രചന : രഘുനാഥൻ കണ്ടോത്ത്✍

വെള്ളച്ചുരുൾമുടി വിരിച്ചു വാനം
വള്ള്യൂർക്കാവിൽ കൊടിയേറി
ഉത്സവമായി വയനാടെങ്ങും
ഉത്സാഹത്തിൻ നാളുകളായ്!
ഓർമ്മകൾ ശാരദമേഘാവൃതമായ്
മനനം മഴയായ് പെയ്യുകയല്ലോ?
ചന്തകൾ വർണ്ണച്ചന്തംചാർത്തും‐
സന്ധ്യകൾ ദീപപ്രഭയാൽ മിന്നും
വർണ്ണബലൂണുകളൂതിപ്പലപല
കോലമൊരുക്കിക്കെട്ടിയ മാലകൾ
പീപ്പികൾ പാവകൾ ചെണ്ടകൾ കൊച്ചു
കളിപ്പാട്ടങ്ങൾ നിറയും കടകൾ
കിണ്ണംകിണ്ടിയുമുരുളിവിളക്കും
മണ്ണിൽപ്പണിയാൻ കൈക്കോട്ടുകളും
ചട്ടിചെരാത് കലങ്ങൾ പിന്നെ
ചക്കപുഴുങ്ങാൻ കച്ചട്ടികളും
ഹൽവകൾ മധുരപ്പാവിലൊരുക്കിയ
പലഹാരങ്ങൾ പൊരികടലകളും
മുറുക്കുചക്കരനാലുംകൂട്ടി‐
മുറുക്കിച്ചുവന്ന ചുണ്ടുകളെങ്ങും!
യൗവ്വനമൂതിനിറച്ചബലൂണുകൾ
കൗതുകമായിച്ചിതറിക്കാൺകെ
കുറുമക്കുട്ടന്മാരൊരുകൂട്ടം
കുറുമാട്ടികളുടെ ഹൃദയസരസ്സിൽ
കണ്ണേറുകളിൻ പൂവമ്പെയ്കെ
ബൊമ്മനഹള്ളിക്കാരിയൊരുത്തി
ബൊമ്മി നാമം കുറുമാട്ടി
കരിവീട്ടിത്തടിതന്നുടെ കാതൽ
കടഞ്ഞൊരുക്കിയ മോഹിനിയായി
നീരിൽക്കുതിർന്ന തീക്കനലഴകായ്
നീലാംബരിയാം കുറുമാട്ടി
ദുമ്മനഹട്ടിക്കാരൻ തമ്മനു
പ്രേമപ്പനിയായുറഞ്ഞു തുള്ളി
വളയുംപിന്നുംചാന്തുംപൊട്ടും
കമ്മലുപലവിധമണിയിച്ചവളെ
കൊട്ടുകൾ കുരവകൾ കോത്തർവാദ്യം
ചെണ്ടകൾ തായമ്പകയും മുറുകേ
ദിക്കുകളെട്ടും ഞെട്ടും കതിനാ
വെടിവഴിപാടും പാട്ടും കേൾക്കേ,
നവമിഥുനങ്ങൾ പുണർന്നു നീങ്ങി
ഭഗവതിമൗനസ്മിതവും തൂകി
പൂമഴചാറിക്കാപ്പിച്ചെടികൾ
പൂത്തുമണക്കും കാട്ടിൽ മേട്ടിൽ,
ഫലമൂലാദികള്‍ തേടിയിറങ്ങി കാമന കള്ളച്ചൂതു കളിക്കെ,
വള്ളികള്‍ചുറ്റിപ്പുണരും കുടിലില്‍ പൂമ്പൊടി പറ്റി പുതുനാമ്പുയിര്‍ കൊള്‍കെ,
ഭഗവതി കള്ളക്കണ്ണാല്‍ കാക്കും കനിയും കനിവും….!

രഘുനാഥൻ കണ്ടോത്ത്

By ivayana