തന്നെ കാണാന്‍ വന്നു ഒരു കവര്‍ തനിക്കു തന്നു .അത്,അഞ്ചുസെന്‍റ് സ്ഥലത്തിന്‍റേയും ഒരു വീടിന്‍റേയും ആധാരം ആയിരുന്നു …. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും തന്നെ അതേല്പിച്ചാണ് നന്ദകുമാര്‍ മടങ്ങിയത്….

നിറകണ്ണുകളോടെ താന്‍ എല്ലാം സ്വീകരിച്ചു ….
ആരും ഒന്നും അറിഞ്ഞിട്ടില്ല…..ആകെ നാലുപേര്‍ ഒഴിച്ച് ……രണ്ടു ഡോക്ടര്‍ മാരും നേഴ്സും പിന്നെ താനും ….
കാലം കടന്നു പോയി മൂന്നു പെണ്‍മക്കളും സതിയും താനും…..തന്‍റെ ദാരിദ്രത്തിനു മാത്രം ഒരു കുറവുമില്ല …..രണ്ടാമത്തവള്‍ ഒരാളെ സ്നേഹിച്ചു വിവാഹം കഴിഞ്ഞു ….
മൂത്തമോളും സതിയും തൊഴിലുറപ്പു ജോലിക്കു പോകുന്നു. ഇളയ മോള്‍ ഒരു തയ്യല്‍ കമ്പനിയില്‍ പോകുന്നണ്ട് …താന്‍ ഒരു രോഗിയും….

”അച്ഛന്‍ ഉറക്കമാണോ….”
എന്നും കേള്‍ക്കാറുള്ള ആസ്വരം കേട്ട് അശോകന്‍ കണ്ണുതുറന്നു മുന്നില്‍ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ലേഡീ ഡോക്ടര്‍ .തന്നെ അച്ഛാ എന്നാണ് വിളിക്കുന്നത് ….
പുതിയ ഡോക്ടറെ പരിചപ്പെടത്തിക്കൊണ്ടു പറഞ്ഞു ,” ഇതു പുതിയതായി വന്ന ഡോകടറാണ് .എന്‍റെ അച്ഛനാണ്…..”
അശോകന്‍ ഒന്നു ഞെട്ടിപ്പോയി….
ഡോക്ടര്‍ക്ക് തന്നെ മനസ്സിലായില്ല എന്ന് അശോകനു മനസ്സിലായി.


അശോകന്‍ ഡോക്ടറുടെ കണ്ണുകളില്‍ നോക്കി കൊണ്ടു ചോദിച്ചു ,…
ഡോക്ടര്‍ നന്ദകുമാര്‍ അല്ലേ…. ആ സ്വരം കേട്ടപ്പോള്‍ തന്നെ ഡോക്ടര്‍ നന്ദകുമാര്‍ അശോകനെ കെട്ടിപ്പിടിച്ചു….
ഒന്നും മനസ്സിലാകാതെ നിന്ന ഡോക്ടര്‍ ദയ രണ്ടു പേരെയും മാറി മാറി നോക്കി……
നന്ദകുമാര്‍ മോളെ പരിചയപ്പെടുത്തി…..
”ഇത് …എന്‍റെ മോള്‍ ഡോക്ടര്‍ ദയാ നന്ദകുമാര്‍ …”
ആദ്യമായി കാണുന്നതു പോലെ….അശോകന്‍ അവളെ നോക്കി…..
ദൈവമേ എന്തൊരു പരീക്ഷണം ….തന്‍റെ കുഞ്ഞാണെന്നറിഞ്ഞിട്ടും ഒന്നു ചേര്‍ത്തു പിടിക്കാന്‍ ആവാതെ വിങ്ങുന്ന അച്ഛന്‍റെ മനസ്സ് …..
അശോന്‍ ഡോക്ടറുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി ….ഡോക്ടര്‍ അര്‍ത്ഥവത്തായി പതിയെ കണ്ണുകള്‍ അടച്ചു…..
അശോകനു സന്തോഷവും സങ്കടവും ഒരുമിച്ചു കണ്ണുകള്‍ നിറഞ്ഞൊഴുകി….
പെയ്തിറങ്ങിയ കര്‍ക്കിടകത്തിലെ പേമാരി പോലെ……

അല്‍ഫോന്‍സ മാര്‍ഗരറ്റ്.

By ivayana