രചന : മാത്യു വർഗീസ്✍

ഗായ്പാലക് ക്രിസ്റ്റി
എന്ന ഞാൻ ഇന്നലെ
ഡൽഹീലൊരിടത്തു
വച്ച് നിരുപധികം
ആത്മഹത്യ ചെയ്തു?!

അതിനു വേണ്ടി ഞാൻ
ഉപയോഗിച്ച ഇന്നിന്റെ
ഏറെ പ്രാധാന്യമുള്ള ടൂൾ.
പശു മാംസമെന്നതിന്റെ
ഹിന്ദിവാക്കോടൊപ്പം
വിരാമ ചിഹ്നമില്ലാതെ …

കഴിച്ചു, അഥവാ
തിന്നു എന്നതിനുള്ള
‘ഖായാ’….കൂടിചേർത്ത്
ഉച്ചത്തിൽ തെരുവിൽ
വച്ച്, തെല്ലുറക്കെ
വിളിച്ച്പറഞ്ഞതാണ്….

ഒരു പറ്റം ആളുകൾ.
ഓടിക്കൂടി തല്ലിക്കൊന്നു.
എന്നതിനേക്കാൾ…,
ഇങ്ങനെ ആത്മഹത്യ
ചെയ്തു എന്നതിൽ
മേല്പടിയാൻ, ഞാൻ
അഭിമാനിക്കുന്നു

ഇഷ്ടം പോലെ
വേദനയും, നീറ്റലും
പരാക്രമം ഇവയൊ-
ക്കെ ഒടുവിലൊടുവിൽ
കിട്ടുന്നമഹാസൗഭാഗ്യം
ചെറുതൊന്നുമല്ല!!

ഇഷ്ടഭക്ഷണം
സ്വാദോടെ, ചാറോടെ
പറത്തിപരത്തിയ
ചുരുണ്ടു കിടന്ന്
ഇരുപുറം ചുടുകല്ലിൽ
നൊന്തു വെന്ത….

പൊറോട്ടയ്ക്കൊപ്പം
തിന്നുന്നത് ക്രിമിനൽ
കുറ്റം ആയിട്ടുള്ള
എവിടെയും ഇത്തരം
ആത്മഹത്യകളിപ്പോൾ
സജീവമാണ് സർവ്വ
സധാരണവുമാണ്

എന്നെയും
കുറ്റം പറയാനാവില്ല!
അധികാരങ്ങൾ
അടയാളപ്പെടുത്തുന്ന
ശരി/തെറ്റുകൾ എന്റെ
കൊതിക്കെറുവിനെ
ഇല്ലായ്മ ചെയ്തില്ല
ഇതുവരെയും.

രചന : മാത്യു വർഗീസ്

By ivayana